കുവൈത്ത് സിറ്റി: സന്നദ്ധ രക്തദാന രംഗത്ത് പത്തിലധികം രാജ്യങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന നവമാധ്യമ കൂട്ടായ്മയായ ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ടീമിന്റെയും മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലിന്റെ ആരാധകരുടെ ആഗോള ഓണ്‍ലൈന്‍ കൂട്ടായ്മയായ ലാല്‍ കെയെര്‍സ് വേള്‍ഡ് വൈഡ് ചാരിറ്റബിള്‍ സൊസൈറ്റി കുവൈറ്റ് യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ജാബ്രിയ സെന്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ രക്തദാന ക്യാന്പ് സംഘടിപ്പിച്ചു.
ചെറിയ പെരുന്നാള്‍ ആഘോഷങ്ങളുടേയും ജൂണ്‍ മാസത്തെ പ്രതിമാസ ചാരിറ്റി പ്രവര്‍ത്തനങ്ങളുടേയും ഭാഗമായാണ് ലാല്‍ കെയേഴ്സ് പ്രവര്‍ത്തകര്‍ രക്തദാനം നടത്തിയത്. കുവൈത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി നിരവധി പ്രവര്‍ത്തകര്‍ ക്യാന്പില്‍ പങ്കെടുത്തു.
സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഇരു സംഘടനകളും ആദ്യമായാണ് കുവൈത്തില്‍ കൈകോര്‍ക്കുന്നത്. പ്രവാസജീവിതത്തിലെ തിരക്കേറിയ ജീവിതത്തില്‍ അന്‍പത് ഡിഗ്രിക്ക് മുകളിലത്തെ കടുത്ത ചൂടിനെ അവഗണിച്ചും സാമൂഹ്യ പ്രതിബദ്ധതയോടെ രക്തദാനത്തിന് തയാറായി വന്ന എല്ലാ രക്തദാതാക്കളേയും ബ്ലഡ് ഡോണേഴ്സ് കേരള അഭിനന്ദിച്ചു.
രക്തദാനപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുവാന്‍ താത്പര്യമുള്ള സംഘടനകളും സ്ഥാപനങ്ങളും ബിഡികെ കുവൈത്ത് ടീമിനെ ബന്ധപ്പെടാവുന്നതാണ്.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍