Image

ജുഡീഷ്യറിയുടെ വിശ്വാസ്യത : ഗുരുതര ആരോപണവുമായി ജസ്റ്റിസ്‌ ചെലമേശ്വര്‍

Published on 23 June, 2018
 ജുഡീഷ്യറിയുടെ വിശ്വാസ്യത : ഗുരുതര ആരോപണവുമായി ജസ്റ്റിസ്‌ ചെലമേശ്വര്‍


ജുഡീഷ്യറിയുടെ വിശ്വാസ്യത സംബന്ധിച്ച്‌ ഗുരുതര ആരോപണങ്ങളുമായി സുപ്രീം കോടതിയില്‍ നിന്ന്‌ വിരമിച്ച ജസ്റ്റിസ്‌ ചെലമേശ്വര്‍ രംഗത്ത്‌. ഇന്ത്യയിലെ ഉന്നത ജുഡീഷ്യറിയില്‍ അഴിമതിയുണ്ടെന്ന്‌ ജസ്റ്റിസ്‌ ചെലമേശ്വര്‍ പറഞ്ഞു.

ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ സ്വതന്ത്ര ജുഡീഷ്യറി ആവശ്യമാണ്‌. രാജ്യത്തെ ജനാധിപത്യത്തിന്‌ ഇപ്പോള്‍ അത്തരം ഒരു ഭീഷണിയുണ്ടെന്ന്‌ ജസ്റ്റിസ്‌ ചെലമേശ്വര്‍ പറഞ്ഞു. സുപ്രീം കോടതിയില്‍ നിന്നും വിരമിച്ച ശേഷം മാധ്യമങ്ങള്‍ക്ക്‌ നല്‍കിയ അഭിമുഖത്തിലായിരുന്നു ജസ്റ്റിസ്‌ ചെലമേശ്വര്‍ ഇക്കാര്യം പറഞ്ഞത്‌.

സുപ്രീം കോടതിക്കുള്ളിലെ ബന്ധു നിയമനങ്ങള്‍ പലതും അഴിമതിക്ക്‌ കാരണമാകുന്നുണ്ട്‌. അഭിഭാഷകര്‍ക്ക്‌ അധികകാലം ബെഞ്ചിലെ ബന്ധുബലംകൊണ്ട്‌ മുന്നോട്ട്‌ പോകാന്‍ സാധിക്കുകയില്ല. ചുരുങ്ങിയ കാലത്തേക്ക്‌ ചില നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ സാധിക്കുമെന്ന്‌ മാത്രം. ജസ്റ്റിസുമാരുടെ മക്കളായ ചില അഭിഭാഷകര്‍ ഇതു കൊണ്ട്‌ ചുരുങ്ങിയ കാലത്തേക്ക്‌ പ്രയോജനം നേടുന്നുണ്ട്‌. ഇതു ജസ്റ്റിസുമാരുടെ മക്കളായ അഭിഭാഷകരുടെ ആദായനികുതി റിട്ടേണ്‍ പരിശോധിച്ചാല്‍ മനസിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ആരോപണങ്ങള്‍ സത്യമായിരിക്കുകയല്ല. പക്ഷേ സത്യം മനസിലാക്കണമെങ്കില്‍ നിക്ഷ്‌പക്ഷമായ അന്വേഷണം ആവശ്യമാണ്‌. അന്വേഷണത്തിലൂടെ മാത്രമേ ജുഡീഷ്യറിയുടെ വിശ്വാസ്യത വര്‍ധിപ്പിക്കാന്‍ സാധിക്കൂ. അല്ലാതെ ആരോപണങ്ങള്‍ മറച്ച്‌ വയ്‌ക്കാന്‍ ശ്രമിച്ചാല്‍ വിപരീതഫലമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക