Image

പ്രതിസന്ധികളില്‍ പതറാതെ മുന്നേറുക: ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ

പി.പി.ചെറിയാന്‍ Published on 27 March, 2012
പ്രതിസന്ധികളില്‍ പതറാതെ മുന്നേറുക: ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ
ഹൂസ്റ്റന്‍ : പ്രതിസന്ധികളും, പരീക്ഷണങ്ങളും ജീവിത യാഥാര്‍ത്ഥ്യങ്ങളാണെന്നും, ആ അനുഭവങ്ങളെ സധൈര്യം നേരിട്ടുകൊണ്ട് പതറാതെ മുന്നേറുവാന്‍ സര്‍വ്വശക്തനായ ദൈവം കരുത്തു നല്‍കുമെന്ന് ഉറച്ചു വിശ്വസിക്കണമെന്നും ജോസഫ് മാര്‍ത്തോമ്മാ മെത്രോപ്പോലീത്ത ഉദ്‌ബോധിപ്പിച്ചു. ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവകയില്‍ വിശുദ്ധ കുര്‍ബാന ശുശ്രൂഷാനന്തരം നടന്ന മലങ്കര സഭാതാരക 120-ാം വാര്‍ഷികാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിയ്ക്കുകയായിരുന്നു അദ്ദേഹം.

സഭാതാരകയുടെ ചരിത്രം മാര്‍ത്തോമ്മാ സഭയുടെ ചരിത്രവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നുവെന്നു, 1889 ലെ റോയല്‍ കോടതി വിധി മൂലം മാര്‍ത്തോമ്മാ സഭയ്ക്ക് ഭൗതിക സ്വത്തുക്കള്‍ നഷ്ടപ്പെടുകയും, നിരവധി പ്രതിസന്ധിഘട്ടങ്ങളില്‍ കൂടി കടന്നുപോകുകയും ചെയ്തപ്പോള്‍ സഭവിശ്വാസികളുടെ അകമഴിഞ്ഞ പ്രാര്‍ത്ഥനയും, വിശ്വാസ തീക്ഷണതയുമാണ് സഭയുടെ വളര്‍ച്ചയ്ക്ക് സഹായകരമായിതീര്‍ന്നതെന്ന് ചരിത്രസംഭവങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ട് മെത്രാപ്പോലീത്താ ഉദ്‌ബോധിപ്പിച്ചു.

സഭാവിശ്വാസികളെ വിശ്വാസതീഷ്ണതയില്‍ ഉറപ്പിച്ചു നിര്‍ത്തുവാന്‍ 1892 ജനുവരി മാസം ആരംഭിച്ച മലങ്കര സഭാതാരക 120 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അനുഭവിച്ച ദൈവകൃപയ്ക്ക് സ്‌ത്രോത്രം ചെയ്യുവാന്‍ അഭിവന്ദ്യ തിരുമേനി ഓര്‍മ്മിപ്പിച്ചു. ഒരു മാര്‍ത്തോമ്മാ ഭവനത്തില്‍ ഒരു സഭാതാരക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിയ്ക്കുന്ന സഭാതാരക പ്രവര്‍ത്തകര്‍ക്ക് എല്ലാ ഭാവുകങ്ങളും മെത്രാപ്പോലീത്ത ആശംസിച്ചു.

ഇടവക വികാരി റവ.സഖറിയാ ജോണ്‍ ആമുഖ പ്രാര്‍ത്ഥനയും, മെത്രാപ്പോലീത്തായുടെ സെക്രട്ടറി റവ. ഏബ്രഹാം പുളിന്തിട്ട സമാപന പ്രാര്‍ത്ഥനയും നടത്തി. റവ. ഏ. റ്റി. തോമസ്(ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവക വികാരി), റവ. ഷിബി ഏബ്രഹാം (യൂത്ത് ചാപ്‌ളയിന്‍) എന്നിവരും സന്നിഹിതരായിരുന്നു. സഭാതാരക പ്രമോട്ടര്‍ തോമസ് മാത്യൂ(ജീമോന്‍), സ്വാഗതവും, മാനേജിംഗ് കമ്മിറ്റി അംഗം ടി.എ. മാത്യൂ നന്ദിയും അറിയിച്ചു.
പ്രതിസന്ധികളില്‍ പതറാതെ മുന്നേറുക: ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താപ്രതിസന്ധികളില്‍ പതറാതെ മുന്നേറുക: ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക