Image

മലയാള സിനിമാ മേഖലയില്‍ മാത്രമല്ല ഇന്ത്യന്‍ സിനിമാ മേഖലയില്‍ തന്നെ ഡബ്ല്യു.സി.സി അംഗങ്ങളെ വിലക്കാന്‍ നീക്കം

Published on 01 July, 2018
മലയാള സിനിമാ മേഖലയില്‍ മാത്രമല്ല ഇന്ത്യന്‍ സിനിമാ മേഖലയില്‍ തന്നെ ഡബ്ല്യു.സി.സി അംഗങ്ങളെ വിലക്കാന്‍ നീക്കം
മലയാള സിനിമാ മേഖലയില്‍ മാത്രമല്ല ഇന്ത്യന്‍ സിനിമാ മേഖലയില്‍ തന്നെ ഡബ്ല്യു.സി.സി അംഗങ്ങളെ വിലക്കാന്‍ അണിയറ നീക്കം.
വനിതാ സിനിമാ പ്രവര്‍ത്തകരുടെ സംഘടന രൂപീകരിച്ച് ഇപ്പോള്‍ ഈ സംഘടന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സിനിമാ മേഖലയെ തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കൂ എന്ന നിലപാടിലാണ് തെന്നിന്ത്യന്‍ സിനിമാലോകം.
തമിഴ്, തെലുങ്ക് സിനിമകളില്‍ ഇനി ഈ സംഘടനയില്‍പ്പെട്ടവര്‍ക്ക് അവസരം നല്‍കുന്ന പ്രശ്‌നമില്ലന്നാണ് പ്രമുഖ സിനിമാ സംഘടനാ നേതാവ് പ്രതികരിച്ചത്.
ഓരോ സംസ്ഥാനത്തും താരങ്ങള്‍ക്കും നിര്‍മ്മാതാക്കള്‍ക്കും മറ്റു സാങ്കേതിക പ്രവര്‍ത്തകര്‍ക്കും വ്യത്യസ്ത സംഘടനകള്‍ ഉണ്ടെങ്കിലും ഒരു സംസ്ഥാനത്തെ താരസംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ വകവച്ച് കൊടുക്കുകയില്ലന്നതാണ് നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി.
മലയാളത്തില്‍ നിന്നും തമിഴ്, തെലുങ്ക് ഭാഷകളില്‍ സജീവമായ ഒട്ടേറെ നടിമാരാണ് ഉള്ളത്. മലയാളിയായ നയന്‍താര, കീര്‍ത്തി സുരേഷ് എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നു.
ഡബ്ല്യു.സി.സി അംഗമായ പാര്‍വതി, രമ്യാ നമ്ബീശന്‍ എന്നിവരും തെന്നിന്ത്യയില്‍ അറിയപ്പെടുന്ന നടിമാരാണ്. ഇവര്‍ക്കാണ് ഈ അപ്രഖ്യാപിത വിലക്ക് പ്രധാനമായും തിരിച്ചടിയാകുക. പാര്‍വതി ബോളിവുഡിലും അഭിനയിക്കുന്നതിനാല്‍ അവര്‍ക്കും വലിയ 'വില' കൊടുക്കേണ്ടി വരും.
താര സംഘടനകള്‍ മാത്രമല്ല മറ്റു സിനിമ സംഘടനകളും ഇപ്പോഴത്തെ വിവാദത്തില്‍ കടുത്ത അതൃപ്തിയിലാണ്. ഏത് സംഘടന ആയാലും ഭൂരിപക്ഷ നിലപാടാണ് അംഗീകരിക്കപ്പെടേണ്ടതെന്നും പുറത്ത് വന്ന് ആരെങ്കലും ബഹളം വച്ച് മാധ്യമങ്ങളുടെയും ചില രാഷ്ട്രീയക്കാരുടെയും സഹായത്തോടെ ബഹളം ഉണ്ടാക്കിയാല്‍ വകവച്ച് കൊടുക്കേണ്ട ആവശ്യമില്ലന്നുമാണ് തെന്നിന്ത്യയിലെ പ്രമുഖ സിനിമാ സംഘടനകളുടെ നിലപാട്. സ്ത്രീ സംവരണം നോക്കിയല്ല സിനിമ എടുക്കുന്നതെന്നും മറിച്ച് കഥാപാത്രത്തിന് അനുസരിച്ചാണെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
ആരെ നായികയാക്കണം അഭിനയിപ്പിക്കണമെന്നൊക്കെ തീരുമാനിക്കുന്നത് സംവിധായകരും നിര്‍മ്മാതാക്കളുമാണ്. അല്ലാതെ നടിമാരുടെ സംഘടനയല്ല. മലയാള സിനിമയില്‍ ലഭിക്കുന്ന സ്വാതന്ത്ര്യവും പരിഗണനയും കണക്കിലെടുത്തായിരിക്കണം ബഹുഭൂരിപക്ഷം നടിമാരും 'അമ്മ'യില്‍ തുടരുന്നതെന്നും സംഘടനാ നേതൃത്വങ്ങള്‍ ചൂണ്ടിക്കാട്ടി.
ദിലീപ് വിഷയം ചൂണ്ടിക്കാട്ടി പ്രതിഷേധം ഉയര്‍ത്തിയവര്‍ ഇപ്പോള്‍ 'അമ്മ'ക്കെതിരെ വേറെയും ആരോപണമുയര്‍ത്തി രംഗത്ത് വന്നതാണ് തെന്നിന്ത്യന്‍ സിനിമാ സംഘടനകളെ ചൊടിപ്പിച്ചിരിക്കുന്നത്.
ഇപ്പോഴത്തെ എതിര്‍പ്പ് നടി പാര്‍വതിക്കാണ് ഏറ്റവും കൂടുതല്‍ തിരിച്ചടിയാവുക. രമ്യാ നമ്ബീശന്‍ നിലവില്‍ പൊതുവെ സിനിമാ മേഖലയില്‍ നിന്നും ഔട്ടായ അവസ്ഥയിലാണ്. പിന്നെ മാര്‍ക്കറ്റ് വാല്യു ഉള്ള മഞ്ജു വാര്യരാകട്ടെ ഡബ്ല്യു.സി.സിയില്‍ നിന്നു തന്നെ വിട്ടു നില്‍ക്കുകയാണ്. ഗീതു മോഹന്‍ ദാസും റിമ കല്ലുങ്കലും അഭിനയ രംഗത്ത് സജീവവുമല്ല, ഡബ്ല്യു.സി.സിയിലെ മറ്റ് അംഗങ്ങള്‍ സിനിമാ മേഖലയെ സംബന്ധിച്ച് അപ്രസക്തരുമാണ്.
അതേ സമയം സിനിമയില്‍ നിന്നും ഒഴിവാക്കേണ്ടവരുടെ പട്ടിക സംവിധായകരുടെയും നിര്‍മ്മാതാക്കളുടെയും വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പ്രചരിക്കുന്നുണ്ടെന്ന ആരോപണവുമായി നടിയും ഡബ്ല്യു.സി.സി അംഗവുമായ സജിത മഠത്തില്‍ രംഗത്തെത്തിയിട്ടുണ്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക