Image

പുറത്താക്കല്‍ മാത്രം കേട്ടുകേഴ്വിയുള്ള അമ്മയില്‍ ഔദ്യോഗിക രാജി ആദ്യം; ഞെട്ടലോടെ താരപ്രഭുക്കന്‍മാര്‍

Published on 27 June, 2018
പുറത്താക്കല്‍ മാത്രം കേട്ടുകേഴ്വിയുള്ള അമ്മയില്‍ ഔദ്യോഗിക രാജി ആദ്യം; ഞെട്ടലോടെ താരപ്രഭുക്കന്‍മാര്‍
യാതൊരു വിധ ജനാധിപത്യമര്യാദകളുമില്ലാതെ ഇന്ത്യ എന്ന ജനാധിപത്യരാജ്യത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളിലൊന്നാണ് മലയാളത്തിലെ താരസംഘടനയായ അമ്മ. താരാധിപത്യം കൂടുതലുള്ള തമിഴ്നാട്ടിലെ താരസംഘടനയായ നടികര്‍ സംഘത്തിലുള്ള ജനാധിപത്യം പോലും അമ്മയില്‍ ഇല്ല എന്നതാണ് സത്യം. അഭിപ്രായ സ്വാതന്ത്ര്യവും തീരെയില്ല. ഒരു കാലം വരെ മമ്മൂട്ടി, മോഹന്‍ലാല്‍ സൂപ്പര്‍താരങ്ങളുടെ ആജ്ഞാനുവര്‍ത്തി മാത്രമായിരുന്നു അമ്മ. പിന്നീട് ദിലീപ് കൂടി സൂപ്പര്‍താര പദവിയില്‍ എത്തിയതോടെ തമ്പുരാക്കന്‍മാരുടെ എണ്ണം മൂന്നായി. പിന്നെ ഇവരുടെ ഗ്രൂപ്പുകളും ഏറാന്‍മൂളികളും മാത്രമായിരുന്നു അമ്മയിലെ മിക്ക അംഗങ്ങളും. തുടക്കം മുതല്‍ അടുത്തിടെ വരെ അമ്മയുടെ പ്രസിഡന്‍റായിരുന്ന ഇന്നസെന്‍റാവട്ടെ എക്കാലത്തും സൂപ്പര്‍താരങ്ങളുടെ വിനീത ദാസനുമായിരുന്നു. 
പുറത്താക്കല്‍ മാത്രമായിരുന്നു എക്കാലത്തും അമ്മയുടെ രീതി. സൂപ്പര്‍താരങ്ങള്‍ക്ക് അനിഷ്ടം തോന്നുന്നവരെ പുറത്താക്കും. ഇതില്‍ ഏറ്റവും ദയനീയമായിരുന്നു തിലകനെ പുറത്താക്കിയത്. പിന്നീട് സംവിധായകന്‍ വിനയന്‍റെ ചിത്രത്തില്‍ അഭിനയിച്ചതിന് മാള അരവിന്ദന്‍, ക്യാപ്ടര്‍ രാജു എന്നിവരെയും അനൗദ്യോഗികമായി വിലക്കി. അങ്ങനെ ബലിയാടുകളായവര്‍ നിരവധി. സാങ്കേതിക പ്രവര്‍ത്തകരെ ഏറാന്‍ മൂളികളാക്കാന്‍ ബി.ഉണ്ണികൃഷ്ണന്‍ എന്ന വിശ്വസ്ത ദാസന്‍റെ മേല്‍നോട്ടത്തില്‍ ഫെഫ്ക എന്ന സംഘടനയും രൂപപ്പെടുത്തി. മാക്ടയെ പിളര്‍ത്തി ഫെഫ്ക സൃഷ്ടിച്ചത് പോലും അമ്മയിലെ തമ്പുരാക്കന്‍മാരുടെ കളിയായിരുന്നു. 
സമീപകാലത്ത് സലിംകുമാര്‍ അമ്മയില്‍ നിന്നും രാജി ഭീഷിണി മുഴക്കിയിരുന്നു. താരങ്ങള്‍ പരസ്യരാഷ്ട്രീയ പ്രചരണത്തിന് പോകരുത് എന്നായിരുന്നു അമ്മയുടെ പോളസി. എന്നാല്‍ ഇത് ലംഘിച്ച് കഴിഞ്ഞ നിയമസഭാ ഇലക്ഷന്‍ കാലത്ത് മോഹന്‍ലാല്‍ ഗണേഷ്കുമാറിന് വേണ്ടി പ്രചരണത്തിന് പോയതാണ് കോണ്‍ഗ്രസുകാരനായ സലിംകുമാറിന് ചൊടിപ്പിച്ചത്. എന്നാല്‍ ആദ്യത്തെ ഭീഷിണിപ്പെടുത്തല്‍ കഴിഞ്ഞപ്പോള്‍ സലിംകുമാര്‍ മര്യാദക്കാരനായി സൂപ്പര്‍താരത്തിന്‍റെ വഴിക്ക് വന്നു.
എന്നാല്‍ ഇന്ന് മലയാള സിനിമയെ മുഴുവന്‍ അമ്പരപ്പിച്ചുകൊണ്ട് നാല് പേര്‍ ആദ്യമായി ഔദ്യോഗികമായി അമ്മയില്‍ നിന്നും രാജിവെച്ചിരിക്കുന്നു. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു സംഭവം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക