Image

പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ (ജോര്‍ജ് തുമ്പയില്‍ : പകല്‍ക്കിനാവ്-108)

ജോര്‍ജ് തുമ്പയില്‍ Published on 03 July, 2018
പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ (ജോര്‍ജ് തുമ്പയില്‍  : പകല്‍ക്കിനാവ്-108)
യുക്തിഭദ്രമായ ചില ചിന്തകളെ കല്ലെറിയുന്നത് ചിലര്‍ക്കു വിനോദമാണ്. അത് കണ്ട് ആസ്വദിക്കുന്നത് അതിലേറെ വിനോദമാണ് മറ്റു ചിലര്‍ക്ക്. ഇരയാക്കപ്പെട്ടവരുടെ വേദന പോലും അവര്‍ക്ക് ആനന്ദദായകമാണ്. സങ്കീര്‍ത്തനങ്ങളും പ്രഭാഷണങ്ങളുമൊക്കെ മറന്നു കൊണ്ടു നടത്തുന്ന ഇത്തരം ഭ്രാന്തമായ അധിനിവേശങ്ങളെ ആര് ഏറ്റെടുത്താലും അതൊക്കെയും നിലനില്‍ക്കുമോയെന്ന് അത്തരക്കാര്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. പറഞ്ഞു വരുന്നത്, സമീപ ദിവസങ്ങളില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്കു നേരെ വരുന്ന ചീമുട്ടയേറുകളെക്കുറിച്ചാണ്. ആരാണ് അതെറിയുന്നത്? ആരുടെ നേര്‍ക്കാണ് അതെറിയുന്നത്? എന്തിനാണ് അതെറിയുന്നത്? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടലല്ല, ഇവിടെ പ്രതിപാദ്യ വിഷയം. മറിച്ച്, അത് ഉയര്‍ത്തിയ സംഭവങ്ങളാണ്.

ആ സംഭവങ്ങളെക്കുറിച്ച്, അതിന്റെ കഥകളെക്കുറിച്ച് ആവര്‍ത്തിക്കുന്നത് മലര്‍ന്നു കിടന്നു തുപ്പുന്നതാണെന്ന് അറിയാം. അതു കൊണ്ടു തന്നെ അതിലേക്ക് കടക്കുന്നില്ല. അതിനപ്പുറത്ത് അത് ഉയര്‍ത്തിയ വെല്ലുവിളിയെ നേതൃത്വം കൈകാര്യം ചെയ്ത വിധമാണ് അഭിനന്ദനീയം. ഇരയാക്കപ്പെട്ടവരും ഇരയാക്കപ്പെട്ടു കൊണ്ടിരിക്കുന്നവരെയും തള്ളിപ്പറയാതെ, നിജസ്ഥിതി അന്വേഷിക്കാന്‍ കാണിക്കുന്ന താത്പര്യത്തിനു കൂപ്പുകൈ. വിശ്വാസത്തിന്റെ തേജസ് ഊട്ടിയുറപ്പിക്കുന്ന ഈ നീക്കങ്ങളാണ് എന്നും നിലനില്‍ക്കുന്നത്. ചോദ്യം ചെയ്യപ്പെടുന്ന സഭാ പാരമ്പര്യങ്ങള്‍ പൊളിച്ചെഴുതണമെന്നു പറയുന്നവരെ പോലും ചേര്‍ത്തു നിര്‍ത്തി കൊണ്ട്, എന്താണ് സഭ, എന്തിനാണ് സഭ എന്ന് ഉത്തമമായ മൗനം കൊണ്ടു പറയുന്ന സുതാര്യമായ പ്രവര്‍ത്തനങ്ങള്‍ വിമര്‍ശകരുടെ പോലും നാവടിപ്പിക്കുന്നു.

വി.കുമ്പസാരം എന്ന ധ്യാനാത്മക മഹനീയ കര്‍മ്മത്തെ ആസ്പദമാക്കിയാണ് വിവാദങ്ങള്‍ പുകയുന്നത്. ആഴത്തിലുള്ള വിശദീകരണമാണ് ഇതിനായി വിശ്വാസി സമൂഹത്തിനു സഭ നല്‍കിയത്. അല്ലാതെ പരപ്പിലൂടെ പൊന്തി നടക്കുന്ന കുമിളകളെ പൊട്ടിച്ചെറിയാനുള്ള വൃഥാ വെമ്പലില്ല കാര്യമെന്നു വിശ്വാസികളെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. വി.കുമ്പസാരമെന്നത് ഒരു പൊളിച്ചെഴുത്താണ്, പാപത്തില്‍ നിന്നും മോചിതനായി മോക്ഷത്തിലേക്കുള്ള ആദ്യപടി. വിശ്വാസികള്‍ പാപമോചനമാര്‍ഗ്ഗമായി കരുതി അനുഷ്ഠിക്കുന്ന ഉദാത്തമായ കര്‍മ്മം. അധികാരമുള്ള പുരോഹിതനോടോ ആത്മീയഗുരുവിനോടോ പശ്ചാത്താപത്തോടെ പാപങ്ങള്‍ ഏറ്റുപറയുന്നത് വാസ്തവത്തില്‍ ഉയിര്‍ത്തെഴുന്നേല്‍പ്പു തന്നെയാണ്. അതു ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന തരത്തിലുള്ള സമകാലിക വ്യാഖ്യാനങ്ങള്‍ അവജ്ഞയോടെ തള്ളിപ്പറയുകയാണ് വേണ്ടത്.
1800 കളില്‍ ഫ്രാന്‍സിസ്‌കോ നൊവെല്ലിയുടെ ചിത്രം ഓര്‍മ്മപ്പെടുത്തുന്നതു പോലെ, കുമ്പസാരത്തിനെത്തിയ പാപിയും പിന്നില്‍ സാത്താനും, ഇടതുവശത്ത് പാപമോചനം കിട്ടിയ ആള്‍ മാലാഖക്കൊപ്പം നില്‍ക്കുന്നതു മാത്രം സങ്കല്‍പ്പിച്ചാല്‍ ഇതിന്റെ ദിവ്യത്വം മനസ്സിലാവും. മാലാഖയോടൊപ്പം നില്‍ക്കണോ, സാത്താനോടൊപ്പം പോകണമോ എന്നുള്ള രണ്ടു വഴികള്‍ മുന്നിലുണ്ട്. ഏതിലേക്കു പോകണമെന്ന് ആര്‍ക്കും തീരുമാനിക്കാവുന്ന സ്ഥിതിയില്‍ വിശ്വാസസമൂഹം ഒരിക്കലും കുമ്പസാരത്തെ തള്ളിക്കളയുന്നതേയില്ല. അത്തരമൊരു ചര്‍ച്ചയ്ക്ക് പോലും പ്രസക്തിയില്ലെന്നു കാലം തെളിയിക്കും. അത്തരമൊരു നീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചവര്‍ അറിയുക, ജീവിതം ഒന്നേയുള്ളൂ- ഈ പാപങ്ങള്‍ പോക്കാന്‍ നിങ്ങള്‍ക്ക് ഇനിയൊരവസരം കിട്ടിയെന്നും വരില്ല. 

യുക്തിഭദ്രമായ ജീവിതചര്യങ്ങളാണ് മഹത്തരമായി നിലകൊള്ളുക. അല്ലാത്തവയൊന്നും ശാശ്വതമല്ല. ചെറുകാറ്റിന് ഒരു പാറക്കല്ലിനെ ഇളക്കാനാവില്ല, അപ്പോള്‍ പിന്നെ അതൊരു പര്‍വ്വതത്തെ ചുവടോടെ മറിക്കും എന്ന ചിന്തക്ക് എന്താണ് യുക്തി?
സഭയിലെ ഏഴു പ്രധാന കൂദാശകളിലൊന്നാണ് വി.കുമ്പസാരം. ആ കൂദാശ സ്വീകരിക്കാതെ അതിനെ നിഷേധിക്കാന്‍ നടത്തുന്ന നീക്കമാണ് ഇപ്പോഴുള്ളത്. ഒരാള്‍ ബൈബിളിനെയും യേശു ക്രിസ്തുവിനെയും വിശ്വസിക്കുന്നു എന്ന് പറയുമ്പോഴും കൂദാശകളെ തള്ളിപ്പറയുന്നു എന്നു വരുമ്പോള്‍ ആളൊരു സത്യക്രിസ്താനി എന്ന ഗണത്തില്‍ വരുന്നില്ലെന്നും അറിയേണ്ടതുണ്ട്. പുരോഹിതന്റെ മുന്‍പാകെ പാപങ്ങള്‍ രഹസ്യമായി ഏറ്റുപറയുന്ന കുമ്പസാരരീതി ക്രൈസ്തവ സഭകളില്‍ പൊതുവേ നിലവിലുള്ളതാണ്. അതിനെ ഇത്രയും കാലം പരിക്കേല്‍ക്കാതെ കൊണ്ടുപോയത് വിശ്വാസികളുടെയും ദൈവജ്ഞരുടെയും സഭയോടുള്ള കൂറു കൊണ്ടാണ്. വി. കുമ്പസാരത്തിന്റെ രഹസ്യാത്മകത നിലനിര്‍ത്താന്‍ ബാധ്യസ്ഥരായ പുരോഹിതരെ ഒരിക്കലും അവിശ്വസിക്കേണ്ടതില്ല. മറിച്ച് ചെയ്തുവെന്ന് ഏതെങ്കിലും തരത്തില്‍ തെളിയിക്കപ്പെട്ടാല്‍ ഉറപ്പാണ്, അവര്‍ പുരോഹിതരായിരുന്നില്ല. അവര്‍ പൗരോഹിത്യത്തിന്റെ ദാര്‍ശനികതയ്ക്ക് യോജിച്ചവരായിരുന്നില്ല, അവര്‍ മാലാഖയ്‌ക്കൊപ്പം സ്വര്‍ഗ്ഗം അര്‍ഹിച്ചവരായിരുന്നില്ല. വേഷം മാറിയെത്തിയ സാത്താനായിരുന്നുവെന്നു വേണം കരുതാന്‍. 

ഇവിടെ, സത്യത്തെ നിഷ്ഠൂരമായി തല്ലിച്ചതയ്ക്കരുത്. മറച്ചു പിടിക്കപ്പെടുന്ന പ്രകാശത്തിന് പുറത്തുവരാന്‍ അധികം കാലം വേണ്ടിവരില്ല. കൂരിരുട്ടിലായി ലോകം എക്കാലവും നിലകൊണ്ടിട്ടുമില്ലല്ലോ? കുമ്പസാരത്തെ ആത്മീയ ഔഷധമായും കുമ്പസാരപിതാവിനെ ആത്മീയ വൈദ്യനായും വിശേഷിപ്പിക്കപ്പെടുന്ന വിശ്വാസികളെ കല്ലെറിഞ്ഞു കൊണ്ട് എന്തെങ്കിലും നേടാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റി. അതൊക്കെയും ക്ഷണികമാണ്. ഒരു വിശ്വാസി തന്നെ വ്യക്തിപരമായി അറിയാവുന്നതും തന്റെ പ്രശ്‌നങ്ങളെ അനുഭാവപൂര്‍വ്വം ശ്രവിക്കാനാവുമെന്ന് കരുതുന്നതുമായ ഒരു പുരോഹിതനെ കുമ്പസാരപിതാവായി തെരഞ്ഞെടുക്കുമ്പോള്‍ സമര്‍പ്പിക്കുന്നത് സ്വന്തം ജീവിതമാണ്. ആ ജീവിതം ഏറ്റുവാങ്ങുന്നയൊരാളാവട്ടെ പരിശുദ്ധിയുടെയും പരിപാവനതയുടെയും മൂര്‍ത്തീപുരുഷനുമാണ്. ഈ പുരോഹിതര്‍ക്ക് എന്നെങ്കിലും മറിച്ചു ചിന്തിക്കാന്‍ കഴിയുമെന്നു ഞാന്‍ കരുതുന്നില്ല. പാപങ്ങളാണ് ഏറ്റു പറയുന്നത്. തെറ്റുകള്‍ക്കാണ് ക്ഷമ ചോദിക്കുന്നത്. അത് തെറ്റുകളിലേക്കും തുടര്‍പാപങ്ങളിലേക്കുമുള്ള ചവിട്ടുപടിയല്ല, മറിച്ച് ഉദ്‌ബോധനത്തിന്റെ നക്ഷത്രദീപങ്ങളെ സാക്ഷ്യപ്പെടുത്തുകയാണ്. ഏതൊരു മനുഷ്യനിലുമുണ്ടാവും സാത്താനും മാലാഖയും. ഓരോരുത്തരും അവരുടെയുള്ളിലെ ഈ ദ്വന്ദസ്വത്വത്തെ കണ്ടറിയുക തന്നെ വേണം. അതിനായി കൂടെ നില്‍ക്കുന്ന പുരോഹിതന്‍ ദൈവത്തിന്റെ പ്രതിപുരുഷനാണ്. മനുഷ്യന് തെറ്റുപറ്റാം, ദൈവജ്ഞര്‍ക്കു തെറ്റുപൊറുക്കാനുള്ള അപാരമായ കഴിവും ശേഷിയുമാണുള്ളത്.

ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ ഉയര്‍ത്തുന്നത് വെറും വൈകാരികക്ഷോഭിതങ്ങള്‍ മാത്രമാണ്. അതിനു യുക്തിഭദ്രതയില്ല. അതൊരു വിശ്വാസത്തെയും വെല്ലുവിളിക്കുന്നുമില്ല. കാലങ്ങളായി നിലനില്‍ക്കുന്ന സഭയ്ക്ക് അറിയാം, സ്വച്ഛന്ദമായി എങ്ങനെ ഒഴുകണമെന്ന്. അതിനെ വഴിതിരിച്ചു വിടാന്‍ നടത്തുന്ന ശ്രമങ്ങളെല്ലാം മരുഭൂമിയില്‍ കൃഷിയിറക്കാന്‍ ശ്രമിക്കുന്നവന്റെ പാഴ് വേലയാണെന്നു മാത്രം ഓര്‍മ്മിപ്പിക്കട്ടെ. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.

പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ (ജോര്‍ജ് തുമ്പയില്‍  : പകല്‍ക്കിനാവ്-108)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക