Image

വിദേശ വിദ്യാര്‍ഥികള്‍ക്ക് അമേരിക്ക വേണ്ട

ഏബ്രഹാം തോമസ് Published on 04 July, 2018
വിദേശ വിദ്യാര്‍ഥികള്‍ക്ക് അമേരിക്ക വേണ്ട
2015 മുതല്‍ 2017 വരെ അമേരിക്കന്‍ കലാലയങ്ങളില്‍ പഠനം നടത്തുന്ന വിദേശ വിദ്യാര്‍ഥികളുടെ കണക്ക് എടുത്തപ്പോള്‍ ഗണ്യമായ കുറവ് ശ്രദ്ധിക്കപ്പെട്ടു. യുഎസ് നല്‍കിയ പഠന (എഫ് വണ്‍) വീസയിലും വലിയ കുറവുണ്ടായി. 2015 ലാണ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പഠന വീസ നല്‍കിയത്. 6,44,233 എണ്ണം. 2017 ല്‍ ഇത് 3,93,573 ആയി കുറഞ്ഞു. സ്റ്റുഡന്റ് വീസയ്ക്ക് അപേക്ഷിക്കുന്നവര്‍ 29% കുറഞ്ഞപ്പോള്‍ വീസ നല്‍കുന്നത് 39% കുറഞ്ഞു.

കാരണം പലതാണ്. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ വിമര്‍ശിക്കുന്നവര്‍ ട്രംപിന്റെ നയം പഴിക്കുന്നു. അമേരിക്ക ഫസ്റ്റ് എന്ന നയമാണ് വിദേശ വിദ്യാര്‍ഥികള്‍ക്ക് അമേരിക്കന്‍ കലാലയത്തില്‍ താല്‍പര്യം കുറയുവാന്‍ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. 2017 ഫാളില്‍ നടത്തിയ സര്‍വേയില്‍ 500 ലധികം അമേരിക്കന്‍ സ്‌കൂളുകള്‍ പങ്കെടുത്തു. ഇവയില്‍ പകുതിയും അമേരിക്കയിലെ സാമൂഹ്യ, രാഷ്ട്രീയ അന്തരീക്ഷമാണ് കാരണമായി പറഞ്ഞത്. 2016 ല്‍ ഇതേ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയത് ഇതില്‍ മൂന്നിലൊന്ന് സ്‌കൂളുകള്‍ മാത്രം ആയിരുന്നു. 2017 ല്‍ പകുതി കലാലയങ്ങളും വിദേശ വിദ്യാര്‍ത്ഥികള്‍ അമേരിക്കയില്‍ സ്വാഗതം ചെയ്യപ്പെടില്ല എന്ന ആശങ്ക പങ്കുവച്ചതായി വെളിപ്പെടുത്തി.

ഇത് ട്രംപ് ഭരണകൂടത്തിന്റെ സിറോ ടോളറന്‍സ് നയ പ്രഖ്യാപനത്തിനും യാത്രാ വിലക്ക് സുപ്രീം കോടതി നിയമ വിരുദ്ധമല്ല എന്ന് വിധിച്ചതിനും മുന്‍പാണ്. ഇന്നത്തെ സാഹചര്യത്തില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ താല്‍പര്യം വീണ്ടും കുറയുവാനാണ് സാധ്യത. വീസ കിട്ടാന്‍ പ്രയാസമാണ്. ഇവിടെ തങ്ങാന്‍ പ്രയാസമാണ്. ഒരു കുടുംബാംഗത്തെ കൊണ്ടു വരാന്‍ അതിലും പ്രയാസമാണ്. ഇതെല്ലാം അമേരിക്ക ഫസ്റ്റ് വീക്ഷണത്തിന്റെ ഭാഗമാണ്. ഫലമോ വളരെ കുറച്ച് വിദ്യാര്‍ത്ഥികളേ മറ്റ് രാജ്യങ്ങളില്‍ നിന്ന് വരികയുള്ളൂ. മൈഗ്രേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സീനിയര്‍ പോളിസി അനലിസ്റ്റ് ജീന്‍ ബാറ്റലോവ പറഞ്ഞു.

സ്റ്റുഡന്റ് വീസകളില്‍ 2,50,000 ല്‍ കൂടുതല്‍ കുറവുണ്ടായതായി യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് പറയുന്നു. അപേക്ഷകളും വീസകളുമാണ് യുഎസ് സ്‌കൂളുകളില്‍ അഡ്മിഷന്‍ തേടാനുള്ള പ്രിയം വ്യക്തമാക്കുന്നത്. കഴിഞ്ഞ ഫാളില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ എന്റോള്‍മെന്റ് 7 ശതമാനവും 2016 ല്‍ 3.3%വും കുറഞ്ഞതായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍ നാഷണല്‍ എജൂക്കേഷന്റെ സര്‍വേയില്‍ പറഞ്ഞു.

ടെക്‌സസിലെ പബ്ലിക് യൂണിവേഴ്‌സിറ്റികളില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ 5.3% കുറഞ്ഞു. മാസ്റ്റേഴ്‌സ്, ഡോക്ടറേറ്റ് ഡിഗ്രികളില്‍ കുറവ് 10% ല്‍ മുകളിലായിരുന്നു. ഡാലസ് നഗര സമൂഹത്തില്‍ ഇത് വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കും. കാരണം തൊഴില്‍ മേഖല പിരിമുറുക്കത്തിലാണ്. വിദേശ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ 29,000 ഉണ്ട്. സംസ്ഥാനത്തെ രണ്ട് പ്രമുഖ യൂണിവേഴ്‌സിറ്റികളും ഈ മേഖലയിലാണ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് അറ്റ് ഡാലസില്‍ 9,300 ഉം യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് അറ്റ് ആര്‍ലിങ്ടണില്‍ 7,300 ഓളവും വിദേശ വിദ്യാര്‍ഥികളുണ്ട്. ഡാലസ് മേഖലയിലെ വിദ്യാര്‍ത്ഥികളില്‍ ഇന്ത്യാക്കാര്‍ 37.6 % , ചൈനാക്കാര്‍ - 20.1 % , നേപ്പാള്‍കാര്‍ -5.5%, വിയറ്റ്‌നാം കാര്‍ - 5.3%, സൗത്ത് കൊറിയക്കാര്‍ -3.3%, സൗദി അറേബ്യക്കാര്‍- 2.7 % എന്നിങ്ങനെയാണ്. മൊത്തം വിദേശ വിദ്യാര്‍ഥികള്‍ 29,000.

സൗദി അറേബ്യ, ബ്രസില്‍ പോലെയുള്ള ബജറ്റിലെ ചെലവുകള്‍ വെട്ടിച്ചുരുക്കിയത് ഈ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ ഒഴുക്കിനെ ബാധിച്ചു. യുഎസ് കോളേജുകള്‍ ഫീസും മറ്റ് സേവനങ്ങള്‍ക്കുള്ള ചാര്‍ജും ക്രമാതീതം വര്‍ധിപ്പിച്ചതും കാരണമായി. ന്യൂസിലാന്‍ഡ്, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പോയിന്റുകള്‍ ലഭിക്കുന്നു. പഠനവും ജോലിയും തുടരുമ്പോള്‍ പെര്‍മനന്റ് റസിഡന്‍സിക്കുള്ള മാര്‍ഗവും തെളിയുന്നു. അമേരിക്കയില്‍ ഇതിന് നേരിയ ചാന്‍സേ ഉള്ളൂ എന്നും പരാതിയുണ്ട്.

കാനഡയാണ് ഈ രംഗത്ത് വലിയ നേട്ടം ഉണ്ടാക്കിയത്. 2015 -2017 കാലയളവില്‍ കാനഡയിലെ വിദേശ വിദ്യാര്‍ത്ഥികളുടെ സംഖ്യ 41% വര്‍ധിച്ചു. എങ്കിലും അമേരിക്ക പ്രഥമസ്ഥാനത്ത് തുടരുന്നു. 2017 ല്‍ 11 ലക്ഷം വിദേശ വിദ്യാര്‍ത്ഥികള്‍ അമേരിക്കയില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ കാനഡയില്‍ 5 ലക്ഷം വിദേശ വിദ്യാര്‍ഥികള്‍ ഉണ്ടെന്നാണ് കണക്ക്. 2016- 2017 കാലത്ത് 10,000 ല്‍ കുറവായിരുന്നു മൊത്തം എന്റോള്‍മെന്റില്‍ രേഖപ്പെടുത്തിയത്.

വിദേശ വിദ്യാര്‍ഥികള്‍ ഇപ്പോള്‍ താത്പര്യപ്പെടുന്നത് കാനഡ, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണെന്നും അമേരിക്കയ്ക്ക് ഒന്നാം സ്ഥാനം വരും വര്‍ഷങ്ങളില്‍ നഷ്ടപ്പെടുമെന്നും നിരീക്ഷകര്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക