Image

അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് ചുമതലയേറ്റു

Published on 23 June, 2018
അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് ചുമതലയേറ്റു
കൊച്ചി: എറണാകുളംഅങ്കമാലി അതിരൂപതയ്ക്ക് അടുത്തകാലത്തുണ്ടായ പേരുദോഷം മാറ്റുകയാണ് തന്റെ ദൗത്യമെന്ന് പുതുതായി ചുമതലയേറ്റ അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത്. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ നടന്ന ചടങ്ങില്‍ സ്ഥാനമേറ്റെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് ജബ്ബത്തിസ്ത ദിക്വാത്രോയും സംബന്ധിച്ചു.

വത്തിക്കാനില്‍ നിന്നുള്ള നേരിട്ടുള്ള നിയമനം വഴിയാണ് ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് അപ്പോസ്തലിക് അഡ്മിസ്‌ട്രേറ്ററായത്. അതിരൂപതയുടെ പ്രതിസന്ധി ഘട്ടത്തില്‍ അഡ്മിസ്‌ട്രേറ്ററാകുന്ന തനിയ്ക്ക് വലിയ ദൗത്യമാണ് നിര്‍വഹിക്കാനുള്ളതെന്ന് ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് പറഞ്ഞു. അതിരൂപതയ്ക്ക് പൂര്‍വികര്‍ സമ്പാദിച്ചുതന്ന സല്‍പേര് അടുത്ത കാലത്ത് നഷ്ടമായി. അത് തിരിച്ചുപിടിക്കുകയെന്ന ദൗത്യമാണ് എനിക്കുള്ളത്. അതിന് എല്ലാവരുടെയും സഹായസഹകരണങ്ങള്‍ ആവശ്യമാണ്' ബിഷപ്പ് മനത്തോടത്ത് പറഞ്ഞു. 

താന്‍ അഡ്മിനിസ്‌ട്രേറ്ററാകുന്ന വിവരം അറിഞ്ഞ് വലിയ പിന്തുണയാണ് പിതാക്കന്‍മാരും സഭാവിശ്വാസികളും നല്‍കുന്നതെന്നും അതില്‍ അതിയായ കൃതജ്ഞതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഡ്മിനിസ്‌ട്രേറ്റര്‍ നിയമനത്തിനു മുമ്പ് വത്തിക്കാനില്‍ നിന്നും തന്നോട് ആലോചിച്ചിരുന്നില്ലെന്നും നിയമന ഉത്തരവ് അറിയിച്ചപ്പോള്‍ സ്വീകരിക്കുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ പാലക്കാട് രൂപതാ മെത്രാനായ മാര്‍ ജേക്കബ് മനത്തോടത്ത് ആ സ്ഥാനത്തും തുടരും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക