Image

രഞ്‌ജിനി ഹരിദാസും വെള്ളിത്തിരയിലേക്ക്‌...

Published on 27 March, 2012
രഞ്‌ജിനി ഹരിദാസും വെള്ളിത്തിരയിലേക്ക്‌...
അങ്ങനെ രഞ്‌ജിനി ഹരിദാസും നായികയായി എത്തുന്നു. സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ ലോകമെമ്പാടുമുള്ള മലയാളികളുടെ മനസു കവര്‍ന്ന രഞ്‌ജിനി ഹരിദാസാണ്‌ ഇനി വെള്ളിത്തിരയിലും നായികയായി എത്തുന്നത്‌. റിയാലിറ്റി ഷോകളില്‍ തിളങ്ങി നിന്ന സെലിബ്രിറ്റി ആങ്കര്‍മാര്‍ വെള്ളിത്തിരയിലേക്ക്‌ എത്തുന്നത്‌ പുതുമയല്ല. മുല്ലയിലൂടെ നായികയായ മീരാനന്ദന്‍, റിമാ കല്ലുങ്കല്‍, ഇപ്പോള്‍ ഓഡിനറി എന്ന സിനിമയിലൂടെ നായികയായ ശ്രീത എന്നിവരൊക്കെ ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ നിന്നാണ്‌ വെള്ളിത്തിരയിലേക്ക്‌ വന്നത്‌. എന്നാല്‍ ഇവരില്‍ നിന്നും രഞ്‌ജിനി ഹരിദാസിന്‌ ഒരു വിത്യാസമുണ്ട്‌. മലയാള ടെലിവിഷന്‍ രംഗത്തെ ഏറ്റവും പോപ്പുലര്‍ ആങ്കറാണ്‌ രഞ്‌ജിനി ഹരിദാസ്‌. കൊച്ചി സ്വദേശിനിയായ രഞ്‌ജിനി തന്നെയാണ്‌ സ്റ്റാര്‍ സിംഗര്‍ തുടങ്ങിയ കാലം മുതല്‍ തന്നെ അവതാരകയായി എത്തുന്നത്‌. ഇപ്പോള്‍ ആറു പതിപ്പുകളുമായി മുന്നേറുന്ന സ്റ്റാര്‍ സിംഗറിന്റെ അവതാരകയും രഞ്‌ജിനി തന്നെ.

`എന്‍ട്രി' എന്ന പുതിയ മലയാള ചിത്രത്തിലൂടെയാണ്‌ രഞ്‌ജിനി ഹരിദാസ്‌ മലയാള സിനിമയിലേക്ക്‌ കടന്നു വരുന്നത്‌. എവിടെയും കൂസാത്ത തന്റേടം പ്രകടിപ്പിക്കുന്ന രഞ്‌ജിനിക്ക്‌ ചേര്‍ന്ന കഥാപാത്രവുമാണ്‌ സിനിമയിലേത്‌. ഒരു പോലീസ്‌ ഓഫീസറുടെ കഥാപാത്രം. അതും ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞത്‌. രാജേഷ്‌ അമനകര സംവിധാനം ചെയ്യുന്ന എന്‍ട്രി എന്ന ചിത്രത്തില്‍ ബാബുരാജാണ്‌ നായകന്‍. ഭഗത്‌മാനുവല്‍ തുടങ്ങി പുതുമുഖങ്ങളുടെ നിര വേറെയും. ക്ലീന്‍ ആക്ഷന്‍ സസ്‌പെന്‍സ്‌ ചിത്രമായ എന്‍ട്രിയില്‍ രഞ്‌ജിനി തന്നെയാണ്‌ ഹൈലൈറ്റ്‌.

ആങ്കറിംഗ്‌ രംഗത്തു നിന്ന്‌ മലയാള സിനിമയിലേക്ക്‌ രഞ്‌ജിനി കടന്നു വരുമ്പോള്‍ അത്‌ ഒരു സ്ഥിരം നായികാ വേഷത്തിലൂടെയല്ല എന്നതാണ്‌ ഏറെ ശ്രദ്ധേയം. ഒരു പവര്‍ഫുള്‍ പോലീസ്‌ ഓഫീസറുടെ കഥാപാത്രം അവതരിപ്പിച്ചുകൊണ്ട്‌ രഞ്‌ജിനി എത്തുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ്‌. ഈ പ്രതീക്ഷകള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ മലയാള സിനിമയില്‍ തിളങ്ങാന്‍ ഇനി രഞ്‌ജിനിക്ക്‌ കഴിയുമോ എന്നതാണ്‌ കാത്തിരുന്ന്‌ കാണേണ്ടത്‌. സ്റ്റാര്‍സിംഗറിന്‌ പുറമേ നിരവധി സ്റ്റേജ്‌ഷോകളിലൂടെ കേരളത്തിലും വിദേശങ്ങളിലുമായി പ്രേക്ഷകര്‍ക്ക്‌ പരിചിതയാണ്‌ രഞ്‌ജിനി. കാരണം ആങ്കറിംഗ്‌ രംഗത്ത്‌ സ്വന്തമായി ഒരു ശൈലി സൃഷ്‌ടിച്ചുകൊണ്ട്‌ രഞ്‌ജിനിയെ പോലെ ശ്രദ്ധ നേടിയവര്‍ മലയാളത്തില്‍ വേറെയുണ്ടായിരുന്നില്ല.

ഇതിനിടയില്‍ ഏറെ വിമര്‍ശനങ്ങളും രഞ്‌ജിനിക്ക്‌ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്‌. മലയാള ഭാഷയെ ഇംഗ്ലീഷ്‌ കലര്‍ത്തി വികലമാക്കുന്നു എന്നതാണ്‌ അതില്‍ പ്രധാനം. ആങ്കറിംഗ്‌ രംഗത്തെ രഞ്‌ജിനിയുടെ ഭാഷാ ശുദ്ധി മുതല്‍ സ്റ്റേജുകളില്‍ പ്രത്യക്ഷപ്പെടുമ്പോഴുള്ള വസ്‌ത്രധാരണം വരെ പലപ്പോഴായി രഞ്‌ജിനിയെ വിമര്‍ശനങ്ങളിലും വിവാദങ്ങളിലും കൊണ്ടെത്തിച്ചു. ജഗതി ശ്രീകുമാര്‍ രഞ്‌ജിനി കൂടെ ഉള്‍പ്പെട്ട ഒരു സ്റ്റേജില്‍ അവരുടെ അവതരണ ശൈലിയെ വിമര്‍ശിച്ചതും ഏറെ വിവാദമായിരുന്നു. തന്റെ സ്വന്തം നിലപാടുകളില്‍ ഉറച്ചു നിന്നുകൊണ്ടാണ്‌ രഞ്‌ജിനി ഈ വിമര്‍ശനങ്ങള്‍ക്കൊക്കെ മറുപടി നല്‍കിയത്‌. മാത്രമല്ല വ്യത്യസ്‌തമായ തന്റെ അവതരണ ശൈലികൊണ്ട്‌ പ്രേക്ഷകരെ കൈയ്യിലെടുക്കാനും രഞ്‌ജിനിക്ക്‌ എപ്പോഴും കഴിഞ്ഞിരുന്നു.

ടെലിവിഷന്‍ രംഗം രഞ്‌ജിനിക്ക്‌ നല്‍കിയ ജനപ്രീതി തിരിച്ചറിഞ്ഞ സിനിമാ ലോകം ഇതിനു മുമ്പും നിരവധി ഓഫറുകള്‍ രഞ്‌ജിനിക്ക്‌ നല്‍കിയിരുന്നു. പൃഥ്വിരാജിന്റെ നായികയായി ഒരു സിനിമയില്‍ രഞ്‌ജിനി എത്തുമെന്ന്‌ ഏതാണ്ട്‌ ഉറപ്പായതുമാണ്‌. എന്നാല്‍ സിനിമയിലേക്ക്‌ തത്‌കാലം നോ പറഞ്ഞു നില്‍ക്കുകയായിരുന്നു രഞ്‌ജിനി. ഇപ്പോഴിതാ എന്‍ട്രി എന്ന സിനിമയിലൂടെ മലയാളത്തിലേക്ക്‌ രഞ്‌ജിനിയുടെ എന്‍ട്രി എത്തിയിരിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ്‌ തിരുവനന്തപുരത്ത്‌ ആരംഭിച്ചു കഴിഞ്ഞു. സിനിമയിലേക്കുള്ള രഞ്‌ജിനിയുടെ എന്‍ട്രി എത്രത്തോളം മികച്ചതാകും എന്നു മാത്രമാണ്‌ ഇനി അറിയുവാനുള്ളത്‌.
രഞ്‌ജിനി ഹരിദാസും വെള്ളിത്തിരയിലേക്ക്‌...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക