Image

അമ്മക്കാരേ; ഓര്‍മ്മയുണ്ടോ സുരേഷ്ഗോപിയുടെ നട്ടെല്ലിന്‍റെ ബലം

Published on 27 June, 2018
അമ്മക്കാരേ; ഓര്‍മ്മയുണ്ടോ സുരേഷ്ഗോപിയുടെ നട്ടെല്ലിന്‍റെ ബലം
ഒതുക്കിയും ഭീഷിണിപ്പെടുത്തിയും മാടമ്പിത്തരം കാണിച്ചും മലയാള സിനിമയെ ഭരിക്കുന്ന അമ്മയ്ക്ക് പുല്ലുവില കല്പച്ച് കലഹിക്കുകയും ഇറങ്ങിപ്പോരുകയും ചെയ്ത ഒരാളുണ്ട് മലയാള സിനിമയില്‍. സാക്ഷാല്‍ സുരേഷ് ഗോപി. പതിനെട്ട് വര്‍ഷമായി അമ്മയുടെ പടി ചവിട്ടിയില്ല നമ്മുടെ ആക്ഷന്‍ ഹീറോ. അമ്മയുടെ മീറ്റിഗുകളും ജനറല്‍ബോഡികളും ഷോകളുമെല്ലാം ബഹിഷ്കരിച്ച് സ്വന്തം നിലപാടില്‍ ഉറച്ചു നില്‍ക്കുന്നയാളാണ് സുരേഷ് ഗോപി. 
രണ്ടായിരത്തിന്‍റെ തുടക്കത്തില്‍ സുരേഷ്ഗോപി നയിച്ച ഗള്‍ഫ് ഷോയുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളുടെ തുടക്കം. ഏതെങ്കിലും താരം ഗള്‍ഫ് ഷോ നടത്തുകയാണെങ്കില്‍ അമ്മയ്ക്ക് അതിലൊരു തുക സംഭാവന നല്‍കണമെന്നുണ്ടായിരുന്നു അക്കാലത്ത്. ഗള്‍ഫില്‍ വന്‍ വിജയമായ സുരേഷ് ഗോപി ഷോ പാവപ്പെട്ടവര്‍ക്ക് പണം സമാഹരിക്കാനായി കേരളത്തിലെ ഒരു ജില്ലയില്‍ ജില്ലാഭരണകൂടത്തിന്‍റെ സംഘാടനത്തിലും നടത്തുകയുണ്ടായി. പാവപ്പെട്ടവര്‍ക്ക് പണം സമാഹരിക്കാനായി നടത്തിയ  ഈ ഷോയുടെ പേരിലും അമ്മ പണം ചോദിച്ചു. എന്നാല്‍ ഇത് ന്യായമല്ലെന്നായിരുന്നു അന്ന് പോഗ്രാം സംഘാകരുടെ നിലപാട്. ഇതിന്‍റെ പേരില്‍ അമ്മയുടെ മീറ്റിംഗില്‍ ഒരു സൂപ്പര്‍താരത്തിന്‍റെ മൗനസമ്മതത്തോടെ ജഗതിയും ജഗദീഷും സുരേഷ് ഗോപിക്കെതിരെ തിരിഞ്ഞു. അക്കാലത്ത് ചില താരങ്ങള്‍ക്ക് സൂരേഷ് ഗോപിയുടെ സൂപ്പര്‍താര പദവിയിലുള്ള അസൂയയായിരുന്നു ഈ നീക്കത്തിന് പിന്നില്‍. എന്നാല്‍ അമ്മ അന്യായമായി ആവശ്യപ്പെട്ട പണം സ്വന്തം പോക്കറ്റില്‍ നിന്നും സുരേഷ് ഗോപി നല്‍കി. പക്ഷെ പിന്നീട് അമ്മയുടെ പടി ചവിട്ടാനോ അമ്മയുമായി സഹകരിക്കാനോ സുരേഷ് ഗോപി പോയിട്ടില്ല. മനപ്പൂര്‍വ്വം തന്നെ അപമാനിക്കാനുള്ള ശ്രമമാണ് നടന്നതെന്ന തിരിച്ചറിവായിരുന്നു ഇതിന് പിന്നില്‍. 
അന്നു മുതല്‍ അമ്മയും സുരേഷ്ഗോപിയുമായിട്ടുള്ള ശീതസമരം ആരംഭിച്ചു. സൂപ്പര്‍താരവും കേരളം മുഴുവന്‍ ആരാധകരമുള്ള സുരേഷ് ഗോപിയെ പരസ്യമായി വിലക്കാന്‍ അന്ന് അമ്മയ്ക്ക് ധൈര്യം പോരായിരുന്നു. മാത്രമല്ല അന്ന് സാക്ഷാല്‍ വി.എസ് അച്യുതാനന്ദന്‍റെ അടുപ്പക്കാരനുമായിരുന്നു സുരേഷ് ഗോപി. 
പക്ഷെ പരസ്യവിലക്കിന് മുതിരാതിരുന്നപ്പോഴും സുരേഷ്ഗോപിക്ക് നേരെ പാരപണികളുമായി അമ്മയിലെ ഒരു ലോബി സജീവമായി. സുരേഷ്ഗോപിയുടെ സിനിമകള്‍ മുടക്കുകയും നിര്‍മ്മാതാക്കളെ പിന്തിരിപ്പിക്കുകയും ചെയ്യുന്നത് പതിവായി. 
സുരേഷ്ഗോപിയുടെ കരിയര്‍ തന്നെ തകര്‍ക്കുന്നതില്‍ ഈ പാരപണികള്‍ക്ക് വലിയ പങ്കുണ്ടായിരുന്നു. എന്നാല്‍ എന്തുവന്നാലും അമ്മയുമായി സമരസപ്പെടാനില്ലെന്നതായിരുന്നു സുരേഷ്ഗോപിയുടെ നിലപാട്. അവസാനം നേര്‍ക്ക് നേര്‍ പൊരുതിയ സുരേഷ്ഗോപിയോട് അമ്മയ്ക്ക് സമവായം ഉണ്ടാക്കേണ്ടി വന്നു എന്നതാണ് ചരിത്രം. ഇന്നസെന്‍റ് തന്നെ നടത്തിയ മധ്യസ്ഥ ചര്‍ച്ചയിലൂടെയാണ് അമ്മയ്ക്കെതിരെ പരസ്യ പ്രസ്താവനകള്‍ നടത്തില്ലെന്ന നിലപാടില്‍ സുരേഷ് ഗോപി എത്തിയത്. എങ്കിലും ഇപ്പോഴും അമ്മയിലെ മാടമ്പികള്‍ക്ക് മുമ്പില്‍ സുരേഷ് ഗോപി മുട്ടുമടക്കിയിട്ടില്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക