Image

കളിക്കളം

Published on 04 July, 2018
കളിക്കളം
(ജീവിതമാണ് കളിക്കളം. കളിയും സംഗരവുമൊരുപോലെ. അവിടെ തട്ടിത്തെറിച്ച് കറങ്ങിത്തിരിയുന്നത്, എക്കാലവും ഒരേയൊരു പന്ത്.)

പന്തുകളിയാണ്!
ആവേശത്തിലാകാശം മുഴങ്ങുന്നൂ ജനാരവം.
യുദ്ധവീരന്മാര്‍, ഭടന്മാര്‍
പൊരുതുകയാണിരുഭാഗവും,
സംഗരകേളീരംഗം കളിക്കളം.

മുറുകുന്നൂ കളി,
മൈതാനമദ്ധ്യത്തില്‍,
പറന്നതാ പരുന്തുപോലൊരുവന്‍,
റാഞ്ചിയ പന്തുണ്ടു കാല്പിടിയില്‍,
ഉള്ളംകയ്യിലെ നെല്ലിക്കപോലത്ര സുരക്ഷിതം !
ഇടതുവലതു കോണിലൂടെ ലക്ഷ്യം തേടി
മിന്നല്‍പോല്‍ കുതിക്കയാണവന്‍.
കാണികളിരമ്പുന്നൂ,
കയ്യടികളുദ്വേഗങ്ങള്‍,
ഒന്നാംനിരയിലെ പടക്കുതിര,
പന്തൊന്നു തൊട്ടാല്‍ വലയില്‍ !

കളിയെപ്പൊഴും കളിയോ!
അടിക്കാന്‍ കാലുയരുംമുന്നേ കുത്തിവീഴ്ത്തിയോ,
വീണുപിടയുന്നവന്‍.
ഒടിഞ്ഞിട്ടുണ്ടാം കൈകാല്‍കളോ നടുവോ.
താങ്ങുന്നുണ്ടാരൊക്കെയോ,
പൊക്കി നീക്കുന്നുണ്ടെങ്ങോട്ടോ.
ഇല്ലാ കളിക്കളത്തിലയാളിനി,
ഇല്ലാ കളിയ്ക്കരനിമിഷ വിരാമം.

പല കാല്‍കളില്‍ തട്ടിത്തെറിച്ചും കറങ്ങിയും
എന്തെന്നുമേതെന്നുമറിയാ-
തുരുളുകയാണാപ്പന്ത്,
വിസ്തൃത മൈതാനത്തില്‍!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക