Image

ജസ്‌നയുടെ തിരോധാനം, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പോലീസ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

Published on 04 July, 2018
ജസ്‌നയുടെ തിരോധാനം, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പോലീസ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
ജസ്‌ന മരിയയുടെ തിരോധാന കേസില്‍ പോലീസ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. നിലവിലെ അന്വേഷണത്തില്‍ കോടതി തൃപ്തി പ്രകടിപ്പിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഹര്‍ജി രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
നിലവിലെ സാഹചര്യത്തില്‍ പോലീസ് തന്നെ അന്വേഷണം തുടരട്ടെയെന്നാണ് കോടതിയുടെ നിരീക്ഷണം. അന്വേഷണ നടപടികള്‍ തൃപ്തികരമാണെന്ന് സിബിഐയും കോടതിയെ അറിയിച്ചു. പുതിയ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ച കാര്യം പോലീസ് കോടതിയെ ധരിപ്പിച്ചു.

തുടര്‍അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി. നേരത്തെ പോലീസ് അന്വേഷണത്തില്‍ സംശയം പ്രകടിപ്പിച്ചാണ് സഹോദരന്‍ ഹൈക്കോടതിയെ സമീപിച്ചതും സിബിഐ അന്വേഷണം ആവശ്യപ്പെട്ടതും. പോലീസ് ഇതുവരെ നടത്തിയ അന്വേഷണങ്ങള്‍ കോടതിയെ ബോധിപ്പിച്ചു.
ജസ്‌നയെ കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്ന് പോലീസ് ഇന്നും കോടതിയില്‍ ആവര്‍ത്തിച്ചു. സാധ്യമായ എല്ലാ വഴികളും തേടുന്നുണ്ട്. അതിനിടെയാണ് പുതിയ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം തുടങ്ങിയെന്നും പോലീസ് അറിയിച്ചു.
ജസ്‌ന കേസില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. സഹോദരന്‍ ജയ്‌സും അഡ്വ. ഷോണ്‍ ജോര്‍ജുമാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. അതിനിടെ, പുതിയ സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത് ജസ്‌ന ആണെന് ഉറപ്പില്ലെന്നാണ് ജസ്‌നയുടെ സഹോദരന്‍ പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക