Image

അറയ്‌ക്കല്‍ രാജവംശത്തിലെ 38ാമത്‌ സുല്‍ത്താനയായി അറക്കല്‍ ആദിരാജാ ഫാത്തിമാ മുത്തുബീവി അധികാരമേല്‍ക്കും

Published on 28 June, 2018
അറയ്‌ക്കല്‍ രാജവംശത്തിലെ 38ാമത്‌ സുല്‍ത്താനയായി അറക്കല്‍ ആദിരാജാ ഫാത്തിമാ മുത്തുബീവി അധികാരമേല്‍ക്കും


കണ്ണൂര്‍: അറയ്‌ക്കല്‍ രാജവംശത്തിലെ 38 ാമത്‌ സുല്‍ത്താനയായി അറക്കല്‍ ആദി രാജാ ഫാത്തിമാ മുത്തുബീവി അധികാരമേല്‍ക്കും. ജൂലായ്‌ 1 ന്‌ ഞായറാഴ്‌ച്ച വൈകീട്ട്‌ മൂന്ന്‌ മണിക്ക്‌ കണ്ണൂര്‍ സിറ്റിയിലെ അറയ്‌ക്കല്‍ കെട്ടില്‍ പരമ്‌ബരാഗത ചടങ്ങോടെയാണ്‌ ഫാത്തിമ മുത്തുബീവി സ്ഥാനമേല്‍ക്കുക.
കഴിഞ്ഞ ദിവസം നിര്യാതയായ അറക്കല്‍ ബീവി സുല്‍ത്താന്‍ ആദിരാജ സൈനബാ ആയിഷാ ബീവിയുടെ ഇളയ സഹോദരിയാണ്‌ ഫാത്തിമാ മുത്തുബീവി. അറക്കല്‍ രാജവംശം പരമ്‌ബരാഗതമായി മരുമക്കത്തായ സമ്‌ബ്രദായമാണ്‌ ആചരിച്ചു പോന്നത്‌. ഇസ്ലാമിക ദായക്രമത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത പിന്‍തുടര്‍ച്ചയാണിത്‌.

കുടുംബത്തിലെ ഏറ്റവും പ്രായം കൂടിയ ആളാണ്‌ പുരുഷനായാലും സ്‌ത്രീയായാലും രാജവംശത്തിന്‌ നായകത്വം ഏല്‍ക്കുക എന്നതും ഈ മുസ്ലിം രാജവംശത്തിന്റെ സവിശേഷതയായി നിലനില്‍ക്കുന്നു. ഇത്തരത്തില്‍ അറയ്‌ക്കല്‍ രാജവംശത്തിന്റെ പല ഘട്ടങ്ങളിലും സ്‌ത്രീകളുടെ നേതൃത്വത്തില്‍ ഭരണം തുടര്‍ന്നിരുന്നു.
മൂത്ത അംഗം സ്‌ത്രീയണെങ്കില്‍ പോലും അവര്‍ക്കാണ്‌ രാജ്യാധികാര ചുമതല. അവരെ വലിയ ബീവി എന്നാണ്‌ വിശേഷിപ്പിക്കപ്പെടുന്നത്‌. 1770 ല്‍ സുല്‍ത്താന ജൂനുമ്മയായിരുന്നു അറയ്‌ക്കലിന്റെ ഭരണാധിപ. ഇംഗ്ലീഷ്‌-മൈസൂര്‍ യുദ്ധകാലങ്ങളില്‍ അവര്‍ നിര്‍ണ്ണായക നേതൃത്വം വഹിച്ചിട്ടുണ്ട്‌.

സൈന്യങ്ങളുടെ നേതൃത്വവും ദൈനംദിന ഭരണവും അവരുടെ ഭര്‍ത്താവായ ആലിരാജാവിനായിരുന്നു. അറയ്‌ക്കല്‍ രാജവംശത്തിലെ സ്ഥാപകന്‍ മുഹമ്മദാലി എന്നാണ്‌ ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്‌. തുടര്‍ന്ന്‌ ഉസ്സാന്‍ ആലി, ആലി മൂസ, കുഞ്ഞിമൂസ, എന്നിവരും പിന്‍തുടര്‍ച്ചാവകാശികളായി. പുരുഷനാണ്‌ രാജാവാകുന്നതെങ്കില്‍ ആലിരാജാവെന്നും സ്‌ത്രീയാണെങ്കില്‍ അറയ്‌ക്കല്‍ ബീവി എന്നും വിളിക്കപ്പെടുന്നു.

തലശ്ശേരി കായ്യത്തെ അറയ്‌ക്കല്‍ ക്വാട്ടേജിലെ പരേതനായ സി.പി. കുഞ്ഞഹമ്മദിന്റെ ഭാര്യയാണ്‌ ഫാത്തിമാ മുത്തുബീവി. പരേതരായ ആലുപ്പി ഇളയയുടേയും ആദിരാജാ മറിയുമ്മയുടേയും മകളാണ്‌. കദീജാസോഫിയ ഏക മകളാണ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക