Image

യുഎസ് ഹെല്‍ത്ത് കെയര്‍ നിയമം: സുപ്രീംകോടതിയില്‍ വാദം തുടങ്ങി; വധശിക്ഷയില്‍ അമേരിക്ക അഞ്ചാമത്

Published on 27 March, 2012
യുഎസ് ഹെല്‍ത്ത് കെയര്‍ നിയമം: സുപ്രീംകോടതിയില്‍ വാദം തുടങ്ങി; വധശിക്ഷയില്‍ അമേരിക്ക അഞ്ചാമത്
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ബറാക് ഒബാമ കൊണ്ടുവന്ന ഹെല്‍ത്ത് കെയര്‍ നിയമത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ യുഎസ് സുപ്രീംകോടതിയില്‍ വാദം തുടങ്ങി. മൂന്നും ദിവസം വാദം കേട്ടതിനുശേഷം കോടതി ജൂണില്‍ വിധി പ്രസ്താവിക്കുമെന്നാണ് കരുതുന്നത്. സര്‍ക്കാര്‍ പാസാക്കിയ നിയമത്തിനെതിരെ വിധി പുറപ്പെടുവിക്കാന്‍ സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് അധികാരമുണ്‌ടോ എന്നതായിരുന്നു തിങ്കളാഴ്ച നടന്ന വാദത്തില്‍ പ്രധാനമായും ഉന്നയിച്ചത്.

2010ല്‍ യുഎസ് ജനപ്രതിനിധിസഭ നേരിയ ഭൂരിപക്ഷത്തില്‍ പാസാക്കിയ നിയമത്തിനെതിരെ 26 സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. എല്ലാ അമേരിക്കക്കാരും നിര്‍ബന്ധമായും ആരോഗ്യ ഇന്‍ഷൂറന്‍സ് എടുക്കണമെന്നും ഇന്‍ഷൂറന്‍സ് എടുക്കാത്തവര്‍ പിഴ ഒടുക്കേണ്ടിവരുമെന്നുമാണ് 2010ല്‍ പാസാക്കിയ നിയമത്തിന്റെ കാതല്‍. നിര്‍ബന്ധമായും ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് എടുപ്പിക്കുന്നതിനെതിരെയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിനെ സമീപിച്ചത്. ജൂണില്‍ വരുന്ന വിധി നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലും സ്വാധീ
നം ചെലുത്തുമെന്നാണ് കരുതുന്നത്.

വധശിക്ഷയില്‍ അമേരിക്ക അഞ്ചാമത്

വാഷിംഗ്ടണ്‍: വധശിക്ഷ നടപ്പാക്കുന്ന രാജ്യങ്ങളില്‍ അമേരിക്കയ്ക്ക് ലോകത്തില്‍ അഞ്ചാം സ്ഥാന
മാണുള്ളതെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട്. 2011ല്‍ ലോകത്തിലെ 20 രാജ്യങ്ങളിലായി 676 പേരെയാണ് തൂക്കിലേറ്റിയത്. ഇതില്‍ 43 പേരെയാണ് യുഎസില്‍ വധശിക്ഷയ്ക്ക് വിധേയരാക്കിയത്. തൊട്ടു മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത് കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2010ല്‍ 46 പേരുടെ വധശിക്ഷയാണ് യുഎസില്‍ നടപ്പാക്കിയത്.

ചൈനയാണ് വധശിക്ഷ നടപ്പാക്കിയ രാജ്യങ്ങളില്‍ ഒന്നാമതെന്ന് കണക്കാക്കുന്നുവെങ്കിലും അവിടുത്തെ കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിടാത്തതിനാല്‍ കൃത്യമായ എണ്ണം ലഭ്യമല്ല. ഇത് ഒരുപക്ഷെ ആയിരത്തിലെത്തിയേക്കാമെന്നാണ് ആംനെസ്റ്റിയുടെ നിഗമനം. ഇറാനാണ് പട്ടികയില്‍ രണ്ടാമത്. 2011ല്‍ 360 പേരെയാണ് ഇറാനില്‍ തൂക്കിലേറ്റിയത്. സൗദി അറേബ്യയാണ് മൂന്നാം സ്ഥാനത്ത്. 82 പേരെയാണ് സൗദിയില്‍ 2011ല്‍ തൂക്കിലേറ്റിയത്. 2010ല്‍ 27 പേരെ തൂക്കിലേറ്റിയ സ്ഥാനത്താണിത്. 68 പേരെ തൂക്കിലേറ്റിയ ഇറാഖാണ് നാലാം സ്ഥാനത്ത്. വധശിക്ഷ നടപ്പാക്കുന്ന രാജ്യങ്ങളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞിട്ടുണ്‌ടെന്നും ആംനെസ്റ്റി പറയുന്നു. 2011ല്‍ ആകെയുള്ള 198 രാജ്യങ്ങളില്‍ 20 രാജ്യങ്ങളില്‍ മാത്രമാണ് വധശിക്ഷ നടപ്പാക്കിയത്.

ജെസീക്ക സിംപ്‌സന്റെ നഗ്ന ഫോട്ടോയ്‌ക്കെതിരെ യുഎസില്‍ എതിര്‍പ്പ്

ലോസ് ഏയ്ഞ്ചല്‍സ്: നടിയും ഗായികയുമായ ജെസീക്ക സിംപ്‌സണ്‍ ഒരു മാഗസിന്റെ കവര്‍ പേജില്‍ ഏതാണ്ട് പൂര്‍ണ നഗ്നയായി പ്രത്യക്ഷപ്പെട്ടതിനെതിരെ യുഎസില്‍ പ്രതിഷേധം. ഗര്‍ഭിണിയായ സിംപ്‌സന്റെ നഗ്ന ഫോട്ടോയാണ് "എല്ലെ മാഗസി'ന്റെ ഏപ്രില്‍ പതിപ്പിലെ കവര്‍ പേജില്‍ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തില്‍ ഒരു കാര്‍ഡ്‌ബോര്‍ഡ് കൊണ്ട് നാണം മറച്ച രീതിയിലാണ് സിംപ്‌സണ്‍ പ്രത്യക്ഷപ്പെടുന്നത്. സിംപ്‌സന്റെ നഗ്നചിത്രമടങ്ങിയ മാഗസിന്‍ വില്‍പനയ്ക്കു വെച്ചതിനെതിരെ ടസ്‌കോണിലും അരിസോണയിലുമുള്ള സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ജനങ്ങള്‍ പ്രതിഷേധിച്ചു. മാഗസിന്‍ വില്‍പനയ്ക്കായി പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ഉപഭോക്താക്കളില്‍ നിന്ന് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്‌ടെന്ന് സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖല വക്താവ് പറഞ്ഞു. ഇതിനെത്തുടര്‍ന്ന് ചിത്രം സെന്‍സര്‍ ചെയ്ത് മാഗസിന്‍ വില്‍പനയ്ക്കു വെയ്ക്കാനാണ് പല സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലകളുടെയും തീരുമാനം.


അഫ്ഗാന്‍ യുദ്ധം: അമേരിക്കക്കാര്‍ക്കിടയില്‍ പിന്തുണ കുറഞ്ഞു

വാഷിംഗ്ടണ്‍: അഫ്ഗാന്‍ യുദ്ധത്തെ അനുകൂലിക്കുന്ന അമേരിക്കക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞു. ഒരു ദശാബ്ദത്തിനു മുന്‍പേ തുടങ്ങിയ യുദ്ധത്തെക്കുറിച്ച് അമേരിക്കക്കാര്‍ക്കിടയില്‍ ന്യൂയോര്‍ക്ക് ടൈംസ് / സിബിഎസ് ന്യൂസ് എന്നിവ നടത്തിയ സര്‍വേയിലാണ് നിലപാട് വ്യക്തമായത്. സര്‍വേ നടത്തിയവരില്‍ 69% പേരും അഫ്ഗാനിസ്ഥാനില്‍ അമേരിക്ക ഇനി നില്‍ക്കേണ്ട എന്നു അഭിപ്രായപ്പെട്ടു. കഴിഞ്ഞ നവംബറില്‍ നടത്തിയ സര്‍വേയില്‍ ഇതേ കാര്യത്തിനു 53% പേരാണ് അനുകൂലിച്ചത്. 17 അഫ്ഗാന്‍കാരെ അമേരിക്കന്‍ സൈനികന്‍ കൂട്ടക്കൊല ചെയ്‌തെന്ന വാര്‍ത്ത വന്നപ്പോഴാണ് സര്‍വേ ഫലങ്ങള്‍ പുറത്തുവന്നത്.

ഡെമോക്രാറ്റുകള്‍ക്കിടയിലും റിപ്പബ്ലിക്കുകള്‍ക്കിടയിലും അഫ്ഗാന്‍ യുദ്ധത്തെക്കുറിച്ച് തെറ്റായ ധാരണ പടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും സര്‍വേ ഫലങ്ങള്‍ വെളിപ്പെടുത്തുന്നു. രണ്ടു വര്‍ഷത്തിനകം അഫ്ഗാന്‍ സൈനികര്‍ക്ക് അധികാരം വിട്ടു നല്‍കാനാണ് നാറ്റോ സഖ്യത്തിന്റെ പദ്ധ­തി.

യു.എസ്. ആണവായുധശേഖരം കുറയ്ക്കും­: ഒബാമ

സോള്‍: സ്വന്തം ആണവായുധശേഖരത്തില്‍ ഇനിയും കുറവുവരുത്തുമെന്ന് യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ പ്രഖ്യാപിച്ചു. ആണവപദ്ധതികളില്‍നിന്ന് പിന്‍മാറണമെന്ന് ഉത്തര കൊറിയയോടും ഇറാനോടും അദ്ദേഹം ആവശ്യപ്പെട്ടു. ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോളില്‍ ആണവസുരക്ഷാ ഉച്ചകോടിക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുള്‍പ്പെടെ 53 രാജ്യങ്ങളുടെ തലവന്‍മാര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.

ആയിരക്കണക്കിന് ബോംബുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള ആണവസാമഗ്രികള്‍ ഇല്ലായ്മചെയ്യുകയോ സുരക്ഷിതമായി സൂക്ഷിക്കുകയോ ചെയ്യുന്നതിന് ആഗോളതലത്തില്‍ ശ്രമമുണ്ടാകണമെന്ന് ഒബാമ പറഞ്ഞു. ആണവസാമഗ്രികള്‍ ഇപ്പോഴും ആവശ്യമായ സുരക്ഷയില്ലാതെയാണ് സൂക്ഷിക്കുന്നത്. ഭീകരരും കുറ്റവാളിസംഘങ്ങളും ഇത് കൈവശപ്പെടുത്താന്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. ആണവഭീകരത ആഗോള സുരക്ഷയ്ക്കുള്ള വന്‍ഭീഷണിയായി നിലനില്‍ക്കുന്നു­അദ്ദേഹം ചൂണ്ടിക്കാട്ടി.

യു.എസും റഷ്യയും സഹകരിച്ച് താന്താങ്ങളുടെ ആണവായുധശേഖരത്തില്‍ കുറവുവരുത്തും. അമേരിക്കയ്ക്ക് ആവശ്യത്തില്‍ക്കൂടുതല്‍ ആണവായുധങ്ങള്‍ ഇപ്പോഴുണ്ട്. യു.എസിന്റെയും സഖ്യകക്ഷികളുടെയും സുരക്ഷയും ഭീഷണികള്‍ക്കെതിരെ ശക്തമായ ചെറുത്തു നില്‍പ്പും ഉറപ്പുവരുത്തേണ്ടതുണ്ട്. അതോടൊപ്പം ആണവായുധശേഖരത്തില്‍ ഇനിയും കറുവുവരുത്തുകയും ചെയ്യും ­ഒബാമ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക