Image

തെരഞ്ഞെടുപ്പ്‌ രാഷ്ട്രീയത്തിലേക്ക്‌ ഒരിക്കലുമില്ല; ജസ്റ്റിസ്‌ ജെ.ചെലമേശ്വര്‍

Published on 23 June, 2018
തെരഞ്ഞെടുപ്പ്‌ രാഷ്ട്രീയത്തിലേക്ക്‌ ഒരിക്കലുമില്ല; ജസ്റ്റിസ്‌ ജെ.ചെലമേശ്വര്‍


ന്യൂദല്‍ഹി: വിരമിക്കല്‍ ദിവസം ഭാവി പരിപാടികളെക്കുറിച്ച്‌ തീരുമാനങ്ങളുമായി ജസ്റ്റിസ്‌ ജെ. ചെലമേശ്വര്‍. തെരഞ്ഞെടുപ്പ്‌ രാഷ്ട്രീയത്തിലേക്ക്‌ ഒരിക്കലും കടന്നുവരില്ലയെന്ന്‌ ഉറപ്പിച്ചു പറഞ്ഞ അദ്ദേഹം സര്‍ക്കാരിന്റെ കീഴില്‍ വരുന്ന ഒരു ജോലിയിലും താല്‍പര്യമില്ലെന്നും തുറന്നുപറഞ്ഞു.

`വിരമിക്കലിനു ശേഷം തെരഞ്ഞെടുപ്പ്‌ രാഷ്ട്രീയത്തിലേക്ക്‌ കടന്നുവരാന്‍ താല്‍പര്യമില്ല. ഒരിക്കലും സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയുമില്ല.' ചെലമേശ്വര്‍ പറഞ്ഞു. രാഷ്ട്രീയത്തെ താത്വികമായി അവലോകനം ചെയ്യാനാണ്‌ ആഗ്രഹിക്കുന്നത്‌. രാഷ്ട്രീയരംഗത്തെ നിരീക്ഷിക്കാനും അതു സംബന്ധിച്ച തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയുവാനുമാണ്‌ കൂടുതല്‍ താല്‍പര്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിരമിച്ചതിനു ശേഷം സര്‍ക്കാരിന്റെ കീഴിലുള്ള ഒരു സ്ഥാനത്തിലും പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന വിഷയങ്ങളെയും നിയമവ്യവസ്ഥയെയും സംബന്ധിച്ച്‌ രണ്ട്‌ പുസ്‌തകങ്ങള്‍ എഴുതുമെന്നും അദ്ദേഹം പറഞ്ഞു.

തുടക്കം മുതല്‍ അനീതിക്കെതിരെ ശക്തമായ നിലപാടുകളെടുക്കുന്നതിലൂടെ ശ്രദ്ധേയനായ ജസ്റ്റിസ്‌ ചെലമേശ്വര്‍ ഇന്നലെയാണ്‌ സുപ്രീം കോടതി ജസ്റ്റിസായി വിരമിച്ചത്‌. ജുഡീഷ്യറിയിലെ അഴിമതിക്കും നിയമവ്യവസ്ഥയിലെ പോരായ്‌മകള്‍ക്കുമെതിരെ തുറന്ന പോരാട്ടത്തിലായിരുന്നു എന്നും അദ്ദേഹം.

ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടത്‌ ജനാധിപത്യത്തിന്റെ നിലനില്‍പ്പിന്‌ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ്‌ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ ദീപക്‌ മിശ്രയ്‌ക്കെതിരെ താനുള്‍പ്പെടെ നാലു ജഡ്‌ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തിയതെന്നും അതില്‍ എന്തെങ്കിലും തെറ്റുള്ളതായി തോന്നുന്നില്ലെന്നും ചെലമേശ്വേര്‍ പറഞ്ഞു.

പടിയിറങ്ങുന്ന ദിവസവും പതറാത്ത നിലപാടുകളുമായായിരുന്നു അദ്ദേഹം മാധ്യമങ്ങളെ കണ്ടത്‌. ബന്ധുബലംകൊണ്ട്‌ കോടതി ബെഞ്ചുകള്‍ നിയന്ത്രിക്കുന്ന ജഡ്‌ജിമാര്‍ക്കെതിരെ തുറന്നടിച്ച അദ്ദേഹം, ഇത്തരക്കാര്‍ക്ക്‌ അധിക കാലത്തേക്ക്‌ പിടിച്ചുനില്‍ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ദിവസത്തേക്ക്‌ ഒരു കോടി വാങ്ങുന്ന വക്കീലുമാര്‍ താന്‍ എടുത്ത നിലപാടുകള്‍ക്ക്‌ എതിരായിരുന്നെന്നും അദ്ദേഹം പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക