Image

രഞ്ജി പണിക്കരുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് നടി റിമ കല്ലിങ്കല്‍, പുതിയ മാറ്റത്തിന്റെ തുടക്കമെന്ന് റിമ

Published on 06 July, 2018
രഞ്ജി പണിക്കരുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് നടി റിമ കല്ലിങ്കല്‍, പുതിയ മാറ്റത്തിന്റെ തുടക്കമെന്ന് റിമ
സ്ത്രീകളെ അധിക്ഷേപിച്ചും പരിഹസിച്ചും സംഭാഷണങ്ങളെഴുതി കൈയ്യടി വാങ്ങിയതില്‍ താന്‍ അതിയായി ഖേദിക്കുന്നു എന്ന, സംവിധായകനും നടനുമായ രഞ്ജി പണിക്കരുടെ ഏറ്റുപറച്ചില്‍ അടുത്ത നാളുകളില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
സ്ത്രീകളുടെ തുല്യതയ്ക്കും അവരെ അപമാനിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങള്‍ സിനിമയില്‍ നിന്ന് എടുത്ത് മാറ്റണമെന്നുമുള്ള ആവശ്യങ്ങള്‍ സമൂഹത്തില്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് താന്‍ മുമ്പ് ചെയ്തിട്ടുള്ള സിനിമകളെയോര്‍ത്ത് പശ്ചാത്തപിക്കുന്നു എന്ന് രഞ്ജി പണിക്കര്‍ ഏറ്റ് പറഞ്ഞത്.

ഇപ്പോഴിതാ അദ്ദേഹത്തിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് നടി റിമ കല്ലിങ്കല്‍. രഞ്ജി പണിക്കരുടെ വാക്കുകള്‍ ഒരു പുതിയ മാറ്റത്തിന്റെ തുടക്കമാണെന്നാണ് റിമ ഫേസ്ബുക്കില്‍ കുറിച്ചത്.'രഞ്ജി പണിക്കര്‍ക്ക് അഭിവാദ്യങ്ങളും അഭിനന്ദനങ്ങളും. അദ്ദേഹം പറഞ്ഞത് പോലെ എല്ലാ കലാസൃഷ്ടികളും കാലാകാലങ്ങളില്‍ പരിശോധനയ്ക്ക് വിധേയമാകണം. നമ്മള്‍ ജീവിക്കുന്ന കാലത്തെയാണ് എല്ലാ കലകളിലും രേഖപ്പെടുത്തുന്നത്. കാലാതിവര്‍ത്തിയായ , തലമുറകള്‍ ആദരിക്കുന്ന കലാസൃഷ്ടികളുണ്ടാക്കാം നമുക്ക് 'എന്ന് കുറിച്ച റിമ സെന്‍സ് , സെന്‍സിറ്റിവിറ്റി, സെന്‍സിബിലിറ്റി എന്ന രഞ്ജി പണിക്കര്‍ പ്രയോഗത്തെ ഹാഷ് ടാഗുകളാക്കി ചേര്‍ത്തിട്ടുണ്ട്.

നീ വെറും പെണ്ണാണ് എന്നൊക്കെ പല സിനിമകള്‍ക്കായും സംഭാഷണങ്ങള്‍ എഴുതേണ്ടി വന്നിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് രഞ്ജി പണിക്കര്‍ പറഞ്ഞത്. സംവിധായകന്‍ സിനിമയ്ക്കായിട്ടാണ് അന്ന് അതൊക്കെ എഴുതിയത്. കിംഗിലെ മമ്മൂട്ടിയുടെ ഡയലോഗ് എഴുതുമ്പോള്‍ കൈയടി മാത്രമായിരുന്നു മനസ്സില്‍. ഇപ്പോള്‍ അതിലെനിക്ക് പശ്ചാത്താപമുണ്ട്. ഇന്ന് സംഭാഷണമെഴുതുകയാണെങ്കില്‍ ഇത്തരത്തിലുള്ള ഭാഷ ഉപയോഗിക്കില്ല.

തീയേറ്ററിനുള്ളില്‍ ഒരു ആള്‍ക്കൂട്ടത്തിലിരുന്ന് ഈ സിനിമ കാണുന്ന സ്ത്രീക്ക് താന്‍ അപമാനിക്കപ്പെട്ടതായി തോന്നുന്നുവെങ്കില്‍ അത് എന്റെ തെറ്റ് തന്നെയാണ്. എന്നാല്‍ അക്കാര്യം വളരെ വൈകിയാണ് തിരിച്ചറിഞ്ഞത്. കരുതികൂട്ടി അത്തരം സംഭാഷണങ്ങള്‍ തിരുകികയറ്റിയതൊന്നുമല്ല. അത്തരം ഡയലോഗുകള്‍ കേട്ട് കൈയടിച്ചവര്‍ക്കു പോലും അതിനുള്ളിലെ ശരികേട് മനസ്സിലായി. അതുകൂടാതെ ധാരാളം ജാതീയമായ പരാമര്‍ശങ്ങളും ഞാനെഴുതിയ സംഭാഷണങ്ങളില്‍ കടന്നുവന്നിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക