Image

ഈ സഞ്‌ജയ്‌... രാജ്‌കുമാറിനും രണ്‍ബീറിനും സ്വന്തം

Published on 03 July, 2018
 ഈ സഞ്‌ജയ്‌... രാജ്‌കുമാറിനും രണ്‍ബീറിനും സ്വന്തം
സിനിമയിലും ജീവിതത്തിലും നായകന്റെയും വില്ലന്റെയും പരിവേഷങ്ങളാല്‍ സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കപ്പെട്ട വ്യക്തിത്വമാണ്‌ സഞ്‌ ജയ്‌ ദത്ത്‌ എന്ന നടന്റേത്‌. പ്രശസ്‌തിയുടെ ഗിരിശൃംഗങ്ങളില്‍ നിന്നും തകര്‍ച്ചയുടെ അഗാധഗര്‍ത്തങ്ങളിലേക്ക്‌വീഴുന്നതിന്റെ ആഘാതം.

പണവും പ്രശസ്‌തിയും നിറഞ്ഞ നക്ഷത്രങ്ങള്‍ വിരാജിക്കുന്ന ആകാശത്തു നിന്ന്‌ ഇരുമ്പഴിക്കുള്ളിലെ ഇരുട്ടിലേക്ക്‌. അവിടെ മോഹിപ്പിക്കുന്ന ..നിറപ്പകിട്ടാര്‍ന്ന നിറങ്ങളോ ആരാധകരോ...ഇഷ്‌ടങ്ങള്‍ നോക്കി ചെയ്യാന്‍ പരിചാരകരോ ആരുമില്ല. കൂട്ടിനേ ഇരുട്ട്‌ മാത്രം. അത്‌ സഞ്‌ജയ്‌ ദത്തിനെ പോലെ അനുഭവിച്ച ഒരു നടന്‍ ബോളിവുഡില്‍ വേറെ ഉണ്ടാവുകയില്ല. ജീവിതത്തിന്റെ നിമ്‌ന്നോതങ്ങള്‍, വ്യക്തിത്വത്തിലെ അസാധാരണമായ ഇടര്‍ച്ചകള്‍, അഭിമുഖീകരിക്കേണ്ടി വരുന്ന സങ്കീര്‍ണ്ണതകള്‍..ഇവയെല്ലാം നിറഞ്ഞ സഞ്‌ജയ്‌ ദത്തിനെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുക എന്ന വലിയ ദൗത്യമാണ്‌ രാജ്‌ കുമാര്‍ ഹിരാനി എന്ന സംവിധായകന്‍ ഏറ്റെടുത്തത്‌. അതോടൊപ്പം രണ്‍ബീര്‍ കപൂര്‍ എന്ന നടന്‍ കൂടി ചേര്‍ന്നപ്പോള്‍ ഒരു മികച്ച ചിത്രമാണ്‌ പ്രേക്ഷകന്‌ ലഭിച്ചത്‌.

സഞ്‌ജയ്‌ ദത്തിന്റെ കൗമാരവും യൗവ്വനവും അച്ഛന്റെ തണലില്‍ സിനിമയിലേക്കുള്ള വരവും എല്ലാം വളരെ വ്യക്തമായി തന്നെ ചിത്രത്തില്‍ പകര്‍ത്തിയിട്ടുണ്ട്‌. പ്രത്യേകിച്ചും സഞ്‌ജയ്‌ മോശം സൗഹൃദങ്ങളില്‍ പെട്ട്‌ മയക്കുമരുന്നിന്‌ അടിമയാകുന്നതും പ്രണയബന്ധത്തില്‍ പോലും അര്‍ഹിക്കുന്ന ഗൗരവം നല്‍കാന്‍ കഴിയാത്ത ഒരാളായി മാറി ജീവിതത്തില്‍ ഉത്തരവാദിത്വങ്ങളേതുമില്ലാതെ കഴിയുന്ന അതിസമ്പന്ന യുവത്വത്തിന്റെ ദൃശ്യരൂപമായി സഞ്‌ജയ്‌ന്റെ ജീവിതം സംവിധായകന്‍ കാണിച്ചു തരുന്നുണ്ട്‌.

മയക്കു മരുന്നിനടിമയാകുമ്പോഴും മാതാപിതാക്കളോടും സഹോദരിമാരോടും അയാള്‍ വളരെ സ്‌നേഹമുള്ളവനാണ്‌. പക്ഷേ അയാളുടെ ആദ്യ ഭാര്യ മക്കള്‍ എന്നിവരെ കുറിച്ച്‌ പറയുന്നില്ല. സഞ്‌ജയ്‌ന്റെ വ്യക്തിജീവിതത്തിലേക്ക്‌ ക്യാമറ സൂം ചെയ്യുന്നതാണ്‌ ചിത്രത്തിന്റെ ആദ്യ പകുതി. ഇടവേളയ്‌ക്കു ശേഷം കേസും അതിനെ തുടര്‍ന്നുള്ള അറസ്റ്റും ജയില്‍ ജീവിതവും പിതാവായ സുനില്‍ദത്തിന്റെ നിയമ പോരാട്ടങ്ങളിലേക്കുമാണ്‌ ക്യാമറ തിരിയുന്നത്‌. വിവാദമായേക്കാവുന്ന ചില സംഭവങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

സഞ്‌ജയ്‌ ദത്തായി വന്ന രണ്‍ബീര്‍ കപറിന്റെ അസാമാന്യ അഭിനയ മികവാണ്‌ ചിത്രത്തിന്റെ പ്‌ളസ്‌ പോയിന്റ്‌. സഞ്‌ജയിന്റെ ജീവിതത്തിലെ വിവിധ കാലങ്ങള്‍ മനസു കൊണ്ടും ശരീരം കൊണ്ടും അദ്ദേഹം പകര്‍ന്നാടി. അസാമാന്യമായ പ്രതിഭയുടെ മിന്നലാട്ടം പലപ്പോഴും രണ്‍ബീറില്‍ നിന്നും പുറത്തുവരുന്നത്‌ അതിശയത്തോടെ മാത്രമേ കാണാനാകൂ. പലപ്പോഴും സ്‌ക്രീനില്‍ നില്‍ക്കുന്നത്‌ സഞ്‌ജയ്‌ തന്നെയോ എന്നു സംശയിച്ചു പോകും വിധമാണ്‌ രണ്ടു പേരും തമ്മിലുള്ള സാമ്യം.

ശരീരം കൊണ്ടു പോലും സഞ്‌ജയ്‌ ആകാന്‍ രണ്‍ബീറിനു കഴിഞ്ഞു. ബോളിവുഡിലെ ഏറ്റവും ക്രേസിയായ ചോക്ലേറ്റ്‌ ഹീറോ ആയിട്ടും മുടിയം താടിയും നരച്ച അന്‍പതുകള്‍ പിന്നിട്ട സഞ്‌ജയ്‌ന്റെ രൂപഭാവങ്ങള്‍ പകര്‍ത്താന്‍ രണ്‍ബീറിനു മടിയുണ്ടായില്ല. മികച്ച വേഷങ്ങള്‍ ചെയ്യാനുള്ള അദ്ദേഹത്തിന്റെ താല്‍പര്യമാണ്‌ ഇതില്‍ നിന്നും വ്യക്തമാകുന്നത്‌.

സുനില്‍ ദത്തായി എത്തിയ പര്‍വേശ്‌ റാവലിന്റെ പ്രകടനം ശരിക്കും അഭിനന്ദനം അര്‍ഹിക്കുന്നു. സൗമ്യതയും മൃദുഭാഷ്യവും ആഢ്യത്വവും ഒത്തിണങ്ങിയ വ്യക്തിത്വമായി അദ്ദേഹം ശരിക്കും സുനില്‍ ദത്തായി മാറി. സുഹൃത്തായ കമലേശിന്റെ വേഷമിട്ട വിക്കി കൗശലും അഭിനയത്തിന്റെ കാര്യത്തില്‍ ഒപ്പം നിന്നു. വളരെ കുറച്ച്‌ സീനുകളില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും സഞ്‌ജയ്‌ന്റെ അമ്മ നര്‍ഗീസായി മനീഷാ കൊയ്രാളയും തിളങ്ങി.

സഞ്‌ജയ്‌ ദത്തിന്റെ ആത്മകഥയെഴുതാന്‍ വന്ന വിന്നിയായി വേഷമിട്ട അനുഷ്‌ക ശര്‍മ്മ, ഭാര്യ മന്യതയായി വന്ന ദിയ മിര്‍സ എന്നിവരും വ്യക്തിത്വമുള്ള കഥാപാത്രങ്ങളാണ്‌. വിന്നിയുടെ വരവോടെ കഥയില്‍ ട്വിസ്‌റ്റുണ്ടാകുന്നു. മരം ചുററി പ്രേമവും ഐറ്റം ഡാന്‍സും ഉള്‍പ്പെടുത്താന്‍ ധാരാളം പഴുതുകളുള്ള പ്രമേയമായിരുന്നിട്ടും സംവിധായകന്‍ അതിനായി തുനിഞ്ഞിട്ടില്ല എന്നത്‌ ശ്രദ്ധേയമാണ്‌.

എ.ആര്‍.റഹ്മാന്‍, വിക്രം മണ്‍ട്രോസ, റോഹന്‍ എന്നിവരുടെ സംഗീതം ചിത്രത്തിന്റെ ആകെയുള്ള മൂഡിന്‌ ചേര്‍ന്നു നില്‍ക്കുന്നതാണ്‌. സഞ്‌ജയ്‌ന്റെ ജീവിതത്തിലെ സുഖത്തിലും പ്രതിസന്ധികളിലും സന്നിവേശിപ്പിക്കുന്ന വികാരതീവ്രത പ്രേക്ഷകനെ അനുഭവിപ്പിക്കുന്നതില്‍ സംഗീതം വലിയ പങ്കു വഹിക്കുന്നു. രവിവര്‍മ്മന്റെ ഛായാഗ്രഹണവും മികച്ചതാണ്‌. മൂന്നു മണിക്കൂറോളം ദൈര്‍ഘ്യമുണ്ടെങ്കിലും ചിത്രം നമ്മെ മുഷിപ്പിക്കില്ല. സുഹൃത്തുക്കള്‍ക്കൊപ്പവും കുടുംബസമേതവും കാണാന്‍ കഴിയുന്ന ചിത്രമാണ്‌ സഞ്‌ജു എന്നതില്‍ തര്‍ക്കമില്ല.











































































































































































Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക