Image

അബുദാബി പെട്രോള്‍ സ്‌റ്റേഷനുകളില്‍ ഇന്ധനം നിറച്ചുനല്‍കാന്‍ 10 ദിര്‍ഹം അധികചാര്‍ജ്

Published on 30 June, 2018
അബുദാബി പെട്രോള്‍ സ്‌റ്റേഷനുകളില്‍ ഇന്ധനം നിറച്ചുനല്‍കാന്‍ 10 ദിര്‍ഹം അധികചാര്‍ജ്

അബുദാബി: അബുദാബിയിലെ പെട്രോള്‍ സ്‌റ്റേഷനുകളില്‍ ഇനി ഗ്യാസൊലൈന്‍ നിറയ്ക്കാന്‍ 10 ദിര്‍ഹം അധികം നല്‍കേണ്ടിവരും. ഈ മാസം മുപ്പതു മുതല്‍ അബുദാബിയിലെ എല്ലാ അഡ്‌നോക് പെട്രോള്‍ സ്‌റ്റേഷനുകളിലും ഇന്ധനം നിറയ്ക്കുന്നതിനു സഹായം നല്‍കുന്നയാള്‍ക്ക് അധികം പണം നല്‍കേണ്ടിവരുമെന്ന് അഡ്‌നോക് ഡിസ്ട്രിബ്യൂഷന്‍ കമ്പനി അറിയിച്ചു.

വയോധികരെയും ശാരീരിക ന്യൂനതയുള്ളവരെയും അധികം പണം നല്‍കുന്നതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഏപ്രില്‍ മധ്യം മുതല്‍ വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നതിനു പണം നല്‍കുന്ന 'പ്രീമിയം സര്‍വീസ്’ പൈലറ്റ് പദ്ധതി അഡ്‌നോക് ഡിസ്ട്രിബ്യൂഷന്‍ നടപ്പാക്കിയിരുന്നു. സ്‌റ്റേഷനുകളില്‍ സ്വയം ഇന്ധനം നിറയ്ക്കുന്നതിനു സര്‍വീസ് ചാര്‍ജില്ല. സ്വയം ഇന്ധനം നിറയ്ക്കുന്നതിനും നോസില്‍ ഉപയോഗിക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് കമ്പനി പരിശീലനം നല്‍കുന്നുണ്ട്.

അബുദാബിയെ അബുദാബി, അബുദാബി റീജന്‍, നോര്‍ത്തേണ്‍ എമിരേറ്റ്‌സ് എന്നിങ്ങനെ മൂന്നു മേഖലകളായി വിഭജിച്ചാണ് അഡ്‌നോക് ഡിസ്ട്രിബ്യൂഷന്‍ 'പ്രീമിയം സര്‍വീസ്’ പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ആദ്യഘട്ടമാണ് അബുദാബിയില്‍ നടപ്പാക്കുന്നതെന്നും മറ്റു മേഖലകളില്‍ അടുത്തുതന്നെ പൈലറ്റ് പദ്ധതികള്‍ ആരംഭിക്കുമെന്നും അഡ്‌നോക് ഡിസ്ട്രിബ്യൂഷന്‍ അറിയച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക