Image

ലൈംഗിക ആരോപണം; അഞ്ച് വൈദികരെ ഓര്‍ത്തഡോക്‌സ് സഭ സസ്‌പെന്‍ഡ് ചെയ്തു

Published on 25 June, 2018
ലൈംഗിക ആരോപണം; അഞ്ച് വൈദികരെ ഓര്‍ത്തഡോക്‌സ് സഭ സസ്‌പെന്‍ഡ് ചെയ്തു

തിരുവല്ല: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ അഞ്ച് വൈദികര്‍ യുവതിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന വിവാദത്തില്‍ ആരോപണ വിധേയരായ അഞ്ച് വൈദികരെ ചുമതലകളില്‍ നിന്ന്‌ സഭ സസ്‌പെന്റ് ചെയ്തു.

തിരുവല്ലയിലെ യുവതിയുടെ ഭര്‍ത്താവ്‌ വൈദികര്‍ക്കെതിരേ സഭാ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ സഭയുടെ നിരണം ഭദ്രാസനത്തിലെ മൂന്ന് വൈദികരേയും, ഡല്‍ഹി, തുമ്പമണ്‍ ഭദ്രാസനത്തിലെ ഓരോ വൈദികരേയുമാണ് താത്കാലികമായി സസ്‌പെന്റ് ചെയ്തത്. 

സസ്‌പെന്‍ഷനിലായ വൈദികരെ വികാരി എന്ന നിലയിലുള്ള ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ട്. ആരോപണം അന്വേഷിക്കാന്‍ പ്രത്യേക കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. ആരോപണം ശരിയെന്ന് കണ്ടാല്‍ വൈദികര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്ന് സഭാ വൃത്തങ്ങള്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു. ആരോപണം വാസ്തവമല്ലെന്നും മറ്റ് ചില വിഷയങ്ങളാണ് ഇതിന് പിന്നിലെന്നുമുള്ള പ്രചാരണവും ഇതിനിടയ്ക്ക് നടക്കുന്നുണ്ട്‌.

ആരോപണ വിധേയരായ വൈദികരുമായി ബന്ധപ്പെട്ട ഫോണ്‍ സംഭാഷണങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വിഷയം സഭയ്ക്ക് മുന്നിലെത്തിയത്‌.

ഇതിനിടെ സഭയെ ഒന്നാക നാണക്കേടാക്കിയ സംഭവത്തില്‍ സഭാ നേതൃത്വത്തിന് പരാതി നല്‍കിയിട്ടും ശക്തമായ നടപടിയുണ്ടാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവും രംഗത്തെത്തി. സംഭവത്തില്‍ വിശ്വാസികള്‍ക്കിടയിലും വലിയ പ്രതിഷേധമുണ്ടാവുന്നുണ്ട്. (Mathrubhumi)

Join WhatsApp News
ജോൺ 2018-06-25 14:00:24
കുടുംബം നശിക്കാതിരിക്കണം എങ്കിൽ  കുമ്പസാരിക്കാൻ നമ്മുടെ കുടുംബത്തിലെ സ്ത്രീകളെ പ്രത്യേകിച്ച് പെൺകുഞ്ഞുങ്ങളെ ഈ ലോഹ ഇട്ടവരുടെ അടുത്ത് വിടാതിരിക്കുക. നിങ്ങളുടെ തെറ്റുകൾ ദൈവത്തോട് നേരിട്ട് പറഞ്ഞു അനുതപിക്കുക. ഈ ലോഹ ഇട്ട കഴുകന്മാരിൽ ഭൂരിപക്ഷവും ശരിയല്ല. നല്ലവരായ വൈദികർ ഇല്ലെന്നല്ല പറയുന്നത് പക്ഷെ അവരുടെ സംഖ്യ കുറഞ്ഞു വരുന്നു കാരണം എന്ത് ചെറ്റത്തരം കാണിച്ചാലും അവരെ സംരക്ഷിക്കാൻ ആളുണ്ട്. അവരെ ചുമക്കാൻ ആടുകൾ ഉള്ള കാലത്തോളം അവരുടെ കലാ പരിപാടി തുടരും. അവരവർ സൂക്ഷിക്കുക. കാലം മോശമാണ്.
കത്തോലിക്കൻ 2018-06-25 16:39:16
കത്തോലിക്കാ അച്ചന്മാർ പെണ്ണ് കേസിൽ പെടുമ്പോൾ ഓർത്തഡോൿസ് യാക്കോബായ മാർത്തോമാ തുടങ്ങിയ സഭയിലെ ആൾകാർ അച്ചമ്മാരെ പെണ്ണ്കെട്ടിക്കാത്തതുകൊണ്ടാണ് ന്ന് പറഞ്ഞു കത്തോലിക്ക സഭയെ ആക്ഷേപിക്കുന്നത് കാണാമല്ലോ. പെണ്ണ് കെട്ടിയ അച്ചന്മാരും അവരുടെ  മെത്രാൻ വരെ വ്യഭിചാര പീഡന പരമ്പര നടത്തുമ്പോൾ  അവരൊക്കെ മാളത്തിൽ ഒളിച്ചോ.
George 2018-06-26 15:05:56
കുമ്പസാരം ഒരു കൂദാശയായി പല സഭകളും കണക്കാക്കുന്നു.   വാസ്തവത്തിൽ ഈ നവീന സമൂഹത്തിൽ ഇത്തരമൊരു ചടങ്ങിന്റെ ആവശ്യമുണ്ടോ എന്ന് പിതാക്കന്മാർ വിചിന്തനം നടത്തി വേണ്ട പരിവർത്തനങ്ങൾ വരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.   

കൂദാശകളെ  ഭയഭക്തി ആദരവുകളോടെയാണ് വിശ്വാസി സമൂഹം സമീപിക്കേണ്ടത്    എന്നാണ്  സഭ പഠിപ്പിക്കുന്നത്.   പക്ഷെ കുമ്പസാരത്തിന്റെ കാര്യത്തിൽ അത് സംഭവിക്കുന്നുണ്ടോ?  ഈ പ്രക്രിയ കേവല ചടങ്ങിന്റെ ഭാഗമായിട്ടാണ് വിശ്വാസികൾ ഇന്ന് നിർവഹിക്കുന്നത്.   ആണ്ടു കുമ്പസാരം കാനോനിക നിയമമായതുകൊണ്ട് ആ ചടങ്ങ് നിർവഹിക്കുന്നു അത്രമാത്രം. 

മറ്റൊരു വിധത്തിൽ നോക്കിയാൽ ജനങ്ങളെ പള്ളിയകത്തു വച്ചു അസത്യം പറയാൻ ഈ കൂദാശ ഹേതുവാകുന്നു.   സ്ഥിരമായി കാണുന്ന പള്ളി വികാരിയയുടെ മുൻപിൽ, വ്യഭിചാരം തുടങ്ങിയ 'കൊടിയ പാപങ്ങൾ' ചെയ്തവർ അത് ഏറ്റുപറയുവാൻ സാദ്ധ്യത തീരെ ഇല്ല.   പ്രത്യേകിച്ച് സ്ത്രീകൾ.   കൗമാര യൗവനക്കാരുടെ ശീലവും മനുഷ്യർക്ക്  അടിസ്ഥാന ശാരീരിക സുഖം നൽകുന്നതുമായ  masterbation തുടങ്ങിയ കാര്യങ്ങളും തഥൈവ.  

ഒരുപക്ഷെ വിശുദ്ധമന്ദിരത്തിനുള്ളിൽ വിശ്വാസികൾ കളവ് പറയുന്ന ഒരേ ഒരു അവസരം കുമ്പസാരത്തിനായി പുരോഹിതന്റെ മുൻപിൽ മുട്ടുകുത്തുമ്പോൾ ആവാം. 

കുമ്പസാരം ഒരു കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു.   രാജവിളംബരത്തിലൂടെ  റോമാ പോലുള്ള മഹാ സാമ്രാജ്യത്തിലെ പ്രജകൾ മുഴുവനായും ക്രിസ്ത്യാനികളായപ്പോൾ, പ്രാർത്ഥിക്കുവാനോ അനുതപിക്കുവാനോ അറിവില്ലാതിരുന്ന ജനക്കൂട്ടത്തിനു പുരോഹിതന്റെ മദ്ധ്യസ്ഥത  അനിവാര്യമായി വന്നു.  അക്കാലത്തു ബൈബിൾ പോലും ജനങ്ങൾക്ക്‌ നിഷിദ്ധമായിരുന്നു എന്നും ഓർക്കണം   പക്ഷെ ഇന്ന് അതാണോ സ്ഥിതി?  പ്രബുദ്ധരായ ക്രൈസ്തവ സമൂഹത്തിനു വിഷമങ്ങളും പ്രയാസങ്ങളും പാപവും എല്ലാം തന്നെ ദൈവത്തോട് നേരിട്ട് പറയുവാനും അനുതപിക്കുവാനുമുള്ള കഴിവ് കൈവന്നിരിക്കുന്നു.  അവർക്കും ദൈവത്തിനുമിടയിൽ ഇത്തരം ഒരു മദ്ധ്യസ്ഥന്റെ ആവശ്യമില്ല. തന്നെയുമല്ല പുതിയ നിയമത്തിലെ എത്രയോ ക്രിസ്തുവചനങ്ങൾ ഈ നിലപാടിന് അടിവരയിടുന്നു!  

കുമ്പസാര രഹസ്യങ്ങൾ സ്വന്തം നേട്ടങ്ങൾക്കായി ദുരുപയോഗം ചെയ്യുന്ന പുരോഹിതർ എല്ലാ സഭകളിലുമുണ്ട്.   ഓർത്തഡോക്സ് സഭയിലെ ചില 'വികാരി' ജീവികളുടെ അഴിഞ്ഞാട്ടം മാത്രം പുറത്തു വന്നു എന്നേ ഉള്ളൂ.   

ഈ കൂദാശ നിർത്തലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.  ഏകാന്തതയിൽ ശുദ്ധതോടെ നിറഞ്ഞ മനസ്സുമായി ദൈവത്തോട് സ്വന്തം പാപങ്ങൾ ഏറ്റുപറഞ്ഞാൽ ദൈവം ക്ഷമിക്കില്ല എന്നുണ്ടോ?  അങ്ങനെ തന്നെ ചെയ്യണം എന്നാണ് വി. ബൈബിൾ അനുശാസിക്കുന്നതും.   

ഓരോ തലമുറ പിന്നിടുമ്പോഴും വിശ്വാസികളുടെ ആത്മീയ തീവ്രത കുറഞ്ഞു വരുന്നു.   യൂറോപ്പിലെ ഗതി ക്രിസ്ത്യൻ സഭകൾക് ഉണ്ടാവാതിരിക്കട്ടെ. അതിനു ഇത്തരം മാറ്റങ്ങൾ കൂടിയേ തീരൂ.   ഇത് എഴുതുന്ന ആൾ ജീവിതത്തിൽ കുമ്പസാരിച്ചിട്ടില്ല.  മരണം വരെ അങ്ങനെതന്നെ  തുടരും.  

വാൽകഷ്ണം:

പുരോഹിതർ നടത്തുന്ന  തോന്ന്യാസങ്ങളെ പ്രതിരോധിക്കുന്നവർ സ്ഥിരം ഇറക്കുന്ന തുറുപ്പുചീട്ടാണ് "ചില ആളുകൾ അങ്ങനെ ആയി എന്ന് കരുതി എല്ലാവരും അങ്ങനെ അല്ലല്ലോ! എത്രയോ നല്ല ആളുകൾ ഉണ്ട് "....

ഒരു കുട്ടയിലെ ഒരു മത്സ്യം ചീഞ്ഞതെങ്കിൽ എല്ലാറ്റിനും നാറ്റം ഉണ്ടാകും. (Copied FB Post)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക