Image

മേജറുടെ ഭാര്യയെ കൊലപ്പെടുത്തിയത്‌ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്‌

Published on 25 June, 2018
മേജറുടെ ഭാര്യയെ കൊലപ്പെടുത്തിയത്‌ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്‌


ന്യൂഡല്‍ഹി: സഹ പ്രവര്‍ത്തകന്റെ ഭാര്യ ഷലീജ ദ്വിവേദിയെ മേജര്‍ നിഖില്‍ ഹാന്‍ഡ കൊലപ്പെടുത്തിയത്‌ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്നാണെന്ന്‌ ഡല്‍ഹി പോലീസ്‌. കുറച്ചുവര്‍ഷങ്ങളായി നിഖില്‍ ഷലീജയുടെ പിന്നാലെ ആയിരുന്നെന്നും തന്റെ ആവശ്യം യുവതി അംഗീകരിക്കില്ലെന്ന്‌ ബോധ്യമായതിനെത്തുടര്‍ന്നാണ്‌ കൊലപാതകം നടത്തിയതെന്നും അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ്‌ അറിയിച്ചു. ശനിയാഴ്‌ച ഉച്ചക്കാണ്‌ മേജര്‍ അമിത്‌ ദ്വിവേദിയുടെ ഭാര്യ ഷലീജ ദ്വിവേദിയെ ഡല്‍ഹി കന്റോണ്‍മെന്റ്‌ പ്രദേശത്തെ ബ്രാര്‍ ചത്വരത്തില്‍ കൊലപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌.

സൈനിക ആശുപത്രിയില്‍ ഫിസിയോ തെറാപ്പി ചെയ്യാന്‍ എത്തിയ ഷലീജ ചികിത്സ തേടാതെ മേജര്‍ നിഖിലിന്റെ കാറില്‍ കയറി പോവുകയായിരുന്നു. യാത്രക്കിടെ തന്നെ വിവാഹം ചെയ്യണമെന്ന്‌ നിര്‍ബന്ധം പിടിച്ച നിഖിലിനോട്‌ പറ്റില്ലെന്ന്‌ ഷലീജ ഉറപ്പിച്ചുപറഞ്ഞു. ഇതോടെ ദേഷ്യം പൂണ്ട ഇയാള്‍ കത്തി കൊണ്ട്‌ യുവതിയുടെ കഴുത്തറുത്ത ശേഷം കാറില്‍ നിന്ന്‌ തള്ളിയിട്ട്‌ അപകടമാണെന്ന്‌ വരുത്തിത്തീര്‍ക്കാന്‍ ശരീരത്തിന്‌ മുകളിലൂടെ വാഹനം ഓടിച്ചുവെന്നാണ്‌ പോലീസ്‌ പറയുന്നത്‌.

2015 ല്‍ നാഗാലാന്റില്‍ വച്ച്‌ തുടങ്ങിയ ബന്ധം ഷലീജ ഡല്‍ഹിയിലേക്ക്‌ മാറിയപ്പോഴും തുടര്‍ന്നിരുന്നു. മണിക്കൂറുകളോളം ഇരുവരും ഫോണില്‍ സംസാരിച്ചിരുന്നു. നിഖില്‍ യുവതിയെ അങ്ങോട്ട്‌ വിളിക്കുകയായിരുന്നു പതിവ്‌. ഒരിക്കല്‍ ഇരുവരും വീഡിയോ കോള്‍ ചെയ്യുന്നത്‌ ഷലീജയുടെ ഭര്‍ത്താവ്‌ കേണല്‍ അമിത്‌ ദ്വിവേദി കണ്ടെത്തിയിരുന്നു. തുടര്‍ന്ന്‌ ഭാര്യയുമായി അടുപ്പം പുലര്‍ത്തരുതെന്നും തന്റെ വീട്ടിലേക്ക്‌ വരരുതെന്നും കേണല്‍ ദ്വിവേദി മേജര്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കി. എന്നാല്‍, ഇക്കാര്യം കൂട്ടാക്കാന്‍ ഇയാള്‍ തയ്യാറായിരുന്നില്ലെന്നും പോലീസ്‌ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക