Image

കേരളം ഫിലഡല്‍ഫിയയിലേക്ക്; ഫൊക്കാന കണ്‍വന്‍ഷന്‍ ചരിത്രം കുറിക്കും

Published on 29 June, 2018
കേരളം ഫിലഡല്‍ഫിയയിലേക്ക്; ഫൊക്കാന കണ്‍വന്‍ഷന്‍ ചരിത്രം കുറിക്കും
ഫിലഡല്‍ഫിയ: ഇരുപത്തിരണ്ട് വര്‍ഷം മുമ്പ് ഡാളസില്‍ നടന്ന കണ്‍വന്‍ഷനില്‍ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ പങ്കെടുത്തശേഷം ആദ്യമായി കേരള മുഖ്യമന്ത്രിയെ അമേരിക്കന്‍ മണ്ണിലെത്തിച്ച് ഫൊക്കാന കണ്‍വന്‍ഷന്‍ ചരിത്രത്തിലേക്ക് കുതിക്കുന്നു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ എന്നിവരും രാജു ഏബ്രഹാം എം.എല്‍.എ, മോന്‍സ് ജോസഫ് എം.എല്‍.എ, വി.പി. സജീന്ദ്രന്‍ എം.എല്‍.എ എന്നിവരും പങ്കെടുക്കും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ എം.പി പിജെ. കുര്യന്‍, വനിതാ കമ്മീഷന്‍ അംഗം സജിത കമാല്‍, നോര്‍ക്കയുടെ വരദരാജന്‍ തുടങ്ങി ഒരുപറ്റം രാഷ്ട്രീയ നേതാക്കള്‍ കണ്‍വന്‍ഷന്‍ വേദിയെ കേരളമാക്കി മാറ്റും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വിദേശത്ത് ഒരേ വേദിയില്‍ ഒത്തുചേരുന്നത് ഇതാദ്യമായിരിക്കും.

ചടങ്ങില്‍ കേരളരത്നം അവാര്‍ഡ് ചെന്നിത്തലയ്ക്ക് സമ്മാനിക്കും. ആഭ്യന്തര മന്ത്രി ആയിരിക്കുമ്പോള്‍ ബ്ലേഡ് കമ്പനികള്‍ക്കെതിരേ നടത്തിയ 'ഓപ്പറേഷന്‍ കുബേര' പദ്ധതിക്കുള്ള അംഗീകാരമായാണ് ഈ അവാര്‍ഡ്.

സാഹിത്യരംഗത്തുനിന്നും കെ.പി. രാമനുണ്ണി അടക്കമുള്ളവര്‍ എത്തുന്നു. വ്യവസായ പ്രമുഖരും വരുന്നുണ്ട്. കേരളത്തിലെ സാഹിത്യകാരന്മാരുടെ നാമത്തില്‍ ഇന്ത്യയിലേയും അമേരിക്കയിലേയും സാഹിത്യകാരന്മാര്‍ക്ക് അവാര്‍ഡുകള്‍ നല്‍കും.

ഷോര്‍ട്ട് ഫിലിം അവാര്‍ഡുകള്‍ ശബരീനാഥ് അധ്യക്ഷനായ കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്.

കണ്‍വന്‍ഷന്‍ നടക്കുന്ന വാലിഫോര്‍ജ് കാസിനോ ഹോട്ടലിലെ മുറികള്‍ എല്ലാം തീര്‍ന്നു. സമീപത്തുള്ള ഷെറാട്ടനിലാണ് ഏതാനും പേര്‍ക്ക് മുറിയൊരുക്കുന്നത്.

ഫാമിലി രജിസ്ട്രേഷന്‍ ക്ലോസ് ചെയ്തു. ഏതാനും വാക് ഇന്‍ രജിസ്ട്രേഷന്‍ അവശേഷിക്കുന്നു. മൂന്നു ദിവസത്തേക്ക് 350 ഡോളറാണ് വാക് ഇന്‍ രജിസ്ട്രേഷന്‍ തുക. ബാങ്ക്വറ്റ് ദിനമായ ശനിയാഴ്ചത്തേക്ക് 150 ഡോളര്‍. സീറ്റ് ഉണ്ടെങ്കില്‍ മാത്രമേ അന്ന് രജിസ്ട്രേഷന്‍ ലഭിക്കൂ.

ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, കണ്‍വന്‍ഷന്‍ ചെയര്‍ മാധവന്‍ നായര്‍, ജോസ് കാനാട്ട്, പോള്‍ കറുകപ്പള്ളി തുടങ്ങിയ ഭാരവാഹികള്‍ ഇന്നലെ കണ്‍വന്‍ഷന്‍ വേദിയില്‍ യോഗം ചേര്‍ന്ന് പ്രോഗ്രാമിനു അന്തിമ രൂപം നല്‍കി.

മുഖ്യമന്ത്രി ആറാം തീയതി വെള്ളിയാഴ്ചയാണെത്തുക. അന്ന് ഉച്ചയ്ക്കുശേഷം അദ്ദേഹത്തിന് ബാള്‍ട്ടിമോര്‍ വൈറോളജി സെന്ററില്‍ സ്വീകരണമുണ്ട്. ഏഴാം തീയതി ബിസിനസ് സെമിനാറിലും സമാപന സമ്മേളനത്തിലും മുഖ്യമന്ത്രി പ്രസംഗിക്കും.

കണ്‍വന്‍ഷന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നത് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്. മന്ത്രി ശൈലജ ടീച്ചറും പ്രസംഗിക്കും.

നാലാം തീയതി എത്തുന്ന ശൈലജ ടീച്ചര്‍ സിക്കിള്‍ സെല്‍ അനീമിയ സംബന്ധിച്ചുള്ള ഫിലഡല്‍ഫിയയിലെ പഠന കേന്ദ്രം സന്ദര്‍ശിക്കുമെന്ന് ജോസ് കാനാട്ട് പറഞ്ഞു. വയനാട്ടില്‍ ഒരു ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള സാധ്യതകള്‍ ആരായുകയാണ് ലക്ഷ്യം.

നിപ വൈറസ് തടയുന്നതിനു ധീരമായ നേതൃത്വം കൊടുത്ത മന്ത്രി ശൈലജ ടീച്ചറെ ഐക്യരാഷ്ട്ര സഭയില്‍ ആദരിക്കുന്നതാണ്.

കാര്യങ്ങളെല്ലാം ഉദ്ദേശിച്ചതിലും ഭംഗിയായി പോകുന്നതായി പ്രസിഡന്റ് തമ്പി ചാക്കോ പറഞ്ഞു. കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നില്ലെങ്കില്‍ അതൊരു നഷ്ടമായിരിക്കുമെന്നു സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു.

അനാവശ്യമായ മാധ്യമ കോലാഹലമോ അവകാശവാദങ്ങളോ ഇല്ലാതെ മികച്ച കണ്‍വന്‍ഷനാണ് ലക്ഷ്യമിടുന്നതെന്നും അതു ലക്ഷ്യം കാണുമെന്നും കണ്‍വന്‍ഷന്‍ ചെയര്‍ മാധവന്‍ നായര്‍ പറഞ്ഞു. 
കേരളം ഫിലഡല്‍ഫിയയിലേക്ക്; ഫൊക്കാന കണ്‍വന്‍ഷന്‍ ചരിത്രം കുറിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക