Image

അബ്ദുവിന്റെ മകന്‍ ബഷീര്‍ (കഥ: വിനോദ് കൃഷ്ണ)

Published on 02 July, 2018
അബ്ദുവിന്റെ മകന്‍ ബഷീര്‍ (കഥ: വിനോദ് കൃഷ്ണ)
കഥ പറയുന്നതിന് മുമ്പ് തിരുന്തോരോം, മലപ്പുറോം ഒന്ന് മനസ്സില്‍ വന്നോട്ടെ.. കാരണമുണ്ട്, അത് പിന്നെ പറയാം. അപ്പൊ കാര്യത്തിലേക്ക് കടക്കാം...

പാവം അബ്ദുക്കാനെ ഞാന്‍ കാണുന്ന അന്നുമുതലേ എപ്പോഴും രണ്ടു പശുക്കളെയും മേച്ചു നടക്കലാണ് മൂപ്പരുടെ തൊഴില്‍. ശരീരത്തിലൊട്ടിയപോലെ ഒരു കാലന്‍ കുടയും കക്ഷത്തുണ്ടാകും. കാര്യങ്ങള്‍ മാത്രമേ മൂപ്പര്‍ സംസാരിക്കാറുള്ളു. ആരോടും കൂടുതല്‍ അടുപ്പത്തിനോ അകല്‍ച്ചക്കോ മൂപ്പരില്ല. എന്നാല്‍ മൂപ്പര്‍ക്കൊരു മകനുണ്ട്, കുരുത്തക്കേടിനു കയ്യും കാലും വെച്ചവന്‍ എന്നുപറയുന്നതാവും ശരി. പേര് ബഷീര്‍.

നാട്ടിലാകെ ആ വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്നു. അബ്ദുക്കാന്റെ മകന്‍ ബഷീര്‍ നാടുവിട്ടു. പത്താംകഌസ്സ് പരീക്ഷ തോറ്റതുകൊണ്ടാണെന്നു ഒരുകൂട്ടര്‍, അതല്ല അബ്ദുക്കാന്റെ ഒടുക്കത്തെ ചീത്തപറച്ചില്‍ സഹിക്കാന്‍ കഴിയാഞ്ഞിട്ടാണെന്നു മറ്റൊരുകൂട്ടര്‍, ഇതൊന്നുമല്ല കുറേ ശീലേമേക്കളി കണ്ടു കണ്ട് കിബറുകേറീട്ടാണെന്നു വയസ്സന്മാരുടെ ഒരു കൂട്ടം, ഏതായാലും ആള് നാടുവിട്ടു എന്നത് നേരാണ്.

ദിവസങ്ങള്‍ കഴിഞ്ഞു, മാസങ്ങള്‍ കഴിഞ്ഞു, വര്‍ഷം രണ്ടായി ബഷീറിനെക്കുറിച്ചു ഒരു വിവരവുമില്ല. നാട്ടുകാരും ഏകദേശം മറന്ന മട്ടാണ്. ഞാന്‍ എന്നും അബ്ദുക്കയെ കാണാറുണ്ട്. ആ കണ്ണില്‍ നോക്കിയാലറിയാം അയ്യാളുടെ സങ്കടം. പാവം ആരോടും ഒന്നും പറയില്ല. എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് അബ്ദുക്കാന്റെ സങ്കടം മുഴുവന്‍ ആ രണ്ടു പശുക്കളോടു പറയുന്നുണ്ടായിരിക്കും. അവരും ആ ദുഃഖത്തില്‍ പങ്കുചേരുന്നുണ്ടായിരിക്കും, അതായിരിക്കും ആ മൂന്നു പേരുടെയും കണ്ണുകള്‍ എപ്പോഴും നിറഞ്ഞിരിക്കുന്നത്.

വീണ്ടും ഒരു വാര്‍ത്ത നാട്ടിലാകെ പരന്നു. അബ്ദുക്കാന്റെ ഒരു പശുവിനെ കാണാനില്ല. കാരണങ്ങള്‍ പലരും പലരുമായി പങ്കുവെച്ചു. അന്ന് മുഴുവന്‍ അബ്ദുക്കാനെ വഴിയില്‍ മുഴുവന്‍ ഞാന്‍ തിരഞ്ഞു. പക്ഷെ കണ്ടില്ല. ആരോ പറഞ്ഞുകേട്ടു അബ്ദുക്ക വീട്ടില്‍ ആരോടും ഒന്നും മിണ്ടാതെ തലയും താഴ്ത്തി ഇരിപ്പാണെന്ന്.

ഞങ്ങളുടെ നാട്ടില്‍ ഒരു മൊമ്മാക്കയുണ്ട് ആരുടേയും സങ്കടങ്ങള്‍ തീര്‍ക്കുന്നയാള്‍, മൊമമാക്ക നേരെ അബ്ദുക്കാന്റെ വീട്ടിലെത്തി.

"അബ്ദോ.. ഇജ്ജ് ഇങ്ങനെ ഇരിക്കല്ല, പുല്‍പ്പറ്റയില്‍ ഒരു ഉസ്താതുണ്ട്, ചെന്ന് അന്റെ സങ്കടങ്ങളെല്ലാം പറയ്യ്, ആളൊരു ഔലിയാനാണ്... പക്ഷെ ആളെ കണ്ടുകിട്ടാനാണ് ബുദ്ധിമുട്ട്. അതിനൊരു വഴിയുണ്ട്, മനസ്സില്‍ ഒരു നിയ്യത്ത് വെച്ച് പൊയ്‌ക്കോ, അപ്പൊ ഉസ്താദിനെ കാണാം. ഉസ്താദ് അധികമൊന്നും പറയില്ല. ഒന്നോ രണ്ടോ വാക്ക്. അതുമതി കാര്യങ്ങള്‍ എല്ലാം ഹൈറാകാന്‍".

പിറ്റേന്ന് സുബഹി നമസ്കാരം കഴിഞ്ഞു അബ്ദുക്ക നേരെ പുല്‍പ്പറ്റയിലേക്ക് വണ്ടി കയറി. ഭാഗ്യം ഉസ്താദിനെ കണ്ടു. രണ്ടേ രണ്ടു വാക്ക്. പോയതൊക്കെ തിരിച്ചുവരും. അബ്ദുക്കാക്ക് സന്തോഷമായി. ഒരു രൂപയും എണ്‍പതു പൈസയും ചില്ലറ കയ്യിലുള്ളതുകൊണ്ടു കണ്ടക്റ്ററോട് ചീത്തകേള്‍ക്കാതെ സുഖമായി നാട്ടില്‍ തിരിച്ചെത്തി.

അത്യത്ഭുതം.... നാടുവിട്ട മകന്‍ ബഷീര്‍ ഉമ്മറത്ത് നില്‍ക്കുന്നു. കാണാതായ പശുവിനെയും പിടിച്ചു ഒരാള്‍ തൊഴുത്തിനരികിലും, പിന്നെ വീടിനുചുറ്റും കുറേ ആളുകളും. നടന്നതെല്ലാം വിവരിക്കാന്‍ ആളുകള്‍ തിടുക്കം കൂട്ടി. പക്ഷെ അബ്ദുക്ക അതൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ കിണറ്റിന്‍ കരയില്‍ ചെന്ന് ഒരു തോട്ടി വെള്ളം മുക്കി ദാഹം തീരുവോളം വെള്ളം കുടിച്ചു. എന്നിട്ട് ആ ഉമ്മറത്തുവന്നു ഒന്ന് നിവര്‍ന്നിരുന്നു.

അങ്ങിനെ പലതുമായി ആ ദിവസം കടന്നു പോയി. പിറ്റേന്ന് ആളുകളെല്ലാം അബ്ദുക്കാന്റെ വീട്ടിലേക്കോടുകയാണ്. ആ നാട്ടിലെ ഒട്ടുമിക്ക പെണ്ണുങ്ങളുമുണ്ട്. കാരണം തിരക്കിയപ്പോള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ബഷീര്‍ നാടുവിട്ടു പോയത് തിരുവനന്തപുരത്തായിരുന്നെന്നും ഇപ്പോള്‍ അവന്‍ നമ്മുടെ ഭാഷയൊക്കെ മറന്ന് തിരോന്തരം ഭാഷ മാത്രേ പറയുന്നുള്ളെന്നും അത് കേള്‍ക്കാനാണ് അവരെല്ലാം പോകുന്നതെന്നും അറിഞ്ഞു. ഏതായാലും ഞാനും പോയി. ആ തിരോന്തരം ഭാഷ കേള്‍ക്കാന്‍.

ശ്രീകൃഷ്ണന്‍ നില്‍ക്കുന്നപോലെ നടുക്ക് ബഷീര്‍, ചുറ്റും ഗോപികമാരെപ്പോലെ ആ നാട്ടിലെ പെണ്ണുങ്ങള്‍... ബഷീര്‍ നടന്ന കാര്യങ്ങളെല്ലാം തിരോന്തരം ഭാഷയില്‍ വിവരിക്കുകയാണ്. കൗതുകത്തോടെ ബഷീറിന്റെ ചിറിയില്‍ നോക്കി ആ പെണ്ണുങ്ങളും... കുരുക്ഷേത്ര ഭൂമിയിലെ സഞ്ജയനെപ്പോലെ ഞാന്‍ ചുറ്റും നടന്ന് എല്ലാം കേള്‍ക്കുകയും കാണുകയും ചെയ്യുന്നു. പക്ഷേ ബഷീറിന്റെ ഭാഷ ശ്രദ്ധിച്ചപ്പോള്‍ ഇടയ്ക്കിടയ്ക്ക് മലപ്പുറം ഭാഷയും തിരോന്തരം ഭാഷയും ഇടകലര്‍ന്നു വരുന്നു. ഒരുതരം റോഡിലുള്ള സീബ്രാ ലൈനുപോലെ. തിരുപ്പുറം ഭാഷ എന്ന് പറയാം...

ഇന്നും റോഡിലെ സീബ്രാ ലൈനുകണ്ടപ്പോള്‍ പെട്ടന്ന് ബഷീറിനെയും അബ്ദുക്കയെയും പിന്നെ ആ പഴയ കാലവും ഓര്‍മവന്നു..... കുറെ നിഷ്കളങ്കരായ ആളുകള്‍ തിങ്ങി പാര്‍ക്കുന്ന എന്റെ ആ ഗ്രാമവും....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക