Image

അമ്മ'യുടെ നടപടിയില്‍ പ്രതിഷേധിച്ച് സംവിധായകന്‍ ഡോ. ബിജു.

Published on 26 June, 2018
അമ്മ'യുടെ നടപടിയില്‍ പ്രതിഷേധിച്ച് സംവിധായകന്‍ ഡോ. ബിജു.

ദിലീപിനെ തിരിച്ചെടുത്ത 'അമ്മ'യുടെ നടപടിയില്‍ പ്രതിഷേധിച്ച് സംവിധായകന്‍ ഡോ. ബിജു.

ഡോ.ബിജുവിന്റെ കുറിപ്പ്

ഇത്രമേല്‍ സ്ത്രീ വിരുദ്ധ, സാമൂഹ്യ വിരുദ്ധ, അസാംസ്‌കാരിക സംഘടനയില്‍ ഇപ്പോഴും അംഗമായിരിക്കുകയും ഒരു അഭിപ്രായം പോലും പറയാനാകാതെ ഭയത്തിന്റെ അടിമകളായി ജീവിക്കുന്ന എല്ലാ വയറ്റു പിഴപ്പു നടന്മാരെയും നടികളെയും ഓര്‍ത്ത് സഹതാപം മാത്രം.

ഈ സംഘടനയുടെ പ്രധാന സ്ഥാനങ്ങളില്‍ ഉള്ളവര്‍ ചില രാഷ്ട്രീയ പാര്‍ട്ടികളുടെ തിരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികളാണ്..ഭാവിയിലെങ്കിലും സിനിമയുടെ ഗ്ലാമര്‍ നോക്കിയല്ല മറിച്ച് രാഷ്ട്രീയ സാമൂഹ്യ ബോധ്യമുള്ള കലാകാരന്മാരെ മാത്രമേ ജനപ്രതിനിധികള്‍ ആക്കാനായി തിരഞ്ഞെടുക്കാവൂ എന്ന ഒരു മിനിമം രാഷ്ട്രീയ ബോധം എങ്കിലും ഇവിടുത്തെ പ്രധാന രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഉണ്ടാകുമോ..

ഈ സാമൂഹ്യവിരുദ്ധ സംഘടനയിലെ പ്രധാനികളെ 'താരങ്ങള്‍' എന്ന അനാവശ്യ ഗ്‌ളാമറിന്റെ എഴുന്നള്ളിപ്പില്‍ സര്‍ക്കാര്‍ പരസ്യങ്ങളില്‍ അഭിനയിപ്പിക്കുന്നതും സര്‍ക്കാര്‍ ചടങ്ങുകളില്‍ വിശിഷ്ട അതിഥികളായി ക്ഷണിക്കുന്നതും ഒഴിവാക്കാനുള്ള സാംസ്‌കാരിക ബോധം സര്‍ക്കാര്‍ പ്രകടിപ്പിക്കുമോ..താരങ്ങള്‍ മാത്രമാണ് സിനിമ എന്ന പരിതാപകരമായ സിനിമാ ബോധത്തില്‍ നിന്നും ഉണര്‍ന്ന് താരങ്ങളുടെ വീട്ടു വിശേഷങ്ങളും അപദാനങ്ങളും പാടുന്ന സ്ഥിരം സിനിമാ കാലാപരിപാടിയില്‍ നിന്നും വഴി മാറി നടക്കാന്‍ പത്ര ദൃശ്യമാധ്യമങ്ങള്‍ക്ക് സാമാന്യ ബോധം ഉണ്ടാകുമോ..

സാംസ്‌കാരിക പരിപാടികളിലും എന്തിന്പുരോഗമന പ്രസ്ഥാനങ്ങള്‍ ഭരിക്കുന്ന കോളജുകളില്‍ പോലും യൂണിയന്‍ ഉദ്ഘാടനടത്തിന് യാതൊരു പൊതുബോധമോ സാമൂഹിക ബോധമോ തൊട്ടു തീണ്ടിയിട്ടില്ലെങ്കിലും സിനിമാ താരങ്ങള്‍ തന്നെ വേണം എന്ന കടും പിടുത്തം ഒഴിവാക്കി സാംസ്‌കാരികമായ നിലപാടുള്ള സമൂഹത്തിലെ മറ്റ് മേഖലകളിലെ ആളുകളെ വിളിക്കാന്‍ തയ്യാറുകുമോ..ഫാന്‍സ് അസോസിയേഷന്‍ എന്ന പേരില്‍ വിവരക്കേടും സൈബര്‍ ആക്രമണങ്ങളും നടത്തുന്ന കോമാളി അക്രമസംഘങ്ങളെ നിലയ്ക്ക് നിര്‍ത്താന്‍ നിയമ സംവിധാനങ്ങള്‍ ഉണ്ടാകുമോ..

സ്ത്രീ വിരുദ്ധമായ, വംശീയമായ ,അശ്ലീലങ്ങള്‍ നിറഞ്ഞ സിനിമകള്‍ നിര്‍മിക്കുന്ന സംവിധായകരെയും താരങ്ങളെയും ഒറ്റപ്പെടുത്താന്‍ കേരള സമൂഹം തയ്യാറാകുമോ..അത്തരം സാമൂഹ്യ വിരുദ്ധമായ സിനിമകള്‍ ഗംഭീര വിജയം നേടിക്കൊടുക്കുന്ന മലയാളിയുടെ നിലവിലുള്ള സാമൂഹ്യ ബോധത്തില്‍ മാറ്റം ഉണ്ടാകുമോ..ആണധികാരത്തിന്റെ, അസാംസ്‌കാരികതയുടെ, സാമൂഹ്യ വിരുദ്ധതയുടെ, വംശീയ വിരുദ്ധതയുടെ കൂത്തരങ്ങായ സിനിമയില്‍ അതിനെതിരെ പ്രതികരിക്കുന്ന ചുരുക്കം ചില സ്ത്രീകള്‍ക്ക് പിന്തുണ നല്‍കി ചേര്‍ന്ന് നില്‍ക്കാന്‍ ഭൂരിപക്ഷ മലയാളിക്ക് സാധിക്കുമോ...

ഭൂരിപക്ഷം താരങ്ങളും ആവറേജ് നടന്മാരും നടികളും മാത്രമാണെന്നും അതിനപ്പുറം സാംസ്‌കാരികമോ സാമൂഹ്യമോ രാഷ്ട്രീയമോ ആയ ബോധം ഇല്ലാത്തവര്‍ ആണെന്നുമുള്ള യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ നമുക്കാവുമോ...കൊണ്ടാടുന്ന താരങ്ങളും സംവിധായകരും ഒന്നുമില്ലെങ്കിലും ഇല്ലാതായാലും സിനിമയ്ക്ക് പ്രത്യേകിച്ച് ഒന്നും സംഭിവിക്കാനില്ല എന്നും ആരുണ്ടെങ്കിലും ഇല്ലെങ്കിലും സിനിമകള്‍ ഉണ്ടായിക്കൊണ്ടേ ഇരിക്കും എന്ന വസ്തുത മനസ്സിലാക്കി ഈ അമിത താരആരാധന ഒഴിവാക്കാനുള്ള സാമാന്യ ബോധം ഓരോ മലയാളിക്കും, മാധ്യമങ്ങള്‍ക്കും സര്‍ക്കാരിനും ഉണ്ടാകുമോ.

അങ്ങനെയൊന്നും ഉണ്ടായില്ലെങ്കില്‍ ഇതേപോലെയുള്ള സാമൂഹ്യ വിരുദ്ധ സംഘടനകള്‍ ഒരു പുരോഗമന സമൂഹത്തിന് നേരെ നോക്കി പല്ലിളിച്ചു കൊണ്ട് ഇനിയും അഹങ്കാരപൂര്‍വ്വം ഇത്തരം നിലപാടുകള്‍ ആവര്‍ത്തിക്കും...അവര്‍ക്കറിയാം അവര്‍ക്ക് അര്‍ഹിക്കുന്നതിനെക്കാള്‍ അധികം ആരാധന അന്ധമായി നല്‍കുന്ന ഒരു സമൂഹം അവര്‍ക്ക് ചുറ്റും ഉണ്ടെന്ന്..അവര്‍ എന്ത് ചെയ്താലും അവര്‍ക്ക് സ്വീകാര്യത നല്‍കാന്‍ സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും അധികാരികളും ഫാന്‍സ് വെട്ടുക്കിളി കൂട്ടവും എന്നും ചുറ്റും ഉണ്ടാകും എന്ന്.

ഈ ധാരണ പൊളിക്കാന്‍ ഒരു പുരോഗമന സമൂഹത്തിന് ആയില്ലെങ്കില്‍ അത് ആ സമൂഹത്തിന്റെ അപചയം ആണ്...അങ്ങനെ ഒരു അപചയത്തില്‍ പെട്ട സമൂഹത്തില്‍ നില്‍ക്കുന്നത് കൊണ്ടാണ് സാമൂഹ്യ വിരുദ്ധതയും സ്ത്രീ വിരുദ്ധതയും ആരാഷ്ട്രീയതയും, കോമാളിത്തരവും മാത്രം പ്രകടിപ്പിച്ചു പോരുന്ന പലരെയും നമുക്ക് 'കലാകാരന്മാര്‍' എന്ന് വിളിക്കേണ്ടി വരുന്നത്.

അതു കൊണ്ട് മാത്രമാണ് ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളുടെ വക്താക്കളായി അവര്‍ നമ്മുടെ ജനപ്രതിനിധികള്‍ ആയി മാറുന്നത്.. സര്‍ക്കാരിന്റെ പരസ്യങ്ങളില്‍ വന്ന് നമ്മെ നേര്‍വഴിക്ക് നടക്കാന്‍ ഉപദേശിക്കുന്നത്..സര്‍ക്കാര്‍ പരിപാടികളിലും സാംസ്‌കാരിക ചടങ്ങുകളിലും വന്ന് ഗുണദോഷങ്ങള്‍ വിളമ്പുന്നത്..

ആ സ്വീകാര്യത ആണ് അവര്‍ക്ക് എന്ത് വൃത്തികേട് നടത്തുന്നവര്‍ക്കും അനുകൂലമായി പരസ്യമായി കുട പിടിക്കാന്‍ ധൈര്യം നല്‍കുന്നത്...ആ ധൈര്യം ഇല്ലാതാക്കാന്‍ പുരോഗമന കേരളത്തിന് ആകുമോ എന്ന ചോദ്യത്തിന് തല്‍ക്കാലം ഇല്ല എന്നത് തന്നെയാകും ഉത്തരം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക