Image

കര്‍ണാടക വഖഫ് ബോര്‍ഡില്‍ 2 ലക്ഷം കോടിയുടെ ഭൂമി അഴിമതി

Published on 27 March, 2012
കര്‍ണാടക വഖഫ് ബോര്‍ഡില്‍ 2 ലക്ഷം കോടിയുടെ ഭൂമി അഴിമതി
ബാംഗ്ലൂര്‍: കര്‍ണാടക വഖഫ് ബോര്‍ഡിന്റെ കീഴിലുള്ള ഭൂമി മറിച്ചുവിറ്റതില്‍ രണ്ടുലക്ഷം കോടി രൂപയുടെ അഴിമതി നടന്നതായി റിപ്പോര്‍ട്ട്. ഉന്നത രാഷ്ട്രീയ നേതാക്കള്‍, വഖഫ് ബോര്‍ഡ് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, ഭൂമാഫിയ സംഘങ്ങള്‍, ഇടനിലക്കാര്‍ എന്നിവര്‍ക്കെല്ലാം അഴിമതിയില്‍ പങ്കുണ്ടെന്ന് ഇതേക്കുറിച്ച് നടത്തിയ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 38 പേര്‍ക്കെതിരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

കര്‍ണാടക ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അന്‍വര്‍ മണിപ്പാടി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന അഴിമതിക്കഥകളുള്ളത്. മുഖ്യമന്ത്രി ഡി.വി. സദാനന്ദഗൗഡയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഉടന്‍ തന്നെ നിയമസഭയില്‍ വെക്കും. 11 വര്‍ഷത്തിനിടെ നടന്ന ഭൂമികൈമാറ്റങ്ങളെക്കുറിച്ചാണ് അന്വേഷിച്ചത്. നിരവധി കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.


വഖഫ് ബോര്‍ഡിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 54,000 ഏക്കര്‍ ഭൂമിയില്‍ 22,000 മുതല്‍ 27,000 ഏക്കര്‍ വരെ മറിച്ചുവിറ്റതായി തെളിഞ്ഞിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചശേഷം അന്‍വര്‍ മനിപ്പാടി മാധ്യമങ്ങളോട് പറഞ്ഞു.


വഖഫ് ബോര്‍ഡിന്റെ ഭൂമി അഴിമതി അന്വേഷിക്കാന്‍ ഉന്നതാധികാര സമിതിയെ നിയോഗിക്കണമെന്ന് സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വില്പന നടത്തിയ സ്ഥലങ്ങള്‍ തിരിച്ചു പിടിക്കുന്നതിനായി ഭൗത്യസേനയെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.


ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് നഗരങ്ങളിലാണ് ഭൂമി വില്പന കൂടുതലായി നടന്നിട്ടുള്ളതെന്ന് ചെയര്‍മാന്‍ പറഞ്ഞു. അഴിമതിയില്‍ 85 ശതമാനത്തോളവും നടന്നത് നഗരങ്ങളിലാണ്.


ഭൂമി വില്പനയില്‍ രാഷ്ട്രീയക്കാര്‍ക്കും വഖഫ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് കാണിച്ച് വ്യക്തികളുടെ പരാതി ഉണ്ടായിരുന്നു. ഈ പരാതികളുടെയും മാധ്യമങ്ങളില്‍ ഇതേപ്പറ്റി വന്ന വാര്‍ത്തകളുടെയും അടിസ്ഥാനത്തില്‍ പ്രത്യേകസമിതിയെ നിയമിച്ചാണ് അന്വേഷണം നടത്തിയതെന്നും ചെയര്‍മാന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക