Image

ബിന്ദു ടിജിയുടെ 'രാസമാറ്റം,' പിതാവിന്റെ (അ)സംഭവ്യം, പ്രകാശിതമായി (മധു മുകുന്ദന്‍)

Published on 27 June, 2018
ബിന്ദു ടിജിയുടെ 'രാസമാറ്റം,' പിതാവിന്റെ (അ)സംഭവ്യം, പ്രകാശിതമായി (മധു മുകുന്ദന്‍)
ത്രുശൂര്‍:  സാഹിത്യ ലോകത്തു നിന്ന് മൗന വാല്മീകത്തില്‍ ഏറെ കാലം മറഞ്ഞിരുന്ന ഒരച്ഛന്‍. ചിതല്‍ പുറ്റു ഭേദിച്ച് പുറത്തുവന്ന ഒരു മകള്‍. 

ജൂണ്‍ പത്തിന് സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ ഒരച്ഛന്റെ കഥകളും മകളുടെ കവിതകളും ഒരേ വേദിയില്‍ പ്രകാശിതമായ അപൂര്‍വ്വ നിമിഷം. കഥാ കൊമ്പില്‍ പൂത്ത കാവ്യവിസ്മയം അനുഭവിക്കാന്‍ എത്തിയ നിറഞ്ഞ സാഹിത്യ സൗഹൃദങ്ങള്‍.

ചെറുകഥാകൃത്ത്, നിരൂപകന്‍, പ്രൊഫഷണല്‍ നാടക രചയിതാവ് എന്നീ മേഖലയില്‍ എഴുപതുകളില്‍ ഏറെ സജീവമായിരുന്ന ശ്രീ ലാസര്‍ മണലൂരിന്റെ '(അ)സംഭവ്യം' എന്ന കഥാസമാഹാരം മലയാളത്തിന്റെ പ്രിയ കഥാകാരന്‍ അശോകന്‍ ചരുവില്‍ ശ്രീ ജോസഫ് അലക്‌സ് നു നല്‍കി പ്രകാശനം ചെയ്തു.

അമേരിക്കന്‍ മലയാളിയായ മകള്‍ ബിന്ദു ടിജിയുടെ 'രാസമാറ്റം' എന്ന കാവ്യസമാഹാരത്തിന്റെ പ്രകാശന കര്‍മ്മം പത്മശ്രീ ഡോ . റസൂല്‍ പൂക്കുട്ടി മലയാളത്തിന്റെ ഇഷ്ട കഥാകാരന്‍ ശ്രീ അര്‍ഷാദ് ബത്തേരിക്ക് നല്‍കി നിര്‍വഹിച്ചു. ബാഷോ ബുക്ക്‌സ് ആണ് പ്രസാധകര്‍.

ചടങ്ങില്‍ ശ്രീ പി കെ ഭരതന്‍ അധ്യക്ഷനായിരുന്നു. പ്രിയ കവി ശ്രീ. സെബാസ്റ്റ്യന്‍, ശ്രീമതി ലളിത ലെനിന്‍, ശ്രീ എം കെ ശ്രീകുമാര്‍, ബഹു . സോഫി തോമസ്, ശ്രീമതി ഷീബ അമീര്‍, ശ്രീ വി യു. സുരേന്ദ്രന്‍, ശ്രീ ഗോപി മാമ്പുള്ളി എന്നിവര്‍ സന്നിഹിതരായിരുന്നു.

(അ)സംഭവ്യം, നാടക കൃത്തിന്റെ ചെറുകഥകള്‍ നാടകീയ മുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമെന്നും സാമൂഹ്യ വിദ്യാഭ്യാസ സാഹിത്യ ലോകത്തെ രണ്ട് തലമുറകളുടെ ബന്ധമാണ് തനിക്ക് ശ്രീ ലാസര്‍ മണലൂരുമായുള്ളതെന്നും അശോകന്‍ ചരുവില്‍ ഓര്‍മ്മിച്ചു.

പ്രണയത്തിന്റെ അറുത്തു മാറ്റപ്പെടുന്ന ഗാര്‍ഹിക ശിരസ്സില്‍ നിന്നിറ്റു വീഴുന്ന രക്തത്തുള്ളികള്‍ ആത്മീയവും രാഷ്ട്രീയവുമായ മാന്ത്രികച്ചേരുവകളില്‍ ഉള്‍ച്ചേര്‍ന്നു വികസിക്കുന്ന ഈ കവിതകളുടെ അമ്ലരസമുള്ള വായനാനുഭവം തീവ്രാനുഭൂതികള്‍ ജനിപ്പിക്കുന്നതെന്നു സാഹിത്യ നിരൂപകന്‍ ശ്രീ എം. കെ ശ്രീകുമാര്‍ 'രാസമാറ്റ' ത്തെ പരിചയപ്പെടുത്തി .

ശ്രീ റസൂല്‍ പൂക്കുട്ടി കണ്ടത് കവിതകളില്‍ കാലത്തിന്റെ നീറ്റലായിരുന്നു. ഉത്സവപ്പറമ്പില്‍ പാതിരാവില്‍ കുടിക്കുന്ന ചുക്കുകാപ്പി തൊണ്ടയില്‍ നിറക്കുന്ന പുകച്ചിലും അവിടെ തറയിലെ ചെറുമയക്കങ്ങളില്‍ പൊടിക്കല്ലുകള്‍ ദേഹത്തേല്‍പ്പിക്കുന്ന വേദനയും ഒടുവില്‍ ആളൊഴിഞ്ഞ ഉത്സവ പറമ്പിലെ ഒറ്റപ്പെട്ട വഴികളില്‍ പതിയിരിക്കുന്ന കഠിനാസ്വാസ്ഥ്യവും ആണ് ഈ കവിതകളില്‍ അനുഭവിച്ചത് എന്ന് ശ്രീ റസൂല്‍ പൂക്കുട്ടി.

രാസമാറ്റത്തില്‍ ഒളിഞ്ഞിരിക്കുന്ന രാഷ്ട്രീയവും മൗനങ്ങളില്‍ നിറഞ്ഞ ആത്മീയതയും ആണ് തന്നെ ആകര്ഷിച്ചതെന്നു ശ്രീ അര്‍ഷാദ് ബത്തേരി. ഒപ്പം മുന്നോട്ടുള്ള ദുഷ്‌കരമായ പാതയെ അറിഞ്ഞു പ്രവര്‍ത്തിക്കാനുള്ള ഉത്തരവാദിത്യം കവി കരുതണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു .

വര്‍ഷങ്ങളോളം ഹൃദയത്തില്‍ സൂക്ഷിച്ച സ്വര്‍ണ്ണ മുട്ട വിരിഞ്ഞുവന്ന പഞ്ചവര്‍ണ്ണക്കിളി എന്നാണ് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് കൂടിയായ ശ്രീമതി ലളിത ലെനിന്‍ കാവ്യസമാഹാരത്തെ വിശേഷിപ്പിച്ചത് .

രാസമാറ്റത്തിന് അവതാരിക കുറിച്ച ശ്രീ സെബാസ്റ്റ്യന്‍ ഈശ്വരദാനമായ ഈ പൊന്‍ നാണയം കാലങ്ങളില്‍ നഷ്ടമാകാതെ കാക്കണം എന്നാശംസിച്ചു.

സാമൂഹ്യ പ്രവര്‍ത്തകയും സൊലേസ് ചാരിറ്റി സ്ഥാപകയും ആയ ശ്രീമതി ഷീബ അമീര്‍ റുമിയെയും ജിബ്രാനെയും ഓര്‍മ്മിപ്പിച്ച 'പ്രണയ ചിന്തുകളില്‍' താന്‍ സ്വയം നഷ്ടപ്പെട്ടു പോകയായിരുന്നു എന്ന മധുരം പങ്കുവെച്ചു.

ധാതു ലവണങ്ങള്‍ നഷ്ടപ്പെട്ട മരുഭൂമിയിലെ ചുടുമണല്‍ പോലെ പൊള്ളിക്കുന്ന സ്‌നേഹശൂന്യരായ മനുഷ്യരെ ആണ് ആലപ്പുഴ ഡിസ്. ജഡ്ജ് ബഹു. സോഫി തോമസ് രാസമാറ്റത്തില്‍ കണ്ടെത്തിയത് .

ഈ കാവ്യ സമാഹാരം തന്റെ പ്രാര്‍ത്ഥനയും തീര്‍ത്ഥാടനവും ആണെന്നും സ്വയം കണ്ടെത്തുക എന്ന ആദ്യപടി സാധിച്ച സംതൃപ്തിയും ഒപ്പം മുന്നിലുള്ള പാതയെ കുറിച്ചുള്ള ആകാംക്ഷയും തന്റെ മറുമൊഴിയില്‍ കവി ചേര്‍ത്തു. ചടങ്ങില്‍ പങ്കെടുത്ത സാഹിത്യ സൗഹൃദങ്ങള്‍ക്ക് ശ്രീ ലാസര്‍ മണലൂര്‍ നന്ദി പറഞ്ഞു.

'രാസമാറ്റം' കാവ്യ സമാഹാരം വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അറിയിക്കുക.

ഫോണ്‍ :916-705-8568 , ഇ മെയില്‍ : beatricebindu@yahoo.com
വില $10 ഇതില്‍ നിന്നുള്ള വരുമാനത്തിന്റെ മുഖ്യ പങ്കും സൊലാസ് ചാരിറ്റി എന്ന ജീവകാരുണ്യ സംഘടന ക്കു നല്‍കുന്നതാണ് .

മധു മുകുന്ദന്‍
ബിന്ദു ടിജിയുടെ 'രാസമാറ്റം,' പിതാവിന്റെ (അ)സംഭവ്യം, പ്രകാശിതമായി (മധു മുകുന്ദന്‍)ബിന്ദു ടിജിയുടെ 'രാസമാറ്റം,' പിതാവിന്റെ (അ)സംഭവ്യം, പ്രകാശിതമായി (മധു മുകുന്ദന്‍)ബിന്ദു ടിജിയുടെ 'രാസമാറ്റം,' പിതാവിന്റെ (അ)സംഭവ്യം, പ്രകാശിതമായി (മധു മുകുന്ദന്‍)ബിന്ദു ടിജിയുടെ 'രാസമാറ്റം,' പിതാവിന്റെ (അ)സംഭവ്യം, പ്രകാശിതമായി (മധു മുകുന്ദന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക