Image

ലോകം ചെറുതാവുന്നു (പകല്‍ക്കിനാവ്- 107: ജോര്‍ജ് തുമ്പയില്‍)

Published on 30 June, 2018
ലോകം ചെറുതാവുന്നു (പകല്‍ക്കിനാവ്- 107: ജോര്‍ജ് തുമ്പയില്‍)
ഭൂലോകം ചെറുതാവുന്നുവെന്നു തോന്നുന്ന ചില നിമിഷങ്ങളുണ്ട്. അത്തരത്തിലൊന്നാണ് ഇപ്പോള്‍ റഷ്യയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ലോകകപ്പ് ഫുട്‌ബോള്‍ എന്ന മാന്ത്രികസുന്ദര മുഹൂര്‍ത്തങ്ങള്‍. ലോകത്തിലെ പ്രബലരായ 32 ടീമുകള്‍ പരസ്പരം പോരടിക്കുന്നു. അതില്‍ വിജയിക്കുന്നതാവട്ടെ ഒരേയൊരു ടീം. അതു ചിലപ്പോള്‍ മുന്‍ ലോകകപ്പ് ജേതാക്കളായ ജര്‍മ്മനിയാവും, കൂടുതല്‍ ആരാധകരുള്ള ലാറ്റിനമേരിക്കന്‍ ടീമുകളിലൊന്നായ ബ്രസീലോ, അര്‍ജന്റീനയോ ആവാം. അതുമല്ലെങ്കില്‍ ഫ്രാന്‍സ് ആവാം. എന്തായാലും പ്രവചനാതീതമാണ് ഓരോ മത്സരവും എന്നുറപ്പ്.

ഫുട്‌ബോള്‍ എന്നത് വെറുമൊരു കായിക മത്സരമല്ല. അതൊരു ആവേശമാണ്. പതിനൊന്ന് പേരും തൊണ്ണൂറു മിനിറ്റും ചേര്‍ന്ന് ലോകത്തിന്റെ സ്പന്ദനങ്ങളായി മാറുന്ന മാന്ത്രികനിമിഷങ്ങള്‍. ഫുട്‌ബോള്‍ ഒരു പ്രദേശത്തിന്റെയോ രാജ്യത്തിന്റെയോ കുറച്ച് ജനങ്ങളുടേയോ ആവേശമല്ല അത് ഒരു ഭൂഗോളത്തിന്റെ ജ്വരമാണ്. ലോകത്തിലേറ്റവും പ്രിയപ്പെട്ട കായിക വിനോദമായത് ഈ തുകല്‍ പന്ത് തന്നെയാണ്. ആ പന്തിനെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ ലോകം ഉറ്റുനോക്കുന്നത്. ആരാവും വിജയികളെന്ന്. ഏറ്റവും കൂടുതല്‍ തവണ ലോകകപ്പ് ഫുട്‌ബോള്‍ കിരീടം നേടിയ രാജ്യം ബ്രസീലാണ്. 5 തവണയാണ് ബ്രസീല്‍ ജേതാക്കളായത്. ലോകകപ്പ് ചരിത്രത്തില്‍ എല്ലാ ടൂര്‍ണമെന്റുകളിലും കളിച്ച ഒരേ ഒരു ടീമും മഞ്ഞപ്പട തന്നെ. 1930 ലാണ് സംഭവബഹുലമായ ഒന്നാമത്തെ ഫിഫ ലോകകപ്പിന് ആരംഭം കുറിച്ചത്. പതിമൂന്ന് ടീമുകള്‍ നാലു ഗ്രൂപ്പുകളിലായി 18 ദിവസം 1930 ജൂണ്‍ 13 മുതല്‍ ജൂണ്‍ 30 വരെ ഉറുഗോയിലെ മോണ്ടി വിഡിയോയില്‍ വെച്ചായിരുന്നു മത്സരിച്ചത്. ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെ പരിശോധിച്ചാല്‍ ഫുട്‌ബോള്‍ നല്‍കുന്നത് ശരിക്കും വിജ്ഞാനീയമായ കാര്യങ്ങളാണെന്നു കാണാം. അമേരിക്കന്‍ മണ്ണില്‍ പിറക്കാതിരുന്നിട്ടും ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ നെഞ്ചോടു ചേര്‍ത്തുവച്ച കായികമാമാങ്കമായി ഫുട്‌ബോള്‍ മാറി. ഫുട്‌ബോള്‍, ജീവിതം മാത്രമല്ല, ജീവന്‍ തന്നെയായ എത്രയോ നിമിഷങ്ങള്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും കേള്‍ക്കാന്‍ കഴിയും. എന്നാല്‍ അമേരിക്കയില്‍ ഇത് ഇന്നും വഴിമാറി നില്‍ക്കുന്നു. എന്തു കൊണ്ട് ഫുട്‌ബോളിന് ഇവിടെ ആവേശം സൃഷ്ടിക്കാന്‍ കഴിയുന്നില്ലെന്നു ചോദിച്ചാല്‍ അതിനു മാത്രം ഉത്തരവുമില്ല. ചൈനയിലെ ഹാന്‍ സാമ്രാജ്യകാലത്താണ് ഫുട്‌ബോളിന്റെ ആദ്യരൂപം കളിച്ചിരുന്നതായി കണക്കാക്കുന്നത്. ഫുട്‌ബോള്‍ എന്ന പേരില്‍ അമേരിക്കയില്‍ മറ്റു ചില കളികളുമുണ്ട് അതിനാല്‍ തെറ്റിദ്ധാരണ ഒഴിവാക്കാന്‍ കാല്‍പന്തുകളി അവിടെ സോക്കര്‍ എന്നും അറിയപ്പെടുന്നു. ലളിതമായ നിയമങ്ങളും പരിമിതമായ സൗകര്യങ്ങള്‍ മതി എന്നതുമാണ് ഫുട്‌ബോളിനെ ജനപ്രിയമാക്കാന്‍ കാരണങ്ങള്‍. 200 രാജ്യങ്ങളിലായി കോടിക്കണക്കിനാളുകള്‍ ഈ കായികവിനോദത്തിലേര്‍പ്പെടുന്നുണ്ട്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍, യൂറോപ്പ് എന്നിവിടങ്ങളിലാണ് ഫുട്‌ബോളിന് ഏറ്റവും പ്രചാരമുളളത്. സുന്ദരമായ ഈ കളി ആദ്യം കളിച്ചത് 1863 ഡിസംബര്‍ 19-ന് ലണ്ടനിലെ ലൈയിംസ് ഫീല്‍ഡ് മൈതാനത്തില്‍ വച്ചാണെന്നു കരുതപ്പെടുന്നു.

ലോകം ഫുട്‌ബോള്‍ പന്തു പോലെ ചുരുങ്ങുന്നുവെന്നൊക്കെ ആവേശത്തിനു കലാപരമായി മന്ത്രിക്കാറുണ്ടെങ്കിലും ഫുട്‌ബോള്‍ പന്തുകള്‍ക്കും ചില നിയമങ്ങളൊക്കെയുണ്ട്. സാധാരണയായി നമ്പര്‍ 1 മുതല്‍ നമ്പര്‍ 5 വരെയുള്ള അളവുകളില്‍ പന്തുകള്‍ ലഭ്യമാണ്. അളവിന്റെ നമ്പര്‍ കൂടുന്നതിനനുസരിച്ച് വലിപ്പവും കൂടുന്നു. ഫിഫ (ഫെഡറേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍)യുടെ അംഗീകാരമുള്ള കളികള്‍ക്ക് ലോകമെങ്ങും ഉപയോഗിക്കുന്നത് നമ്പര്‍ 5 അളവിലുള്ള പന്തുകളാണ്. ഈ പന്തുകള്‍ക്ക് 68 മുതല്‍ 70 സെ. മീ വരെ ചുറ്റളവും 410 മുതല്‍ 450 വരെ ഗ്രാം ഭാരവും ഉണ്ടായിരിക്കണം. അവയിലെ വായുമര്‍ദ്ദം സാധാരണ അന്തരീകഷമര്‍ദ്ദത്തിന്റെ 0.6 മുതല്‍ 1.1 വരെ മടങ്ങ് ആകാം. ഇതു പോലെ തന്നെ കളിക്കളത്തിനും ഗോള്‍ പോസ്റ്റിനുമൊക്കെ നിയമങ്ങളുണ്ട്. പലര്‍ക്കും, ടിവിയില്‍ കളി കാണുന്നവര്‍ക്കും പന്തു തട്ടി കളിക്കുന്നവര്‍ക്കു പോലും ഈ നിയമത്തെക്കുറിച്ച് കാര്യമായ ധാരണയില്ലെന്നു തോന്നുന്നു. അത് ഏതാണ്ട് ഇങ്ങനെയാണ്, രണ്ട് ഗോള്‍പോസ്റ്റുകള്‍ക്കുമിടയില്‍ 7.32 മീറ്റര്‍(8 വാര) അകലവും അവയെ ബന്ധിപ്പിക്കുന്ന മുകള്‍ത്തണ്ടിന്റെ അടിവശത്തിന് തറനിരപ്പില്‍നിന്ന് 2.44 മീറ്റര്‍ (8 അടി) ഉയരവുമുണ്ടായിരിക്കണമെന്നാണ് അന്താരാഷ്ട്രനിയമം. പോസ്റ്റുകള്‍ക്കും മുകള്‍ത്തണ്ടിനും 12 സെ.മീ. (5 ഇഞ്ച്) കനവും വീതിയും വേണമെന്നും നിബന്ധനയുണ്ട്.

ഫുട്‌ബോളിലെ ഏറ്റവും പ്രധാന മത്സരം ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ലോകകപ്പ് തന്നെയാണ്. നാലു വര്‍ഷം കൂടുമ്പോള്‍ ഫിഫയാണ് ഈ ഫുട്‌ബോള്‍ മേള സംഘടിപ്പിക്കുന്നത്. പ്രാഥമിക തലത്തില്‍ മത്സരിക്കുന്ന 190 ദേശീയ ടീമുകളില്‍ നിന്നും 32 ടീമുകള്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന ലോക കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനു യോഗ്യത നേടുന്നു. ലോക കപ്പ് മത്സരങ്ങള്‍ നടക്കുന്നതിനു മുന്‍പുള്ള 3 വര്‍ഷക്കാലയളവില്‍ നടക്കുന്ന യോഗ്യതാ റൗണ്ട് മല്‍സരങ്ങളിലൂടെയാണ് ഇപ്രകാരം 32 രാജ്യങ്ങള്‍ യോഗ്യത നേടുന്നത്. വന്‍കരകളുടെ അടിസ്ഥാനത്തിലാണ് ആദ്യ ഘട്ട മത്സരങ്ങള്‍ നടക്കുന്നത്. ഒളിമ്പിക്‌സ് ഫുട്‌ബോള്‍ ആണ് മറ്റൊരു പ്രധാന മത്സരം. 1930 മുതല്‍ എല്ലാ നാല് വര്‍ഷങ്ങള്‍ കൂടുമ്പോഴും ലോകകപ്പ് നടത്തുന്നു. രണ്ടാം ലോകമഹായുദ്ധം കാരണം 1942ലും 1946ലും ലോകകപ്പ് നടത്താത്തതാണ് ഇതിന് ഒരു അപവാദം. 2010ലെ ദക്ഷിണാഫ്രിക്കയില്‍ വെച്ച് നടന്ന ലോകകപ്പില്‍ സ്‌പെയിന്‍ ആണ് ജേതാക്കളായത്. അവാസാനമായി 2014ല്‍ നടന്ന ബ്രസീല്‍ ലോകകപ്പില്‍ ജര്‍മ്മനി ആണ് ജേതാക്കളായത്. ഇനി നടക്കുന്നതാവട്ടെ ഖത്തറിലും. ഈ വര്‍ഷത്തെ വിജയി ആരെന്നു തിരിച്ചറിയാന്‍ ജൂലൈ 16 വരെ കാത്തിരിക്കണം. അന്നാണ് ലോകകപ്പ് ഫൈനല്‍. അന്നു പിന്നെയും ലോകം മോസ്‌ക്കോയിലെ ലുഷ്‌നിക്കി സ്റ്റേഡിയത്തിലേക്ക് ഒതുങ്ങും. അന്നു പുതിയൊരു വിജയിയെ ലോകം ആരാധനയോടെ നോക്കികാണും. അതാണ് ഫുട്‌ബോളിന്റെ ബഹുസ്വരത.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക