Image

ജസ്‌നയെ ആരെങ്കിലും അപായപ്പെടുത്തിയതാകാമെന്ന സംശയം ജസ്‌നയുടെ പിതൃസഹോദരി സിസിലിയ്ക്ക് , കത്ത് എഴുതിവെച്ച് ഇറങ്ങിപ്പോകാന്‍ മാത്രം ഭീരുവല്ല ജസ്‌നയെന്ന് സഹപാഠികളും

Published on 26 June, 2018
ജസ്‌നയെ ആരെങ്കിലും അപായപ്പെടുത്തിയതാകാമെന്ന സംശയം ജസ്‌നയുടെ പിതൃസഹോദരി സിസിലിയ്ക്ക് , കത്ത് എഴുതിവെച്ച് ഇറങ്ങിപ്പോകാന്‍ മാത്രം ഭീരുവല്ല ജസ്‌നയെന്ന് സഹപാഠികളും
പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്നും കാണാതായ കോളേജ് വിദ്യാര്‍ത്ഥി ജസ്‌ന മരിയ ഇതുവരെ 16 സ്ഥലങ്ങളില്‍ എത്തിയെന്നായിരുന്നു പോലീസിന് വിവരം ലഭിച്ചത്. ഇവിടെയെല്ലാമെത്തി പോലീസ് അന്വേഷണം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഒരു ലക്ഷം കോളുകള്‍ എങ്കിലും പോലീസ് ഇതുവരെ പരിശോധിച്ചിട്ടുണ്ട്. എങ്കിലും ജസ്‌നയെ കണ്ടെത്താന്‍ മാത്രം സഹായിക്കുന്ന ഒരു വിവരങ്ങളും ഫോണില്‍ നിന്ന് പോലും പോലീസിന് ലഭിച്ചിട്ടില്ല.ഇതിനിടെ ജസ്‌നയുടെ തിരോധാനത്തില്‍ കുടുംബം നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി കോടതി തള്ളി. ജസ്‌നയ അന്യായ തടങ്കലില്‍ ആണെന്ന് സ്ഥാപിക്കാന്‍ ഹരജിക്കാര്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഹരജി തള്ളിയത്. അതേസമയം ജസ്‌നയെ ആരെങ്കിലും അപായപ്പെടുത്തിയതാകാമെന്ന സംശയമാണ് ജസ്‌നയുടെ പിതൃസഹോദരി സിസിലി പറയുന്നത്. സിസിലി പറയുന്നത് ഇങ്ങനെ

മാര്‍ച്ച് 22നാണ് ജസ്‌ന വീട്ടില്‍ നിന്ന് അമ്മായിയുടെ വീട്ടിലേക്ക് എന്ന് പറഞ്ഞ് പുറപ്പെട്ടത്. രാവിലെ പത്ത് മണിയോടടുക്കുമ്പോഴാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. അതിന് മുമ്പ് പിതാവ് ജെയിംസ് പണിസ്ഥലത്തേക്ക് പോയിരുന്നു. സഹോദരി ജെഫിമോളും സഹോദരന്‍ ജെയ്‌സും കോളേജിലേക്ക് പോയ ശേഷമാണ് ജെസ്‌ന ഇറങ്ങിയത്.22ന് ജെസ്‌നക്ക് സ്റ്റഡി ലീവായിരുന്നു. വിദ്യാര്‍ഥിനി വീടിന്റെ വരാന്തയിലിരുന്ന് പഠിക്കുന്നത് കണ്ടവരുണ്ട്. കുറച്ചുനേരം കഴിഞ്ഞപ്പോഴാണ് അമ്മായിയുടെ വീട്ടിലേക്ക് പോയത്. ഓട്ടോയില്‍ മുക്കൂട്ടുതറ ടൗണിലെത്തി. ഓട്ടോ ഡ്രൈവറോടും ബന്ധുവീട്ടിലേക്കാണെന്ന് പറഞ്ഞിരുന്നു. പക്ഷേ, പിന്നീട് ജസ്‌നയെ കണ്ടിട്ടില്ല.ഒരു കത്ത് എഴുതിവെച്ച് ഇറങ്ങിപ്പോകാന്‍ മാത്രം ഭീരുവല്ല ജസ്‌നയെന്ന് സഹപാഠികള്‍ പറയുന്നു. പഠിക്കാന്‍ മിടുക്കിയയിരുന്ന ജസ്‌ന അമ്മയുടെ മരണ ശേഷമാണ് കോളേജില്‍ ഒതുങ്ങി പോയത്. അവള്‍ക്ക് അമ്മ മരിച്ച സങ്കടമല്ലാതെ മറ്റെന്തിലും പ്രശ്‌നം ഉള്ളതായി ആരും പറഞ്ഞ് കേട്ടിട്ടില്ല.ജസ്‌നയുടെ തിരോധാനത്തില്‍ മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുന്ന സുഹൃത്തിന് ജസ്‌നയുടെ തിരോധാനവുമായി ബന്ധമുള്ളതായി കരുതുന്നില്ലെന്നും സഹപാഠികള്‍ പറഞ്ഞിരുന്നു. ഇരുവരും നേരിട്ട് സംസാരിക്കുന്നത് പോലും തങ്ങള്‍ കണ്ടിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ് ഇരുവരും ഫോണില്‍ ധാരാളം ബന്ധപ്പെട്ടിരുന്നെന്ന് അറിഞ്ഞതെന്നും സഹപാഠികള്‍ പറഞ്ഞു.

ജസ്‌നയുമായി ബന്ധമുണ്ടെന്ന് പറയുന്ന സുഹൃത്ത് തന്റെ അയല്‍വാസിയാണ്. എന്നാല്‍ അവര്‍ തമ്മില്‍ അത്തരമൊരു ബന്ധമുണ്ടെന്ന് തനിക്ക് ഇന്ന് വരെ തോന്നിയിട്ടില്ല. പലപ്പോഴും ജസ്‌ന ഇവിടെ വന്നാല്‍ സുഹൃത്തിനെ കാണാറുണ്ട്. എന്നാല്‍ അവര്‍ തമ്മില്‍ നല്ല സൗഹൃദത്തിലായിരുന്നു.കോളേജില്‍ പോകുമ്പോള്‍ ഇരുവരേയും താനാണ് ഒരുമിച്ച് വണ്ടി കയറ്റി വിടുന്നത് സിസിലി പറയുന്നു.
പുലിക്കുന്ന് ഇറങ്ങി സിസിലിയുടെ വീടായ പുഞ്ചവയലിലേക്ക് വരാന്‍ ആറ് വഴികളാണ് ഉള്ളത്. ഇതില്‍ ഒന്ന് വനത്തിലൂടെയുള്ള വഴിയാണ്. ഓട്ടോയിലാണ് അതുവഴി വരേണ്ടത്. സാധാരണ ആവഴി വരുമ്പോള്‍ ഓട്ടോയില്‍ കയറിയ ഉടന്‍ അവള്‍ വിളിക്കും. ആ സമയത്ത് ഇടയ്ക്കിടെ നമ്മള്‍ വിളിച്ച് അന്വേഷിക്കും. അവള്‍ പുഞ്ചവയലില്‍ എത്തിയാല്‍ വീട്ടില്‍ നിന്നും അവളെ വണ്ടിയെടുത്ത് കൂട്ടികൊണ്ടുവരാന്‍ പോകും.
പഠിക്കാന്‍ മിടുക്കിയായിരുന്നു ജസ്‌ന. എന്നാല്‍ കാണാതാവുന്നതിന് കുറച്ച് ദിവസം മുന്‍പ് തനിക്ക് പഠിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അവള്‍ വിളിച്ചു പറഞ്ഞു. എന്താണെന്ന് ചോദിച്ചപ്പോള്‍ അതെനിക്കറിയില്ലെന്നായിരുന്നു മറുപടി. സാധാരണ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ അവള്‍ വിളിക്കാറുണ്ടെങ്കിലും അന്ന് മാത്രം അവള്‍ വിളിച്ചില്ല. ജസ്‌നയുടെ തിരോധാനം സംബന്ധിച്ച് പത്ത് തവണയെങ്കിലും പോലീസ് തന്നെ ചോദ്യം ചെയ്‌തെന്നും സിസിലി പറഞ്ഞു.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക