Image

അഭിമന്യു വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

Published on 06 July, 2018
അഭിമന്യു വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

കൊച്ചി: എറണാകുളം മഹാരാജാസ്‌ കോളേജില്‍ എസ്‌.എഫ്‌.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. നിലവില്‍ സെന്‍ട്രല്‍ സി.ഐ അനന്ത്‌ലാലിനായിരുന്നു അന്വേഷണ ചുമതല. എന്നാല്‍ ഇനി മുതല്‍ കേസ്‌ കണ്‍ട്രോള്‍ റൂം അസിസ്‌റ്റന്റ്‌ കമ്മിഷണര്‍ സുരേഷ്‌ കുമാര്‍ അന്വേഷിക്കുമെന്ന്‌ പൊലീസ്‌ വൃത്തങ്ങള്‍ വ്യക്തമാക്കി. കേസിന്റെ മേല്‍നോട്ട ചുമതല ഡി.ജി.പി നേരിട്ട്‌ വഹിക്കും.

അഭിമന്യുവിനെ കൊലപ്പെടുത്തുകയും രണ്ടുപേരെ മാരകമായി കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്‌ത അക്രമി സംഘത്തിലെ ഭൂരിഭാഗം പേരും എസ്‌.ഡി.പി.ഐയുടേയും പോപുലര്‍ ഫ്രണ്ടിന്റേയും സജീവ പ്രവര്‍ത്തകരാണെന്ന്‌ പൊലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌.

പ്രതികളില്‍ ആറ്‌ പേര്‍ എറണാകുളം നെട്ടൂര്‍ സ്വദേശികളാണെന്നാണ്‌ പൊലീസ്‌ നല്‍കുന്ന വിവരം. എന്നാല്‍ മുഖ്യപ്രതികളുടെ പേര്‌ വിവരങ്ങള്‍ പൊലീസ്‌ പുറത്ത്‌ വിട്ടിട്ടില്ല. കൃത്യത്തിന്‌ ശേഷം രക്ഷപ്പെടാന്‍ സഹായിച്ചവരെ ചോദ്യം ചെയ്‌തതില്‍ നിന്നാണ്‌ പ്രതികളെ തിരിച്ചറിഞ്ഞത്‌.

എറണാകുളം നോര്‍ത്ത്‌ റെയില്‍വേ സ്‌റ്റേഷന്‌ പിന്നിലെ ഒരു വീട്ടില്‍ വച്ച്‌ മഹാരാജാസ്‌ കോളേജില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്യുകയും മറ്റു ജില്ലകളില്‍ നിന്നുള്ളവരെ ഉള്‍പ്പെടെ വിളിച്ചുചേര്‍ക്കുകയും ചെയ്‌ത ഒന്നാംപ്രതി മുഹമ്മദിനായി പൊലീസ്‌ ലുക്കൗട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക