Image

ആത്മഹത്യ ചെയ്ത ദമ്പതികളുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

Published on 06 July, 2018
ആത്മഹത്യ ചെയ്ത ദമ്പതികളുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്
ചങ്ങനാശേരിയില്‍ ആത്മഹത്യ ചെയ്ത ദമ്പതികളുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടില്ലെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടെന്ന് കോട്ടയം എസ്പി ഹരിശങ്കര്‍. നേരത്തെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും മര്‍ദ്ദനമേറ്റതിന്റെ പാടുകളൊന്നും ഇല്ലെന്ന് വ്യക്തമായിരുന്നു.

സ്വര്‍ണമോഷണ കേസില്‍ പൊലീസ് ചോദ്യംചെയ്തതിന് പിന്നാലെയായിരുന്നു ചങ്ങനാശേരി പുഴവാത് സ്വദേശികളായ സുനില്‍കുമാര്‍, രേഷ്മ എന്നിവരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. തന്റെ സ്ഥാപനത്തില്‍നിന്ന് 75 പവന്‍ സ്വര്‍ണം മോഷണം പോയെന്ന സിപിഎം നഗരസഭാംഗം സജി കുമാറിന്റെ പരാതിയെത്തുടര്‍ന്നാണ് ദമ്പതികളെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചത്. എന്നാല്‍ പിന്നീട് ദമ്ബതികള്‍ വീട്ടിലെത്തി ജീവനൊടുക്കുകയായിരുന്നു.

ആത്മഹത്യാ കുറിപ്പില്‍ പൊലീസ് മര്‍ദ്ദിച്ചുവെന്ന് പരാമര്‍ശിച്ചിട്ടുള്ള സാഹചര്യത്തില്‍ ആത്മഹത്യാ കുറിപ്പും ശാസ്ത്രീയ തെളിവുകളും വിശദമായി പരിശോധിക്കുമെന്ന് എസ്പി വ്യക്തമാക്കി. അതേസമയം സുനിലിന് ഒപ്പമുണ്ടായിരുന്ന രാജേഷിന്റെ മൊഴി നിര്‍ണായകമായേക്കും. പൊലീസിന് അനുകൂലമായ മൊഴിയാണ് രാജേഷ് നല്‍കിയിരിക്കുന്നതെന്നാണ് സൂചന. ഇയാളുടെ വിശദമായ മൊഴി നാളെ രേഖപ്പെടുത്തും.
സജി കുമാറിന്റെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു സുനില്‍. സ്റ്റേഷനില്‍ വച്ച് സുനില്‍കുമാറിനെ പൊലീസ് അതിക്രൂരമായി മര്‍ദിച്ചെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. പൊലീസ് ക്രൂരമായി മര്‍ദിച്ചിരുന്നതായി മരിച്ച സുനില്‍കുമാര്‍ പറഞ്ഞിരുന്നെന്നും സജി കുമാര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക