Image

പാന്ഥന്റെ അമ്പലപ്പാട്ട് (കവിത: ചാക്കോ ഇട്ടിച്ചെറിയ)

Published on 29 June, 2018
പാന്ഥന്റെ അമ്പലപ്പാട്ട് (കവിത: ചാക്കോ ഇട്ടിച്ചെറിയ)
ഇഹത്തിലില്ല നിത്യവാസ
മെന്നറിഞ്ഞു നാം വൃഥാ
പിടിച്ചു സ്വന്തമാക്കിടേണ്ട
യിജ്ജഗത്തിലൊന്നുമേ

പിടിച്ചു പിന്നെ നീ യടക്കി
യാസനങ്ങളെന്തിനായ്
അതിനുശേഷമാവലാതി
തോന്നിടുന്നതും സഖേ !?

കെട്ടിനീയുയര്‍ത്തി കോട്ട
കൊത്തളങ്ങളൊക്കെയും
അതില്‍ വസിച്ചു നീ മടുത്തു
നിത്യവാസ മിഥ്യയാല്‍

എടുത്തുനീയപഹരിച്ചു
അന്യവിത്ത മായതാ
ലനുഭവിക്കുമെന്നമോഹ
മര്‍ത്ഥ ശങ്കയേകിയോ ?

മിനുത്തതാംതൊലിക്കുകീഴി
ലുള്ളതാം കൊഴുപ്പിനെ
അഴുക്കാതെന്നറിഞ്ഞിടാതെ
യാധിയാല്‍ കമിച്ചിതോ ?

മണ്ണു മപ്പു വായുവഗ്‌നി
അഭ്രമെന്നിവകളാല്‍
നിന്നെമര്‍ത്യരൂപമാക്കി
സന്നിവേശമേകിനാന്‍

നല്‍നിലാവ് മാരുതന്‍ കുളിര്‍
നിഴല്‍കളൊക്കെയും
നിനക്കുകൂടിയുള്ളതെ
ന്നറിഞ്ഞെറികസ്വാര്‍ഥത!

എനിയ്ക്കുവേണ്ടിയാണിതൊക്കെ
എന്നസത്യമോര്‍ത്തുഞാ
നവയ്ക്കുവേണ്ടിയെന്നെയും
തരപ്പെടുത്തി തമ്പുരാന്‍ !

വേണ്ട വേണ്ട നിന്റെയൊന്നു
മാണ്ടവന്നു വേണ്ടഹോ
നിന്നെയത്രെ,യായവാന്‍
നരയ്ക്കിലും പുതുക്കിടും

നീളുകില്ലയായുസ്സെത്ര
നീശ്രമിക്കിലും വിഭോ
നീട്ടിടാന്‍ കരുത്തനായ
ശില്പിയോട് കേണിടൂ

വിത്തിനുള്ളിലാക്കി നിന്റെ
ജീവനെ ദയാപരന്‍
മുളച്ചിടാന്‍ കരുത്തുമേകി
തക്കകാലമായതില്‍

ഉദിച്ചുയര്‍ന്ന സൂര്യശോഭ
വീശിയിജ്ജഗത്തിനെ
വിളിച്ചുണര്‍ത്തി കൂരിരുട്ടു
നീക്കി നീ ജഗത്ഗുരോ !!!,

പാന്ഥരാണു നാമിഹത്തി
ലമ്പലത്തിലെത്തിയൊ
ത്തിറ്റുനേരമാസ്വദിച്ചു
വാസവും വെടിഞ്ഞിടാം!.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക