Image

നഴ്‌സ് റിക്രൂട്ട്‌മെന്റ്: ഒഡെപെക് സംഘം കുവൈത്തില്‍

Published on 24 June, 2018
നഴ്‌സ് റിക്രൂട്ട്‌മെന്റ്: ഒഡെപെക് സംഘം കുവൈത്തില്‍

കുവൈത്ത് : നഴ്‌സ് നിയമനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി കേരള തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്റെ നേതൃത്വത്തില്‍ ഒഡെപെക് സംഘം ഞായറാഴ്ച കുവൈത്തില്‍ എത്തും. കുവൈത്ത് ആരോഗ്യമന്ത്രാലയം അധികൃതരുമായി കൂടിക്കാഴ്ച നടത്തുന്ന സംഘത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, ഒഡെപെക് ചെയര്‍മാന്‍ എന്‍.ശശിധരന്‍ നായര്‍, മാനേജിംഗ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍, ജനറല്‍ മാനേജര്‍ സജു സുലോചന സോമദേവ് എന്നിവരാ!ണുള്ളത്.

കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലേക്കു നഴ്‌സുമാരെ നേരിട്ടു റിക്രൂട്ട് ചെയ്യുന്നതിനുള്ള അനുമതി തേടിയാണ് ഒഡെപെക് സംഘത്തിന്റെ കുവൈത്ത് സന്ദര്‍ശനം. കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരമുള്ള കേരളത്തിലെ നോര്‍ക്ക  റൂട്ട്‌സ് പ്രതിനിധികള്‍ ഇതേ ദൗത്യവുമായി നേരത്തെ കുവൈത്ത് ആരോഗ്യമന്ത്രാലയം അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. 

ഇന്ത്യയില്‍നിന്നു നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിനു കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയ ആറ് ഏജന്‍സികളില്‍ ഒന്നാണു കേരളത്തില്‍നിന്നുള്ള ഒഡെപെക്. തമിഴ്‌നാട്ടിലെ ഓവര്‍സീസ് മാന്‍പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡ്, ഉത്തര്‍ പ്രദേശിലെ യുപി ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍, തെലങ്കാനയിലെ തെലങ്കാന ഓവര്‍സീസ് മാന്‍പവര്‍ കമ്പനി, ആന്ധ്രാപ്രദേശിലെ മാന്‍പവര്‍ കമ്പനി എന്നിവയാണു മറ്റ് ഏജന്‍സികള്‍. 

നേരിട്ടുള്ള നിയമനത്തിനു കരാര്‍ ലഭിക്കുകയാണെങ്കില്‍ പ്രാവര്‍ത്തികമാക്കുന്ന രീതി സംബന്ധിച്ച് ഇന്ത്യന്‍ എംബസി മുഖേന ആരോഗ്യമന്ത്രാലയം ഇന്ത്യന്‍ ഏജന്‍സികളോടു വിശദീകരണം തേടിയിരുന്നു.

ഒഡെപെകും നോര്‍ക്കയും ഉള്‍പ്പെടെ ആറ് ഏജന്‍സികളും അതു സംബന്ധിച്ചു വിശദ മറുപടിയും നല്‍കി.റിക്രൂട്ട്‌മെന്റ് അംഗീകാരത്തിനുള്ള നടപടികള്‍ക്കു വേഗം കൈവരുത്തുക എന്നതാണു സംസ്ഥാന തൊഴില്‍ മന്ത്രിയുടെ നേതൃത്വത്തിലുള്ള ഒഡെപെക് സംഘത്തിന്റെ സന്ദര്‍ശന ലക്ഷ്യം. കുവൈത്തിലെ സ്വകാര്യ ഏജന്‍സികള്‍ മുഖേനയായിരുന്നു വിദേശങ്ങളില്‍നിന്നുള്ള നഴ്‌സുമാരെ റിക്രൂട്ട് ചെയ്തിരുന്നത്.

ഗവണ്‍മെന്റുകള്‍ തലത്തില്‍ ഇടപാട് എന്നതിലാണു കുവൈത്ത് സര്‍ക്കാരിനും ഇപ്പോള്‍ താല്‍പര്യം എന്നാണു സൂചന. കുവൈത്തിലെ ഏജന്‍സി എന്നതിനു പകരം വിദേശങ്ങളിലെ അംഗീകൃത ഏജന്‍സിയുമായി നേരിട്ടുള്ള ഇടപാടായാല്‍ ക്രമക്കേടുകള്‍ കുറയ്ക്കാമെന്ന ധാരണയും ശക്തമായിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക