Image

എനിക്കും നന്ദിയുണ്ട്....

Published on 23 June, 2018
എനിക്കും നന്ദിയുണ്ട്....
സാധാരണ തെരെഞ്ഞെടുപ്പില്‍ വിജയിക്കുന്നവരാണ് സന്തോഷിക്കുന്നത് .. പക്ഷെ പരാജയപ്പെട്ട ഞാനും സന്തോഷിക്കുകയാണ്..
എല്ലാവരും പാനലുകളുടെ പിന്‍ബലത്തോടെ മത്സരിച്ച ഒരു തെരെഞ്ഞെടുപ്പില്‍ തികച്ചും സ്വതന്ത്രനായി മത്സരിക്കുവാന്‍ ഞാന്‍ തയ്യാറായപ്പോള്‍ അതിനിശിതമായി വിമര്‍ശിച്ചു മുന്നോട്ടു വന്ന ഒട്ടേറെപ്പേര്‍ ഉണ്ട് .. പലരും എന്റെ സുഹൃത്തുക്കള്‍ എന്ന് പറയുന്നവര്‍ തന്നെ ആണ് .. പക്ഷെ ഞാന്‍ എന്റെ നയം ആദ്യം തന്നെ വ്യക്തമാക്കി .. ഒരു പാനലിന്റെ ഭാഗമായി മാറി സൗഹൃദങ്ങളില്‍ പോറല്‍ ഏല്പിക്കുവാന്‍ ഞാന്‍ ആഗ്രഹിച്ചില്ല .. പാനലിന്റെ ഔദാര്യത്തില്‍ അല്ലാതെ എന്റെ വ്യക്തിപരമായ കഴിവുകളില്‍ വിശ്വാസമുള്ളവര്‍ അവര്‍ക്ക് താല്‍പ്പര്യം ഉണ്ടെങ്കില്‍ എന്നെ തെരെഞ്ഞെടുക്കട്ടെ , ഇങ്ങനെ പരസ്യമായി പറഞ്ഞു കൊണ്ട് തെരെഞ്ഞെടുപ്പില്‍ മത്സരിക്കുവാനുള്ള തന്റേടം ആണ് ഞാന്‍ കാണിച്ചത്..

 എന്നെ പൂര്‍ണ മനസ്സോടെ സ്‌നേഹിച്ചവര്‍ എനിക്ക് വോട്ടു ചെയ്തു .. ഞാന്‍ അതില്‍ ഏറെ സന്തോഷിക്കുന്നു, അഭിമാനിക്കുന്നു ..
പാനലില്‍ അല്ലാത്തത് കൊണ്ടു ഞാന്‍ ജയിക്കില്ല എന്നു പ്രചരിപ്പിച്ചു എനിക്ക് കിട്ടേണ്ട വോട്ടുകള്‍ തിരിച്ചു വിടാനുള്ള ചിലരുടെ ഹീനമായ ശ്രമങ്ങള്‍ കുറെയെങ്കിലും എന്റെ വിജയ സാധ്യത ഇല്ലാതാക്കിയെന്ന് ഞാന്‍ മനസ്സിലാക്കുന്നു .. എന്തായിരുന്നു അവരുടെ ചേതോവികാരം എന്ന് എനിക്കറിയില്ല.. എല്ലാ പ്രതിബന്ധങ്ങളിലും എനിക്ക് വേണ്ടി ഉറച്ചു നിന്നു എനിക്ക് വേണ്ടി വോട്ടു ചെയ്തവര്‍ മാത്രമല്ല, എന്റെ വിജയത്തിനായി മുന്നിലും പിന്നിലും സജീവമായി പ്രവര്‍ത്തിച്ച നൂറുകണക്കിന് സുഹൃത്തുക്കള്‍ ഉണ്ട് ..

നാട്ടില്‍ സാമൂഹ്യ സാഹിത്യ കലാ രംഗങ്ങളില്‍ സജീവമായ ഒട്ടേറെ പ്രിയപ്പെട്ടവര്‍ എനിക്ക് വിജയാശംസകളുമായി മുന്നോട്ടു വന്നു .. രാത്രിയും പകലുമെന്നില്ലാതെ എന്റെ തെരെഞ്ഞെടുപ്പ് ഫലമറിയാന്‍ അവര്‍ കാത്തിരുന്നു . അവരുടെയെല്ലാം ആത്മാര്‍ത്ഥ സൗഹൃദം ഈ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ആരെക്കാളും ഞാന്‍ പിന്നിലല്ല എന്ന ആത്മവിശ്വാസം എനിക്ക് നല്‍കി .. തെരെഞ്ഞെടുപ്പ് വിജയത്തെക്കാളും മഹത്തായി ഞാന്‍ ഇപ്പോള്‍ കാണുന്നത് ആ സ്‌നേഹസൗഹൃദങ്ങളെ ആണ് .. മത്സരരംഗത്തെ എന്റെ സാന്നിധ്യം കുറെയെങ്കിലും ചലനങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട് എന്നു തന്നെ ഞാന്‍ കരുതുന്നു .. ഒരു പക്ഷെ പലരുടെയും തെരെഞ്ഞെടുപ്പ് ഫലങ്ങളില്‍ പോലും എന്റെ സ്ഥാനാര്‍ത്ഥിത്വം അട്ടിമറികള്‍ സൃഷ്ടിച്ചിട്ടുണ്ടാവും .. 

ഞാന്‍ ആദ്യം മുതല്‍ എന്റെ നിലപാട് വ്യക്തമാക്കിയിരുന്നു , എന്റെ കഴിവുകളും സമയവും ഫോമയുടെ നേതൃത്വത്തിന് ആവശ്യമെങ്കില്‍ എന്നെ വിജയിപ്പിക്കുക.. ഇല്ലെങ്കില്‍ സൗഹൃദങ്ങള്‍ക്കൊന്നും പോറല്‍ ഉണ്ടാവാതെ എന്റേതായ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദീകരിച്ചു മാറി നില്‍ക്കും ..
വിധി വന്നു ..തെരെഞ്ഞെടുപ്പ് ഫലം ഞാന്‍ അംഗീകരിക്കുന്നു ..
എല്ലാത്തിനും നന്ദി ..

വിജയികള്‍ക്ക് എല്ലാ ആശംസകളും .. ഫോമയുടെ ഭാവി പ്രവര്‍ത്തനങ്ങളില്‍ പുതിയ ഭാരവാഹികള്‍ വിജയിക്കട്ടെ ..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക