Image

കുസൃതികുപ്പായം- രാജു മൈലപ്രാ

രാജു മൈലപ്രാ Published on 29 June, 2018
കുസൃതികുപ്പായം- രാജു മൈലപ്രാ
കപടഭക്തിക്കാരായ ശാസ്ത്രിമാരും പരിശന്മാരുമായുള്ളോരെ - നിങ്ങള്‍ക്കു ഹാ കഷ്ടം - വെള്ള തേച്ച ശവക്കല്ലറകളോടു നിങ്ങള്‍ ഒത്തിരിക്കുന്നു. അതു പുറമേ അഴകായി ശോഭിക്കുന്നെങ്കിലും, അകമേ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു. അങ്ങനെ തന്നെ പുറമേ നിങ്ങള്‍ നീതിമാന്മാര്‍ എന്നു മനുഷ്യര്‍ക്കു തോന്നുന്നു -അകമോ കപടഭക്തിയും അധര്‍മവും നിറഞ്ഞവരത്രേ (മത്തായി 23:27)

ദൈവവിളി കിട്ടിയിട്ടാണ് പലരും പുരോഹിതന്മാരാകുന്നതെന്ന് പറയപ്പെടുന്നു. അങ്ങിനെ 'മോനേ! രാജു - നീ പുരോഹിതനാകണം' എന്ന് ദൈവം ആരേയും രാത്രിയില്‍ വന്നു നേരില്‍ വിളിക്കുമെന്നു ഞാന്‍ കരുതുന്നില്ല. 'രാത്രി' എന്നെടുത്തു പറയുവാന്‍ കാരണം, പലരും നേരം വെളുക്കുമ്പോഴാണ് ഈ 'ദൈവവിളി' യുടെ കാര്യം പുറത്തറിയിക്കുന്നത്.

ദൈവവേലയേക്കാള്‍, നല്ലൊരു ജീവിത മാര്‍ഗ്ഗമായിട്ടാണ് പലരും പുരോഹിത പട്ടം കാണുന്നത്. വലിയ വരുമാനമുള്ള പള്ളികളിലെ വികാരി ആകുവാന്‍, വലിയ ചരടുവലി വേണം. നല്ല പെരുത്ത ശമ്പളം, കൂടാതെ വിവാഹം, മാമ്മോദീസാ, ശവമടക്ക്, വീട്ടു കൂദാശ, ധൂപം വെയ്ക്കല്‍. കുപ്പായത്തിന്റെ കീശകളെല്ലാം നിറഞ്ഞു കവിയുന്നു. കൂടാതെ കൊച്ചമ്മമാര്‍ക്ക് സഭയുടെ കോളേജുകളില്‍ ലക്ച്ചര്‍ പോസ്റ്റ്. ഒരു കൈക്കൂലിയുമില്ലാതെ!

വികാരിമാരില്‍ പലര്‍ക്കും ഈയിടെയായി 'വികാരം' ഇച്ചരെ കൂടുതലാണെന്നു തോന്നുന്നു. 'പത്തായത്തില്‍ അരി ഉണ്ടെങ്കില്‍ എലി പാലക്കാട്ടു നിന്നും വരും' എന്നു പറഞ്ഞതുപോലെ ചില വികാരിമാര്‍ വികാരം ശമിപ്പിക്കാന്‍ ഡെല്‍ഹിയില്‍ നിന്നും കൊച്ചിവരെ പറന്നെത്തി വരും. വീട്ടു ചെലവിനു ആയിരം രൂപാ മുടക്കാന്‍ മുക്കിമൂളുന്നവന്‍, വ്യഭിചാരത്തിന് പതിനായിരങ്ങള്‍ വാരി എറിയും.

രഹസ്യ കുമ്പസ്സാരത്തോടനുബന്ധിച്ചാണത്രേ, ഈ വെടിമരുന്നിന് തിരി കൊളുത്തുന്നത്. ഒരു പെണ്ണുമ്പിള്ളക്ക് കല്യാണത്തിന് മുന്‍പുതന്നെ അയല്‍വാസിയായ ഒരു വൈദികനോടു ഒരു 'ഇത്'ഉണ്ടായിരുന്ന്രേത! ആ ഒരു 'ഇത്' പിന്നീട് 'അത്' ആയി മാറി.

ഒരു ചെറുപ്പക്കാരനെ യാതൊരു മനസ്സാക്ഷിക്കുത്തും കൂടാതെ വിവാഹം കഴിച്ച ആ യുവതി, താന്‍ വിലക്കപ്പെട്ട കനി ഭക്ഷിച്ച കാര്യം ഒരു കുമ്പസ്സാരവേളയില്‍ പുരോഹിതനോട് ഏറ്റു പറഞ്ഞു. അപ്പോള്‍ തുടങ്ങി 'ബ്ലാക്ക്മെയിലിംഗ്'. അച്ചന്‍ യുവതിയുമായുള്ള ബന്ധത്തെപ്പറ്റി കൂട്ടു വികാരിമാരോടു പറഞ്ഞു. വികാരം അണപൊട്ടി ഒഴുകി. 'എലികള്‍ ഓരോന്നായി പത്തായത്തില്‍ കയറിയിറങ്ങി. ഈ താടിയില്‍ പിടിച്ചുള്ള കായികാഭ്യാസം രണ്ടു കുട്ടികളുടെ അമ്മയായ ആ സ്ത്രീക്ക് ഒരു വീക്നെസ് ആയിരുന്നു എന്നു വേണം കരുതുവാന്‍.

രഹസ്യ കുമ്പസ്സാരം എന്തിനാണ് നിര്‍ബന്ധമാക്കുന്നത്?

'ഞാന്‍ തന്നെ വഴിയും സത്യവും ജീവനും ആകുന്നു. ഞാന്‍ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കല്‍ എത്തുന്നില്ല.
(യോഹന്നാന്‍ 14:16)

അപ്പോള്‍ പിന്നെ എന്തിന് ഈ ഇടനിലക്കാര്‍.

'നീയോ പ്രാര്‍ത്ഥിക്കുമ്പോള്‍ അറയില്‍ കടന്നു വാതില്‍ അടച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാര്‍ത്ഥിക്കുക. രഹസ്യത്തില്‍ കാണുന്ന പിതാവ് നിനക്കു പ്രതിഫലം തരും' (മത്തായി 6:6)

എന്നാല്‍ ഇടവകാംഗങ്ങളുടെ ബലഹീനത മനസ്സിലാക്കുവാന്‍ 'ആണ്ടു കുമ്പസ്സാരം' എന്നൊരു ഇണ്ടാസ് ഇറക്കിയിട്ടുണ്ട്. അങ്ങിനെ കുമ്പസ്സാരിച്ചു കുര്‍ബാന കൊള്ളാത്തവര്‍ക്ക് പൊതുയോഗത്തില്‍ ഇരിക്കുവാന്‍ അനുവാദമില്ല. എന്നാല്‍ കുമ്പസ്സാരിക്കാത്തവരോട് പലതവണ പലപേരും പറഞ്ഞ് പിരിവു നടത്തുന്നതിന് തടസ്സമൊന്നുമില്ല.

കുമ്പസ്സാരം ഒരു വലിയ പ്രഹസനമാണ്. തങ്ങള്‍ ചെയ്ത തെറ്റുകളെല്ലാം, തങ്ങളെപോലെ തന്നെയുള്ള ഒരു മനുഷ്യനോട് ഏറ്റു പറയുവാന്‍ തക്ക വിഡ്ഡികളൊന്നുമല്ലല്ലോ പൊതുജനം?

അമേരിക്കയില്‍ ഇനി 'ഫാമിലി കോണ്‍ഫറന്‍സുകളുടെ' വസന്തകാലമാണ്. പ്രീ മാരിയേജ് ക്ണ്‍സലിംഗ്, ആഫ്ടര്‍ മാരിയേജ് ക്ണ്‍സലിംഗ്, കപ്പിള്‍ മീറ്റിംഗ് അങ്ങിനെ പല പേരുകളില്‍, അവിവാഹിതരായ പുരോഹിതന്മാര്‍ ക്ലാസ്സെടുക്കുന്നു. ചര്‍ച്ചകള്‍ നയിക്കുന്നു. ശംഭോ മഹാ ദേവാ.

അമേരിക്കയിലെ നമ്മുടെ കുട്ടികള്‍ പൊതുവേസ്റ്റ്രെയിറ്റ് ഫോര്‍വേഡ് ആണ്. അവര്‍ക്കു വക്രബുദ്ധിയൊന്നുമില്ല. തെറ്റെന്ന് അവരെ മാതാപിതാക്കളും പള്ളിയും പറഞ്ഞു പഠിപ്പിച്ചിരിക്കുന്ന കാര്യങ്ങള്‍, അവര്‍ കുമ്പസ്സാരത്തില്‍ വെളിപ്പെടുത്തും. വലിയൊരു കെണിയിലേക്കാണ് അവര്‍ ചെന്നു വീഴുന്നതെന്ന് അവര്‍ അറിയുന്നില്ല. അതിനാല്‍ നോക്കിയും കണ്ടും വേണം, മക്കളെ, പ്രത്യേകച്ച് പെണ്‍മക്കളെ കുമ്പസ്സാരത്തിന് പറഞ്ഞുവിടുന്നത്.

പിടിക്കപ്പെട്ട അച്ചന്മാര്‍ക്കെതിരെ പരാതി പറഞ്ഞവരോട് 'നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെയെന്നാണ്' സഭാനേതൃത്വം പറയുന്നത്.

ഇപ്പോള്‍, അച്ചന്മാരുടെ വികാര ശമനം നടത്തിയ യുവതിയുടെ ഭര്‍ത്താവിനെതിരെ മാനനഷ്ടത്തിനു കേസ്സുകൊടുക്കുവാന്‍ പോകുകയാണെന്നും കേട്ടു - കേസു കൊടുക്കണം - എങ്കില്‍ മാത്രമല്ലേ ഇവര്‍ കോടതിയില്‍ വിചാരണ ചെയ്യപ്പെടുകയുള്ളു.

ഒരു കാര്യത്തില്‍ ദു:ഖമുണ്ട്, അച്ചന്‍മാരുടെ അദ്ധ്യാപികമാരായ കൊച്ചമ്മമാരും, വിദ്യാര്‍ത്ഥികളായ അവരുടെ മക്കളും ഓരോ ദിവസവും പൊതുസമൂഹത്തെ നേരിടേണ്ടിവരുന്ന ദയനീയമായ അവസ്ഥ ഓര്‍ക്കുമ്പോള്‍!

പിടിച്ചതിനേക്കാള്‍ വലുത് അളയിലുണ്ടെന്നാണ് കേള്‍ക്കുന്നത്! 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക