Image

രാജ്യം വില്‍ക്കുന്നവര്‍ - സാജന്‍ തോമസ്

സാജന്‍ തോമസ് റോക്ക്‌ലാന്റ് Published on 27 March, 2012
രാജ്യം വില്‍ക്കുന്നവര്‍ - സാജന്‍ തോമസ്
ഇന്‍ഡ്യന്‍ കരസനേയുടെ തലവന്‍ ജനറല്‍ വി.കെ. സിംഗ് ഹിന്ദുപത്രത്തിനനുവദിച്ച അഭിമുഖ സംഭാഷണത്തില്‍ വെളിപ്പെടുത്തിയ കോഴക്കാര്യം നമ്മള്‍ ഇന്ത്യക്കാര്‍ ഞെട്ടലോടെയാണ് കേട്ടത്. 600 Tatra ട്രക്കുകള്‍ വാങ്ങുന്ന പേപ്പറുകള്‍ ക്ലിയര്‍ ചെയ്ത് കൊടുത്താല്‍ 14 കോടി തരാമെന്നുള്ള കോഴ വാഗ്ദാനം അദ്ദേഹത്തിന്റെ മുന്‍പിലവതരിപ്പിച്ചത് ഒരു വിദേശിയോ രാഷ്ട്രീയക്കാരനോ ആയിരുന്നില്ല മറിച്ച് രാജ്യം കാക്കുന്ന മറ്റൊരു സേനാനായകന്‍ , ഈയിടെ വിരമിച്ച ലെഫ്റ്റ്‌നെറ്റ് ജനറല്‍ തേജീന്ദര്‍ സിംഗ് എന്ന വ്യക്തിയായിരുന്നു.

അഴിമതി ഭൂതം ഇന്ത്യാരാജ്യത്തിന്റെ രാഷ്ട്രീയ ഇടനാഴികളില്‍ മാത്രമല്ല രാജ്യസംരക്ഷണത്തിന്റെ കാവല്‍ഭടന്മാരായ ഇന്ത്യന്‍ പട്ടാളത്തിന്റെ അകത്തളങ്ങളിലും കയറിയിറങ്ങുന്നു എന്നത് രാജ്യസ്‌നേഹികളായ നമ്മളെ ഏറെ വേദനിപ്പിക്കുന്നു.

കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്കായി ഓര്‍ഡര്‍ ചെയ്ത ശവപ്പെട്ടി കച്ചവടവും, വിമുക്ത ഭടന്മാര്‍ക്കും യുദ്ധത്തില്‍ മരിച്ച സൈനികരുടെ ആശ്രിതര്‍ക്കായും നിര്‍മ്മിച്ച ആദര്‍ശ് ഫ്‌ളാറ്റ് വിവാദവും നമ്മുടെ കരസേനയുടെ സല്‍പ്പേരിന് കളങ്കം ചാര്‍ത്തിയ സംഭവങ്ങളാണ്.

രാഷ്ട്രീയത്തിലെ വിശുദ്ധനായി അറിയപ്പെടുന്ന അഴിമതിയുടെ കറപുരളാത്ത ഏ.കെ. ആന്റണിയെ പ്രതിരോധമന്ത്രി സ്ഥാനം കോണ്‍ഗ്രസ് ഏല്‍പ്പിച്ചപ്പോള്‍ ഉദ്ദേശ്യം ഒന്നേ ഉണ്ടായിരുന്നുള്ളൂ. ഇന്‍ഡ്യന്‍ സേനകളെ അഴിമതി മുക്തവും കാര്യക്ഷമവുമാക്കുക എന്നത്. വികസനതത്തിലൂടെ ലോകരാഷ്ട്രങ്ങളുടെ മുന്‍നിരയിലേക്ക് കുതിക്കുന്ന ഇന്ത്യയ്ക്ക് അഴിമതിക്കഥകള്‍ കുറച്ചൊന്നുമല്ല നാണക്കേടുണ്ടാക്കുന്നത്. 'A Man For All Seasons'എന്ന പുസ്തകത്തില്‍ തന്റെ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാനാഗ്രഹിച്ച ഹെന്ററി 8-ാമനെ എതിര്‍ത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന തോമസ് മൂര്‍ എന്ന കഥാപാത്രം പറയുന്ന ഒരു വാചകമുണ്ട്-മൗനം സമ്മതലക്ഷണമായി കണക്കാക്കണം-എന്നതാണത്. ആദര്‍ശ ശുദ്ധനായ ആന്റണിയുടെ മൗനം ടുജി സ്‌കാമില്‍ മന്‍മോഹന്‍ നടത്തിയ മൗനത്തോട് സാമ്യമുള്ളതായി കണക്കാക്കാം.'Inaction is equal to dishonesty' എന്നതായതുകൊണ്ട്, പുതിയ വെളിപ്പെടുത്തലുകള്‍ ആന്റണിയുടെ സത്യസന്ധതയെയും ചോദ്യം ചെയ്യപ്പെടാം.

സി.ബി.ഐ. നടത്തുന്ന സമഗ്ര അന്വേഷണം കുറ്റവാളികളെ, അവര്‍ എത്ര ശക്തരായിരുന്നാലും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്ന് കഴിഞ്ഞ ദിവസം രാജ്യസഭയില്‍ ആന്റണി അിയിച്ചിട്ടുണ്ട് എങ്കിലും രാജ്യരക്ഷയുടെ കാവലാളുകള്‍ക്കെതിരെ മറമാറ്റി വന്നിരിക്കുന്ന അഴിമതിക്കഥകള്‍ ഉയര്‍ത്തുന്ന ഭീഷണികള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാകും ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഉണ്ടാകുക. രാജ്യത്തിന്റെ അഖണ്ഡത കാക്കേണ്ടവര്‍ രാജ്യം വില്‍ക്കുന്ന കള്ളന്‍മാരായാല്‍ പിന്നെ പാവം ജനങ്ങളുടെ അവസ്ഥ എന്താണ്? ഒരു ലോകപാല്‍ ബില്ലുകൊണ്ട് തടയാവുന്നതോ ഒരു അണ്ണാഹസാരെയ്ക്ക് ചെറുക്കാവുന്നതിലോ എത്രയോ വലുതാണ് രാജ്യത്തെ ബാധിച്ചിരിക്കുന്ന അഴിമതി. ഇതിനെ ചെറുക്കാന്‍ നമ്മുടെ രാജ്യത്തെ യുവതലമുറ മുന്‍പോട്ട് വന്നില്ലെങ്കില്‍ അഴിമതി എന്ന അര്‍ബുദം ബാധിച്ച് അകാലത്തില്‍ ചരമമടയാനായിരിക്കും ഇന്ത്യയുടെ വികസനസ്വപ്നങ്ങളുടെ വിധി. എന്നാല്‍ അഴിമതിക്കെതിരെ ഈ പോരാട്ടത്തില്‍ നമ്മുടെ യുവജനങ്ങളെ ആരു നയിക്കും എന്നതാണ് പ്രധാന ചോദ്യം.

രാജ്യം വില്‍ക്കുന്നവര്‍ - സാജന്‍ തോമസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക