Image

കോവളത്തെ കൊലപാതകം: സര്‍ക്കാരിനെതിരേ വിദേശ വനിതയുടെ സുഹൃത്ത്‌

Published on 23 June, 2018
കോവളത്തെ കൊലപാതകം: സര്‍ക്കാരിനെതിരേ വിദേശ വനിതയുടെ സുഹൃത്ത്‌


തിരുവനന്തപുരം: കോവളത്ത്‌ വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കേസ്‌ അവസാനിപ്പിക്കുന്നതിനാണ്‌ പോലീസിന്‌ താത്‌പര്യമെന്നും വിദേശ വനിതയുടെ സുഹൃത്ത്‌ ആന്‍ഡ്രൂസ്‌. തിരുവനന്തപുരത്ത്‌ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്‌ അദ്ദേഹം ഇക്കാര്യം ആരോപിച്ചത്‌. കേസിലെ ദുരൂഹതകള്‍ മാറ്റാന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്ക്‌ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

കോടതി ഉത്തരവുണ്ടായിട്ടും മൃതദേഹം ദഹിപ്പിച്ചതിലും സംശയമുണ്ട്‌. സംസ്‌കാര ചടങ്ങുകള്‍ സര്‍ക്കാര്‍ ഹൈജാക്ക്‌ ചെയ്‌തു. ഡിവൈഎസ്‌പിയും ഐജിയും മൃതദേഹം സംസ്‌കരിക്കുന്ന സ്ഥലത്ത്‌ എത്തിയതിലും സംശയമുണ്ട്‌. മരണത്തിലെ ദുരൂഹതയും സാമൂഹ്യ പ്രശ്‌നജങ്ങളും പ്രമേയമാക്കി സിനിമ തയ്യാറാക്കുമെന്നും വിഷയം അന്താരാഷ്ട്ര ഫോറങ്ങളില്‍ ഉന്നയിക്കുമെന്നും ആന്‍ഡ്രൂസ്‌ പറയുന്നു. രാജ്യം വിടാന്‍ തനിക്ക്‌ മേല്‍ സമ്മര്‍ദ്ദമുണ്ടായെന്നും കൊലപാതകം നടന്നതിന്‌ ശേഷം നടന്നതെല്ലാം ടൂറിസം വകുപ്പ്‌ ആസൂത്രണം ചെയ്‌തതാണെന്നും അദ്ദേഹം ആരോപിച്ചു.

കേസൊതുക്കി തീര്‍ക്കാന്‍ ടൂറിസം വകുപ്പിന്റെ ഭാഗത്തുനിന്ന്‌ ശ്രമമുണ്ടായി. കുറച്ച്‌ പണവും കൊടുത്ത്‌ തന്റെ സുഹൃത്തിന്റെ സഹോദരിയെ പറഞ്ഞയച്ചു. കേസുമായി ബന്ധപ്പെട്ട വിവരങ്ങളൊക്കെ അറിഞ്ഞത്‌ മാധ്യമങ്ങളില്‍ നിന്നാണ്‌. പോലീസ്‌ ഒരുകാര്യവും തങ്ങളുമായി പങ്കുവെക്കാന്‍ തയ്യാറായില്ലെന്നും ആന്‍ഡ്രൂസ്‌ ആരോപിക്കുന്നു. തങ്ങളെ സഹായിക്കാന്‍ ശ്രമിച്ചവരെ അപമാനിക്കാന്‍ ശ്രമമുണ്ടായി. കേസന്വേഷണം നടത്തുന്ന സംഘത്തിന്‌ മേല്‍ പുറത്തുനിന്നുള്ള സമ്മര്‍ദ്ദമുണ്ടെന്ന്‌ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ അറസ്റ്റിലായവര്‍ക്ക്‌ ഇംഗ്ലീഷ്‌ നന്നായി സംസാരിക്കാന്‍ അറിയില്ല. ഇത്തരത്തിലുള്ളവരുടെ കൂടെ തന്റെ സുഹൃത്ത്‌ പോയെന്നത്‌ വിശ്വസിക്കാനാകില്ലെന്നും ആന്‍ഡ്രൂസ്‌ പറയുന്നു. മാത്രമല്ല മാനസികാസ്വാസ്ഥ്യം ഉള്ളതിനാല്‍ മറ്റുള്ളവരേപ്പോലെ ആളുകളുമായി ഇടപഴകാറുമില്ല. പ്രത്യേകിച്ച്‌ പരിചയമില്ലാത്തവരുമായി. അതിനാല്‍ അവളെ ആരൊക്കെയോ തട്ടിക്കൊണ്ടുപോയതാണെന്നു വിശ്വസിക്കുന്നുവെന്നും ആന്‍ഡ്രൂസ്‌ പറയുന്നു.

വിദേശ വനിതയെ കാണാതായതിന്‌ തൊട്ടടുത്ത്‌ തന്നെയാണ്‌ മൃതദേഹം കണ്ടെത്തിയത്‌. 15 ദിവസത്തോളം മൃതദേഹത്തിന്‌ പഴക്കമുണ്ടായിരുന്നു. അതിനാല്‍ മറ്റെവിടെയോ തടവിലായിരുന്നുവെന്നും ആന്‍ഡ്രൂസ്‌ ആരോപിക്കുന്നു. കേസന്വേഷണത്തിലും പോലീസ്‌ പറയുന്നതിലും ഒരുപാട്‌ ദുരൂഹതകളുണ്ടെന്നും അതിനാലാണ്‌ താന്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും ആന്‍ഡ്രൂസ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക