Image

പിരിവുകള്‍ക്ക് പുണ്യകാലം (ചെറിയന്‍ തോമസ്)

Published on 27 June, 2018
പിരിവുകള്‍ക്ക് പുണ്യകാലം (ചെറിയന്‍ തോമസ്)
കൊടും തണുപ്പടിച്ചു വിറച്ച് വിറങ്ങലിച്ച ആറ് മാസം തള്ളിനീക്കി ക്ഷീണിച്ചവശനായി വിന്റര്‍ കോട്ടൂരി വലിച്ചെറിഞ്ഞ്, ബാക്ക്യാര്‍ഡിലെ കസേരയില്‍ കാലും പൊക്കി വെച്ചിരിന്ന് ശ്വാസം വിട്ടപ്പോള്‍ ഫോണടിച്ചു. മറ്റെ അറ്റത്ത് നിന്ന് പരിചയമില്ലാത്തയൊരു സ്വരം, “ചെറിയാന്‍ സാറല്ലേ?”
പെട്ടന്ന് സാറിന്റെ പദവിയിലേക്ക് പൊക്കിയതിന്റെ ഒരഹങ്കാരം എന്നിലുടെലെടുത്തു. ഒരു നിമിഷം കൊണ്ട് സ്വബോധം തിരിച്ച് കിട്ടിയപ്പോള്‍ ആക്കിയതാണെന്നറിഞ്ഞ് ഒരു പുരാതന ചളിയടിച്ചു,. “ഇതുവരെ അല്ലായിരുന്നു. വേണമെങ്കില്‍ ആകാം. ഏതു വിഷയമാ പഠിപ്പിക്കേണ്ടത്?
“ഹോ തമാശ...” എന്ന് പറഞ്ഞിട്ടൊരു ശ്രീക്കുട്ടന്‍ചിരിയും പാസ്സാക്കിയാ മറുതലയന്‍.
”ഞാന്‍ വിളിച്ചത്, സാറിഷ്ടപ്പെടുന്നയൊരു കാര്യം പറയാനാ“
സാറില്‍ തന്നെ കാലമാടന്‍ പിടിമുറുക്കിയിരിക്കുന്നു. നിപ്പ വൈറസ് പിടിച്ചാല്‍ ചാവാത്തവന്‍, അതുകൊണ്ട് തിരുത്തിയില്ല.
”എന്താണാവോ എനിക്കിഷ്ടമുള്ള ആക്കാര്യം?“ ഞാനറിയാത്തയൊരുവന്‍ എനിക്കിഷ്ടപ്പെടുന്നയൊരു കാര്യവുമായി വന്നിരിക്കുന്നു. അതൊന്നറിയണെമല്ലോ. ഞാന്‍ മിണ്ടാതെ ശ്രദ്ധിച്ചിരുന്നു.
“നമ്മളൊരു മിമിക്രി ഗാനസന്ധ്യ പരിപാടി നടത്തുവാണന്നേ, നാട്ടില്‍ നിന്നും വരുന്നവരാ. സാറിനറിയത്തില്ലായൊ നമ്മടെ പിഷുവും കൂട്ടരും”. പിന്നെ ഇതൊരു നല്ല കാര്യത്തിനും കൂടെയല്ലായൊ. നമ്മടെ പള്ളിക്ക് പുറത്തൊരു കുരിശ് പണിയാനല്ലേ“
“നമ്മളോ?” നമ്മടെ ഏതു പള്ളി?! എന്നിട്ട് ഞാനതറിഞ്ഞില്ലല്ലോ! ഞാനൊന്ന് അത്ഭുതപ്പെടാന്‍ തുടങ്ങിയപ്പോള്‍ പെട്ടന്ന് ക്‌ളച്ച് പിടിച്ചു മറ്റെ അറ്റത്തിരിക്കുന്നവന്‍ മദ്ധ്യതിരുവിതാംക്കൂറുകാരന്‍ തന്നെ. അതു കൊണ്ട് തല്കാലം അത്ഭുതപ്പെടണ്ടാന്നു തീരുമാനിച്ചു. ഈ മ.തി.രുകാര്‍ ബഹുമാനവും സ്‌നേഹവും കാണിക്കുന്നത് “ഞങ്ങള്‍” പ്രയോഗിക്കേണ്ടിടത്തെല്ലാം “നമ്മള്‍” എടുത്തങ്ങ് കാച്ചിയാണ്. മതിരുകാര്‍ ഒത്തിരി സ്‌നേഹമുള്ളവരാ, ചുമ്മാ സ്‌നേഹിച്ച് ജീവനോടെ കടിച്ച് തിന്നുന്നവര്‍. സംഭവത്തിന്റെ കിടപ്പ് പിടികിട്ടിയപ്പോള്‍ ഞാന്‍ സ്വരം താഴ്തി പറഞ്ഞു, “മോന്‍ അറിഞ്ഞത് ശരിയാ, എനിക്ക് മിമിക്രിയും പാട്ടും ഇഷ്ടമായിരുന്നു. എന്നാല്‍ നാളെ മുതല്‍ അതൊന്നും ഇഷ്ടപ്പെടേണ്ടാന്ന് ഇന്നലെ തിരുമാനിച്ച് പോയല്ലോ!” അപ്പൊ ശരിയെന്ന് പറഞ്ഞ് ഫോണ്‍ വെച്ചു.

വേനല്‍ കാലമായാല്‍ കൊതുക് ഈച്ച കരിമ്പനീച്ച മുതലായ ഷുദ്രജീവികളുടെ കൂട്ടത്തില്‍ നമ്മളെ ആക്രമിക്കാനെത്തുന്നയൊരു വര്‍ഗമാണ് പിരിവുകാരെന്ന പോക്കറ്റ് കരണ്ട് തിന്നുന്ന മൂഷികസേന. ഈ വര്‍ഷവും പതിവ് തെറ്റിക്കാതെ പതിവിലും വിപുലമായി പിരിവ് സംഘങ്ങള്‍ അണിയറയില്‍ തയ്യാറെടുത്ത് കൊണ്ടിരിക്കയാണ്. എട്ട് മാസം ഹൈബര്‍നേഷനിലായിരുന്ന മൂഷികസേനയുടെ ചാകരയാണ് ജൂണ്‍ മുതല്‍ സെപ്റ്റമ്പര്‍ വരെയുള്ള മാസങ്ങള്‍. എല്ലാ സംഘടനയിലും പിരിവ് കലയില്‍ ഡോക്ടറേറ്റ് എടുത്ത ഒരാളുണ്ടാകും അയാളുടെ മൂട് താങ്ങി ഫ്രി ബിരിയാണിയും കള്ളും അടിക്കാന്‍ ഒരു കൂട്ടം മന്ദബുദ്ധികളും കൂടെ കാണും. ഇവരെ ഫണ്ടോണ്ടാക്കല്‍ ഗമ്മറ്റിയായി പ്രഖ്യാപിക്കും, തലവനെ പിടിച്ച് ചെയര്‍മാനാക്കി സ്‌റ്റേജില്‍ കയറ്റി എന്തെങ്കിലും മണ്ടത്തരം പറയിപ്പിച്ച് സന്തോഷിപ്പിക്കും. ഇതോടെ ഫണ്ടോണ്ടാക്കല്‍ ഗമ്മറ്റി ഹൈബര്‍ണേഷന്‍ മോഡില്‍ നിന്നും അറ്റാക്ക് മോഡിലേക്ക് പരിണമിക്കും. കാശു തെണ്ടി കൊണ്ട് വരുന്ന മൂഷികസേനാധിപന്റെ പേര് സംഘടയുടെ യോഗങ്ങളില്‍ മൈക്കില്‍ കൂടെ പലവട്ടം വിളിച്ച് പറഞ്ഞ് ഒരു സെലിബ്രറ്റി സ്റ്റാറ്റസ് കൊടുത്ത് സുഖിപ്പിക്കുക ഒരു പതിവാണ്. പോക്കറ്റ് കാലിയായ സാധരണക്കാരന്‍ ഈയാളെയൊരു നികൃഷ്ട ജിവിയായിട്ടാണ് കാണുന്നത് എന്ന് മനസ്സിലാക്കനുള്ള ബോധമില്ലാത്തത് പിരിവ് സംഘടനകള്‍ക്ക് ഒരനുഗ്രഹമാണ്. മാത്രമല്ല, അടുത്ത വര്‍ഷവും ഒരു വളിച്ച ചിരിയും ഫിറ്റ് ചെയ്ത് രസീത് ബുക്കും കൊണ്ട് സാമാന്യപ്രജ്ഞക്ക് ഗ്രഹണി പിടിച്ച ഈ വര്‍ഗ്ഗത്തിന് ഇറങ്ങന്‍ സാധിക്കുന്നതും സ്വബോധമില്ലായ്മ എന്ന സിദ്ധി ഉള്ളതുകൊണ്ടാണ്.

ഈ വര്‍ഷം വരാന്‍ പോകുന്ന വന്‍ വിപത്തുകള്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കയാണ്. അമേരിക്കകാരന്റെ ചിലവില്‍ പുട്ടടിച്ച് അമേരിക്ക മുഴുവന്‍ ചുറ്റിക്കാണാന്‍ വരുന്ന ഒരു കൂട്ടം മലയാള സിനിമാക്കാരെ വടക്കെ അമേരിക്കയിലെ രണ്ട് പ്രമുഖ നഗരങ്ങളില്‍ സ്‌റ്റേജുണ്ടാക്കി അതില്‍ കയറ്റി അവാര്‍ഡ് കൊടുക്കുന്നു. സംഘാടകരാരാ മോന്‍...! ഏഷ്യനെറ്റ് അവാര്‍ഡ് പോലെ എന്തെങ്കിലുമൊരു പേരു വിളിച്ച് വന്നവര്‍ക്കെല്ലാം ഓരൊ അവാര്‍ഡ് വീതം കൊടുക്കും, രണ്ടിടത്തും ജേതാക്കള്‍ ഒന്നു തന്നെ, അങ്ങനെ ഒരേ കൂട്ടര്‍ക്ക് രണ്ട് സ്ഥലത്ത് വെച്ച് അവാര്‍ഡ് കൊടുക്കുന്നതിന്റെ ലാഭം പലവിധം. ഒരിടത്ത് കൊടുത്ത അവാര്‍ഡ് തിരിച്ച് വാങ്ങിച്ച് അതു തന്നെ വീണ്ടും അടുത്ത സ്ഥലത്ത് വെച്ച് കൊടുക്കാം. രണ്ട് പട്ടണത്തിലെയും തമിഴ് സിന്‍ഡ്രോം ബാധിച്ച ആയിരക്കണക്കിന് ആരാധകരുടെ പോക്കറ്റില്‍ നിന്ന് കാശും അടിച്ച് മാറ്റാം. ദോഷം പറയരുതല്ലോ, പള്ളി പണി പോലെ നമ്മടെ കാശ് കമ്പ്‌ളീറ്റ് സ്വാഹയല്ല. താരങ്ങളുടെ വളിച്ച ചളി കേട്ട് വേണമെങ്കില്‍ ആനന്ദിച്ചാറാടാം, നമ്മടെ കാശുകൊണ്ട് വാങ്ങിച്ച അവാര്‍ഡും വാങ്ങിച്ചോണ്ട് പോകുന്നത് കണ്‍കുളിര്‍ക്കെ കാണാം. ഭാഗ്യം ചെയ്തവരാണെങ്കില്‍ പ്രിയപ്പെട്ട നടീനടന്മാരുടെ കൂടെ നിന്ന് സെല്‍ഫിയെടുത്ത് ഫേസ് ബുക്കില്‍ പോസ്റ്റും ചെയ്യാം.

വിപത്ത് നമ്പര്‍ 2: ഒരു പ്രമുഖസമാജത്തിന്റെ വകയാണ്. സമാജത്തിന്റെ തറവാട് ചോരുന്നു. തറവാട്ടിലെ അടുപ്പില്‍ തൂറാന്‍ അധികാരമുള്ള കാര്‍ന്നോര് വിസ്തരിച്ചൊന്നു മുറുക്കി തുപ്പി മേലോട്ട് ചുമ്മായൊന്ന് കണ്ണോടിച്ചിട്ട് കല്പിച്ചു, “ങാ.... ഇത് നന്നാക്കാന്‍ ഒരു രണ്ടരലക്ഷം ഡോളര്‍ വേണ്ടിവരും, നാളെ തന്നെ പിരിക്കാന്‍ തൊടങ്ങിക്കോ”. അങ്ങനെയാ പിരിവിന്റെ ഉദ്ഘാടനമഹാമഹവും വിപുലമായി തന്നെ നടത്തി. അതുകൊണ്ടും തൃപ്തി വരാതെ തോറ്റ എം ല്‍ എയെ കൊണ്ട് വീണ്ടുമൊന്നുകൂടെ ഉദ്ഘാടിച്ച് നിങ്ങളുടെ ഇടയിലേക്ക് ഇറങ്ങിയിട്ടുണ്ട്. ജീവനില്‍ കൊതിയുണ്ടെങ്കില്‍ തറവാട് വാങ്ങിക്കാനിത്രയും കാശായില്ലല്ലോ, സ്ട്രക്ള്‍ച്ചറല്‍ എന്‍ജിനീയറെ കൊണ്ട് എസ്റ്റിമേറ്റ് വല്ലതും എടുത്തായിരുന്നോ എന്നാരും ചോദിച്ചേക്കരുത്. ഉത്തരം കേട്ടാല്‍ നിങ്ങള്‍ ചിരിച്ച് തല തല്ലി ചാകും.

ഇത് രണ്ടും ജൂണ്‍ മാസത്തിലെ വെറും പ്രിപബ്‌ളിക്കേഷന്‍സ് മാത്രം, ഇനി ഓര്‍ത്തഡോക്‌സിന് ഒരു പള്ളി, സീറൊ മലബാറിന് രണ്ട് പള്ളിയും അരമനയും, അമ്പലം, സ്വര്‍ണ്ണകൊടിമരം, ഫൊക്കാന, ഫോമ, ഡാന്‍സ് കൂട്ടം, മിമിക്രി പാട്ട് മുതലായവര്‍ ജൂലൈ മാസത്തില്‍ റിലീസ് ആവാനിരിക്കുന്നു.

കാത്തിരുന്ന് വന്നൊരു വേനല്‍ കാലം തെണ്ടലിന്റെ ഉത്സവമാക്കി മാറ്റിയ മൂഷികസേനയെ എന്റെ വീട്ടില്‍ നിന്ന് അകറ്റി നിര്‍ത്തേണമെ......ദൈവമേ എന്ന് പ്രാര്‍ത്ഥിക്കാനൊരുങ്ങിയപ്പോഴാണ് മനസ്സിലായത്, എന്തിനും ഏതിനും കാശു ചോദിക്കുന്ന ദൈവമാണിവരുടെ മാതൃകയെന്ന്. അതു കൊണ്ട് പേരു വക്കാതെ ഒരു ഡോളറിന്റെ പത്ത് ചെക്കെഴുതി പുറത്തെ മെയില്‍ ബോക്‌സില്‍ ഇട്ട് മലയാളത്തില്‍ ഒരു കുറിപ്പും വെച്ചു, “പിരിവുകാര്‍ ഈ ബോക്‌സില്‍ നിന്നും ഒരോ ചെക്ക് എടുത്ത് കൊണ്ട് പോകണം, നന്ദി”.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക