Image

അമേരിക്കന്‍ മലയാളികളേ, നാം ഇനി എങ്ങോട്ട്? (വാല്‍ക്കണ്ണാടി: കോരസണ്‍)

Published on 06 July, 2018
അമേരിക്കന്‍ മലയാളികളേ, നാം ഇനി എങ്ങോട്ട്? (വാല്‍ക്കണ്ണാടി: കോരസണ്‍)
അന്‍പതോളം വര്‍ഷങ്ങളായി അമേരിക്കയിലേക്ക് കുടിയേറിയ മലയാളിക്കു കുറെയേറെ രൂപാന്തരം ബാധിച്ചു. ജന്മനാട്ടിനേക്കാള്‍ കൂടുതല്‍ സമയം അവന്‍ വിയര്‍പ്പൊഴുക്കി അദ്ധ്വാനിച്ചു പടുത്തുയര്‍ത്തിയ കുടുംബം, സൗഹൃദങ്ങള്‍, സാംസ്കാരിക തനിമ, അവനറിയാതെ കൂടെ കൊണ്ടുപോന്ന തുടിപ്പിക്കുന്ന സുവര്‍ണ്ണസന്ധ്യകള്‍, ബാല്യകാല ഓര്‍മ്മകള്‍, താളം പിടിക്കുന്ന ഗൃഹാതുര സ്മരണകള്‍ ഒക്കെ അവനൊപ്പം നിലയുറപ്പിച്ചു. ഓരോ മഴചാറ്റലിലും അവന്‍ മനസ്സുകൊണ്ട് ഓടിച്ചേരാന്‍ കൊതിക്കുന്ന ദാരിദ്ര്യം നിറഞ്ഞ ഓലപ്പുരകളുടെയും, ചീര്‍ന്നൊലിക്കുന്ന പള്ളിക്കൂടങ്ങളുടെയും മങ്ങിയ നനുത്ത ഓര്‍മ്മകള്‍ ഒക്കെ അവന്റെ സിരകളില്‍ ഇടയ്ക്കിടെ വന്നു കിന്നാരം പറയാറുണ്ട്. ‘ഈ യാത്ര തുടങ്ങിയതെവിടെനിന്നോ ഇനിയിലൊരു വിശ്രമം എവിടെച്ചെന്നോ’ അമേരിക്കന്‍ മലയാളിക്ക് വയലാറിന്റെ വരികള്‍ ഹൃദസ്ഥ്യം!.

അമേരിക്കയിലെ ജീവിതം അവനു സമ്മാനിച്ച സുരക്ഷിതമായ മോഹിപ്പിക്കുന്ന ജീവിത സാഹചര്യങ്ങള്‍. കുട്ടികള്‍ വളര്‍ന്നു അമേരിക്കന്‍ മുഖ്യധാരയുടെ ഭാഗമാകുമ്പോള്‍, അവന്‍ ഓര്‍ക്കുവാന്‍ പോലും സാധിക്കാത്ത നമ്മുടെ മലയാളഭാഷയും നമ്മുടെ രുചിക്കൂട്ടുകളും, രസകൂട്ടുകളും. എന്തൊക്കയോ നമ്മളെ നാം ആക്കി എന്ന് വിശ്വസിച്ചു കൂട്ടിയ മിഥ്യാധാരണകളും ഒക്കെ ഒന്നൊന്നായി അര്‍ത്ഥം നഷ്ട്ടപ്പെട്ടു പോകുന്നത് വെറുതെ നോക്കി നില്‍ക്കാനേ അവനു സാധിക്കുന്നുള്ളൂ. കുറെയൊക്കെ മലയാളിയായി പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചപ്പോഴും, എന്തിനാണ് ഇതൊക്കെ എന്ന് തോന്നി തുടങ്ങിയ ജീവിത യാഥാര്‍ഥ്യങ്ങളോട് അവന്‍ മല്ലടിച്ചു കൊണ്ടേയിരിക്കകയാണ് ഓരോ നിമിഷവും.

പണ്ടൊക്കെ, അവന്റെ സ്വന്തമായ ശ്മശാന ഭൂമിയുടെ അവകാശങ്ങള്‍ സ്വന്തമാക്കാനുള്ള പരസ്യത്താളുകള്‍ മെയില്‍ ബോക്‌സില്‍ വന്നു നിറയുമ്പോള്‍ ഭീതിയോടെ, അത് തുറക്കാതെ തന്നെ ഗാര്‍ബേജ് ബാഗിന്റെ ഉള്ളിലേക്ക് തള്ളുകയായിരുന്നു. കൊഴിഞ്ഞു വീണ നീണ്ട വര്‍ഷങ്ങളും അറിയാതെ കൂടെകൂടിയ ആരോഗ്യപ്രശ്‌നങ്ങളും, അത്തരം പരസ്യത്താളുകളെ പുതിയ അര്‍ത്ഥത്തോടെ നോക്കി, വരികളിലൂടെ വായിച്ചു, വേണ്ടതു ചെയ്യുവാന്‍ തമ്മില്‍ തമ്മില്‍ പറഞ്ഞു തുടങ്ങി.ചിലര്‍ അത്തരം സ്വസ്ഥമായ ഇടങ്ങള്‍ സ്വന്തമാക്കുകയും ഇടക്ക് അവിടെ പോയി നോക്കാനും തുടങ്ങി. സുഹൃത്തുക്കള്‍ അടുത്തടുത്തു കിടന്നു കിന്നാരം പറഞ്ഞു പൊട്ടിച്ചിരിക്കാന്‍ അടുത്ത സ്ഥലങ്ങളും സ്വന്തമാക്കി. അമേരിക്കന്‍ മണ്ണിലെ ഈ ആറടി മണ്ണ് സ്വന്തമാക്കിയതുമുതല്‍ പിറന്ന മണ്ണിനോട് മനസ്സ് കൊണ്ട് സലാം പറഞ്ഞു തുടങ്ങി. അല്ലാതെതന്നെ അമ്മയുടെ മരണത്തോടെ നാട്ടില്‍ പോകുന്നത് ഒരു വിനോദ യാത്രയുടെ മൂഡിലാണ് ഏറെപ്പേര്‍ക്കും. “ഈ മണ്ണില്‍ കിടക്കുന്ന കൊഴിഞ്ഞ പൂക്കള്‍, ഇതുവഴി പോയവര്‍ തന്‍ കാലടികള്‍” അതാണ് അമേരിക്കന്‍ മലയാളി ഇന്ന് നോക്കുന്നത്.

ആകെ ഒരു കണ്‍ഫ്യൂഷന്‍. ഇവിടെ ഒന്നിനും അവനു താല്പര്യമില്ല, ഒന്നിനെയും അവനു വിശ്വാസമില്ല എങ്കിലും വടക്കു നോക്കിയന്ത്രം പോലെ കേരളത്തിലെ രാഷ്ട്രീയവും, ഇവിടുത്തെ പള്ളി രാഷ്ട്രീയവും, മലയാളം സീരിയലുകളും, കാശുകൊടുക്കാതെ വായിക്കാവുന്ന ഓണ്‍ലൈന്‍ പത്രങ്ങളും മാത്രം അവന്റെ ദിവസങ്ങള്‍ നിറക്കുന്നു. കുറെയേറെ രാജ്യങ്ങള്‍ യാത്രചെയ്തു കഴിഞ്ഞപ്പോള്‍ അതും മടുത്തു. നാട്ടില്‍ പോയി നില്‍ക്കുന്നതും മടുത്തു, കേരളത്തില്‍ പോയാല്‍ തന്നെ എത്രയും വേഗം തിരികെ എത്താനാണ് അവന്‍ ശ്രമിക്കുന്നത്. ഇവിടുത്തെ സാംസ്കാരിക നായകരെ ഒട്ടുമേ അവനു താല്പര്യമില്ല. പക്ഷെ എന്തെങ്കിലും ഒക്കെ വായിക്കണമെന്ന് അവനു ആഗ്രഹമുണ്ട്. തന്റെ നാളുകള്‍ക്കു നീളം കുറഞ്ഞു വരുന്നു എന്ന അറിവില്‍, പേരകുട്ടികളെ നോക്കുന്നതും,മെഡിക്കല്‍ അപ്പോയ്ന്റ്‌മെന്റ്‌സ് ഒക്കെയായി ജീവിതം വലിച്ചു കൊണ്ടുപോകുന്നു. അടുത്തകാലത്ത് തുടങ്ങിയ ചെറിയ കൂട്ടമായ ക്ലബ്ബ്‌സംസ്കാരം അല്‍പ്പം സ്മാളും കുറെ കുന്നായ്മയും, വേനലിലെ കൃഷിയും അവനെ ചെറിയ ലോകത്തിലെ വലിയ രാജാവാക്കി. ഓണവും ക്രിസ്മസും തിരഞ്ഞെടുപ്പും മാത്രം ആഘോഷിക്കുന്ന മലയാളി സംഘടനകള്‍ ശുഷ്ക്കമായ കൂട്ടങ്ങളായിത്തുടങ്ങി.

നാടന്‍ വിഭവങ്ങളും പെരുന്നാളുകളും ഉത്സവങ്ങളും മുണ്ടും തിരുവാതിരയും ചെണ്ടയുമൊക്കെ ഇന്ന് അവനു ഹരമാണ്, പക്ഷേ താമസിയാതെ ഓര്‍മയുടെ വിഹായസ്സില്‍ തെളിഞ്ഞു നില്‍ക്കുന്ന മഴവില്‍ കാവടികള്‍ ആയി ഇവ മാറും. മലയാളം സിനിമയും പാട്ടുകളും പത്രങ്ങളും സ്‌റ്റേജ് ഷോകളും ഒക്കെ പഴയ തലമുറക്കു താല്പര്യം കുറഞ്ഞു തുടങ്ങി. ഇവിടെ വളര്‍ന്ന പുതിയ തലമുറക്ക് ഇതൊന്നും ഒട്ടുമേ ദഹിക്കാത്തയായി. ഇപ്പോഴുള്ള തലമുറ കുറച്ചു കാലം കൂടി ഇങ്ങനെ പോകും എന്നതില്‍ തര്‍ക്കമില്ല, എന്നാല്‍ ഇനിയും നാം എങ്ങോട്ട് എന്ന് ചിന്തിച്ചു തുടങ്ങണം.

മലയാളിക്ക് ഇന്നും അവനെ ഒന്നുചേര്‍ത്തുനിര്‍ത്തുന്ന മാജിക്, നാട്ടിലെ രാഷ്ട്രീയമാണ്. എന്തൊക്കയോ നഷ്ട്ടപ്പെട്ട അവനു, രാഷ്രീയ നേതാക്കളുമായുള്ള ഫോട്ടോയും ചങ്ങാത്തവും ആദരിക്കലും ആകെ അവനെ മലയാളിയാക്കി പിടിച്ചു നിലനിര്‍ത്തുന്നു. എന്നാല്‍ അമേരിക്കയിലെ പൊങ്ങച്ചന്‍ മലയാളിയെപ്പറ്റി പുച്ഛത്തോടെ അടക്കം പറകയും , നേരില്‍ കാണുമ്പോള്‍ പൊക്കി പറകയും ചെയ്യുന്ന കേരള രാഷ്ട്രീയ, സമുദായ നേതാക്കളുടെ കാപട്യം ഒക്കെ അവന് അറിയാമെങ്കിലും അവന്‍ അതില്‍ ഒരു നിഗൂഢ സായൂജ്യം അണയുന്നു. എന്നാല്‍ ഇനിയും ഇത് തുടരണോഎന്ന് ചിന്തിച്ചു തുടങ്ങണം.

ആദ്യാനുഭവമുള്ള മലയാളി, ആക്റ്റീവ് റിട്ടയര്‍മെന്‍റ്റിലേക്കു പ്രവേശിക്കുകയും, ഇവിടെ ജനിച്ചു വളര്‍ന്ന പുതിയ തലമുറ, മലയാളി അല്ലെങ്കില്‍ ഇന്ത്യക്കാരന്‍ എന്നറിയപ്പെടാന്‍ അത്ര താല്പര്യം കാട്ടാതെയും ഇരിക്കുന്ന ഒരു സ്ഥിതി വിശേഷം നിലനില്‍ക്കുന്നു. നമുക്ക് നമ്മുടേതായ ചില പ്രശ്‌നങ്ങള്‍ ഉണ്ട്. പഞ്ചാബിയും ഗുജറാത്തിയും തമിഴനും തന്‍റെ ഭാഷയോടും സംസ്കാരത്തോടും കാട്ടുന്ന അഭിനിവേശവും, അത് പുതു തലമുറയില്‍ നിലനിര്‍ത്താന്‍ കാട്ടുന്ന പരിശ്രമവും മലയാളി കാട്ടാറില്ല. അവന്റെ പുതുതലമുറ വളരെ വേഗം അമേരിക്കന്‍ ധാരയില്‍ അലിഞ്ഞു ചേരുകയാണ്. ഇവിടെ മലയാളിത്തം ഓര്‍മ്മ മാത്രമാവുകയാണ്. അതായതു ഈ മലയാളി ആഘോഷങ്ങള്‍ ഇന്നാട്ടില്‍ കുറച്ചു വര്‍ഷങ്ങള്‍ കൂടി മാത്രം.

ഒന്നിനും താല്‍പ്പര്യമില്ലാത്ത ഒരു വലിയ കൂട്ടം വിശ്രമ ജീവിതം വെറുതെ ജീവിച്ചു തീര്‍ക്കുന്നു. മതിയായ നേതൃത്വവും കാഴ്ചപ്പാടും ഇവിടുത്തെ സാമൂഹിക നേതൃത്വത്തിന് കാണാനില്ല എന്നത് ഒരു വിധിവൈപരീത്യം. മതസംഘടനകളില്‍ തളച്ചിട്ട അമേരിക്കന്‍ മലയാളി പൊട്ടക്കുളത്തിലെ തവളകള്‍ പോലെ ജീവിതം മുന്നോട്ടു കൊണ്ടുപോകയാണ് എന്നത് വേദനിപ്പിക്കുന്ന യാഥാര്‍ഥ്യമാണ്. മലയാളിത്തം വേണ്ടാത്ത ഒരു പുത്തന്‍ തലമുറ. അത് അമേരിക്കനാണോ ഏഷ്യന്‍ ആണോ ഏതു ഗണത്തില്‍ അറിയപ്പെടണം?, മിശ്ര വിവാഹങ്ങളിലൂടെ വേരുകള്‍ നഷ്ട്ടപ്പെടുന്നവര്‍, നമ്മുടെ കുട്ടികളില്‍ വര്‍ധിച്ചുവരുന്ന ആത്മഹത്യകള്‍, ക്ഷുദ്രവാസനകള്‍, ഒക്കെ കണ്ടില്ല എന്ന് നടിച്ചു മുന്നോട്ടു പോകാനാവില്ല.

സാമൂഹിക പ്രശ്ങ്ങള്‍, കുറ്റകൃത്യങ്ങള്‍, കള്ളത്തരങ്ങള്‍ വഞ്ചന ഒക്കെ ജനസംഖ്യ അനുപാതത്തിനു അനുസരിച്ചു കുറവല്ലാത്ത ഒരു സമൂഹമാണ് നമ്മുടേതെന്നു ഇവിടെ സര്‍ക്കാരിന്റെ സോഷ്യല്‍ സെര്‍വീസില്‍ സേവനം അനുഷ്ഠിക്കുന്ന ഒരു മലയാളി സുഹൃത്ത് പറഞ്ഞപ്പോള്‍ ഞെട്ടാതിരുന്നില്ല. ഒരു പ്രശ്‌നം ഉണ്ടെങ്കില്‍ ആരും ഇടപെടാനോ സഹായം തേടാനോ ശ്രമിക്കാറില്ല. സ്വയം ജീവന്‍ എടുത്ത ഒരു മലയാളികുട്ടിയുടെ ദാരുണമായ അന്ത്യം നടന്നു എന്നറിഞ്ഞു പെട്ടന്ന് ആ വീട്ടില്‍ എത്തി ദുഃഖത്തില്‍ പങ്കുചേരാന്‍ ശ്രമിച്ചപ്പോള്‍ അവിടെ ഒന്നും ഏശാതെ മാതാപിതാക്കള്‍ എല്ലാവരെയും സ്വീകരിക്കുകയും, നിരത്തി വച്ചിരിക്കുന്ന ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നു. ഇതേ അവസ്ഥയില്‍ മറ്റൊരു കുട്ടിയുടെ ശവസംസ്കാരച്ചച്ചടങ്ങില്‍ അവന്റെ അമ്മ വളരെ രസകരമായി കുട്ടിയുടെ ജീവിതത്തെ അവതരിപ്പിക്കുന്നത് യാതൊരു വികാരവുമില്ലാതെയായിരുന്നു. എന്തോ പൊരുത്തപ്പെടാനാവാത്ത എന്തോ ഒക്കെ അമേരിക്കന്‍ മലയാളികള്‍ക്ക് ഉണ്ട് എന്ന് സമ്മതിച്ചേ മതിയാവുകയുള്ളൂ. പള്ളികള്‍ ഒക്കെ വെറും സാമൂഹിക ക്ലബ്ബിന്റെ നിലവാരത്തില്‍ ഒത്തുചേരലിനു മാത്രമുള്ള ഇടങ്ങളായി. വിവാഹം കഴിക്കാനാഗ്രഹിക്കാതെ ഒറ്റയ്ക്ക് ജീവിക്കാന്‍ തീരുമാനിച്ച ചെറുപ്പക്കാര്‍ ഒരു വലിയ സാമൂഹിക പ്രശ്‌നമായി ചിലര്‍ അടക്കം പറയുന്നുണ്ട്. വാര്‍ദ്ധക്യത്തിലെ ഏകാന്തത നാട്ടിലെ മാതാപിതാക്കള്‍ക്ക് മാത്രമല്ല ഇവിടുത്തെയും സ്ഥിതിവിശേഷമാണെന്നു പറയേണ്ടതില്ല.

ഇവിടുത്തെ നമ്മുടെ സാമൂഹിക പശ്ചാത്തലങ്ങള്‍ ഇവിടുത്തെ എഴുത്തുകാര്‍ ഉള്‍കൊള്ളുന്നുണ്ടോ എന്ന് പരിശോധിക്കണം. ചില സാഹിത്യ കൃതികള്‍ ഇല്ലാതില്ല, പക്ഷെ അത് ചര്‍ച്ച ചെയ്യപ്പെടുന്നില്ല. അതിനുള്ള നമ്മുടേതായ മാധ്യമ ഇടങ്ങളിലും ഉള്ള കുറവ് തിരിച്ചറിയാതെയല്ല. അമേരിക്കന്‍ മലയാളിയുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച തുടിക്കുന്ന രചനകള്‍, ചിത്രങ്ങള്‍, സിനിമകള്‍ ഒക്കെ മലയാളിയുടെ മുഖ്യധാരയില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടണം. ബെന്യാമിന്റെ ആടുജീവിതം മലയാളിയുടെ കശേരുഖണ്ഡത്തില്‍ നീറുന്ന വേദനയായെങ്കില്‍, സഫലമായ എഴുത്തുകാരുള്ള ഈ മണ്ണില്‍നിന്നും അത്തരം ഒരു ജീവിത കഥ ഉണ്ടാവുന്നില്ല. വെറുതെ നാട്ടില്‍ നിന്നും കുറെ എഴുത്തുകാരുടെ സഖിത്വം ഇവിടുത്തെ രചനകളെ എങ്ങനെ പോഷിപ്പിക്കും എന്നറിയില്ല അവര്‍ സമ്മാനിക്കുന്ന അവജ്ഞയും ഇകഴ്ത്തലുകളും കുറ്റമറ്റ കൃതികള്‍ക്ക് പോഷകഫലം ഉണ്ടാക്കുമോ എന്നും അറിയില്ല. അമേരിക്കന്‍ പ്രവാസി എഴുത്തുകള്‍ കേവലം ചവറുകള്‍ എന്ന നിലയില്‍ കാണുന്ന മലയാള സാഹിത്യകാരന്മാര്‍ നമ്മെ പ്രോത്സാഹിപ്പിക്കാന്‍,നമ്മുടെ ജീവിതത്തെ മനസ്സിലാക്കാന്‍ ശ്രമിക്കാറില്ല. നാം കെട്ടി എഴുനെള്ളിച്ചു കൊണ്ടുവരുന്ന രാഷ്ട്രീയ സാംസ്കാരിക നായകര്‍, കേരളത്തിലെ പ്രശ്‌നങ്ങള്‍ നമ്മോടു പറഞ്ഞിട്ട് നമുക്ക് എന്ത് പ്രയോജനം?. നമ്മുടെ തനതായ പ്രശ്ശ്‌നങ്ങളില്‍ അവര്‍ക്കു താല്പര്യവുമില്ല.

നമുക്ക് നമ്മുടേതായ പ്രശ്ങ്ങളും അവക്ക് നമ്മുടേതായ പ്രതിവിധിയുമാണ് ഉണ്ടാകേണ്ടത്. നാട്ടില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സാംസ്കാരിക രാഷ്ട്രീയ നേതാക്കള്‍ക്ക് കേട്ട്‌കേഴ്വിയുടെ വെളിച്ചത്തില്‍ സുഖിപ്പിക്കുന്ന അര്‍ത്ഥമില്ലായ്മ വിളമ്പുകയാണ്. അമേരിക്കന്‍ മലയാളിയുടെ ദേശീയ സംഘടനകള്‍ക്ക് ഗുണപരമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനൊ, ചര്ച്ചകള് തിരികൊളുത്തണോ കഴിയാത്ത അര്‍ത്ഥമില്ലാത്ത കൂട്ടമായി. കുറെ പണം പിരിച്ചു കേരളിത്തില്‍ പോയി ചാരിറ്റി നടത്തുന്നത് നാം ഇനിയെങ്കിലും നിര്‍ത്തണം. അവിടുത്തേക്കാളും അരക്ഷിതരായ ഒരു വലിയ കൂട്ടം നമുക്ക് ചുറ്റും ഉണ്ട്. നാം കാണാത്തതുകൊണ്ടും അറിയാത്തതുകൊണ്ടും എല്ലാം ഭദ്രമാണെന്ന് പറയരുത്. നമ്മുടെ പ്രശ്ങ്ങള്‍ അക്കമിട്ടു നിരത്തണം. അതിനു പരിഹാരങ്ങള്‍ കണ്ടുപിടിക്കാന്‍ കെല്‍പ്പുള്ള വൈദഗ്ദ്ധ്യമുള്ള, ഒരു കൂട്ടം നമ്മുടെ ഇടയില്‍ തന്നെ ഉണ്ട്. പക്ഷെ അവരെ അടുപ്പിക്കാന്‍ കസേര വിട്ടൊഴിയാന്‍ വിസമ്മതിക്കുന്ന നേതൃത്വം സമ്മതിക്കില്ല. അഥവാ അവര്‍ താല്പര്യം കാണിച്ചാല്‍ തന്നെ തെറിവിളിച്ചു ഓടിക്കുന്നതാണ് കണ്ടുവരുന്നത്.

ഒറ്റപ്പെട്ട തുരുത്തുകളില്‍ നമുക്ക് നിലനിക്കാനാവില്ല. നാട്ടിലെ സ്വപ്ങ്ങള്‍ കണ്ടുകൊണ്ടു ഇവിടെ നാട് സൃഷ്ട്ടിക്കാന്‍ സാധിക്കില്ല. എല്ലാം നഷ്ട്ടപ്പെട്ടു വെറും അമേരിക്കക്കാരന്‍ എന്ന് ഞെളിഞ്ഞു നടക്കാനും ആവില്ല. അപ്പൊ പിന്നെ നാം എന്താകണം? എങ്ങോട്ടാണ് അമേരിക്കന്‍ മലയാളിയുടെ പോക്ക്?

“ഒരിടത്തു ജനനം ഒരിടത്തു മരണം, ചുമലില്‍ ജീവിത ഭാരം
വഴിയറിയാതെ മുടന്തി നടക്കും വിധിയുടെ ബലി മൃഗങ്ങള്‍ നമ്മള്‍
വിധിയുടെ ബലി മൃഗങ്ങള്‍”. വയലാര്‍ രാമവര്‍മ്മ.
അമേരിക്കന്‍ മലയാളികളേ, നാം ഇനി എങ്ങോട്ട്? (വാല്‍ക്കണ്ണാടി: കോരസണ്‍)
Join WhatsApp News
Sudhir Panikkaveetil 2018-07-07 07:58:50
ഒരു ശരാശരി അമേരിക്കൻ മലയാളിയുടെ വേവലാതികൾ, വ്യാകുലതകൾ, ആശങ്കൾ ഒക്കെ ബോധ്യപ്പെടുംവിധത്തിൽ വിവരിച്ചിട്ടുണ്ട് ഈ ലേഖനത്തിൽ. വായനക്കാർ വിരളമായ നമ്മുടെ സമൂഹത്തിൽ ഇത്തരം വിഷയങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നത് വ്യസനകരമാണ്. സാഹിത്യ സംഘനകൾക്ക് ഇത് ചർച്ചക്കായി എടുക്കാവുന്നതാണ്.  നാട്ടിൽ സ്വീകരിക്കപ്പെടുന്നില്ല അല്ലെങ്കിൽ അവിടെ ജീവിക്കാൻ പ്രയാസം, അമേരിക്കൻ ജീവിതവും തൃപ്തികരമല്ല. ഈ തലമുറയുടെ പ്രശ്നങ്ങൾ വലുതാണ്. പരിഹാരമുള്ളത് അമേരിക്കൻ മലയാളി ഇനി മുതൽ നാട്ടിലേക്ക്
കണ്ണും നട്ട് ഇരിക്കാതെ ഇവിടെ കൂടുതൽ സംഘടിച്ച് ശക്തി നേടി പ്രയാസങ്ങളെ ഒരുമയോടെ തരണം ചെയ്യുക. ഈ കാലഘട്ടത്തിൽ വളരെ പ്രസക്തിയുള്ള ഒരു വിഷയമാണ് ശ്രീ കോര സൺ അവതരിപ്പിച്ചിട്ടുള്ളത്.  ഒരു പ്രസിദ്ധീകരണത്തിന്റെ താളുകളിൽ അൽപായുസ്സോടെ അന്ത്യശ്വാസം വലിച്ച് പോകാതെ ഇതിന്റെ ഉള്ളടക്കം എല്ലാ വായനക്കാരും മനസ്സിലാക്കിയാൽ നന്നായിരിക്കും.  ഒരു കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. ഇപ്പോഴത്തെ തലമുറയുടെ പ്രശനങ്ങൾ പൊതുവിൽ നില
നിൽക്കുന്നു അത് ഒരു വ്യക്തിയുടേത് മാത്രമല്ല. ഈ ലേഖനത്തിലെ ചില വിഷയങ്ങൾ കൂടുതൽ വിവരിച്ച്കൊണ്ട് എഴുതേണ്ടിയിരിക്കുന്നു അതേസമയം പരിഹാര നിർദ്ദേശങ്ങളും.  

andrew 2018-07-13 20:28:51

Yes! I always wondered what a special species are these Malayalees especially the 'American Malayalees.

There is a lot to comment & criticize but I am limiting to our imminent concern and danger which is dominating and will control our life here and our future generations. We have discussed these several hundreds of times in e- malayale. But I don't see any change. Most are occupied with church & other associations. E -malayalee was and is infested with church & association news. Some are even crowning themselves as officials for 2020-2026. Alas, what a folly of the silly human mind!

American Malayalee has to come out of their little shells of religion and association and get involved, engaged in American day to day life especially politics and local government. That is the future we and our children have to face and live. So do not shy away. Show your presence in everyday affairs of the society, volunteer in civic, cultural, political ….charitable events. Encourage and be with our young generation to be active and be leaders in daily politics.

It is our key to survive. Utilize your energy you waste around Malayalee associations & religion positively in our daily Civic Life. 

KORASON 2018-07-14 07:55:48
ശ്രീ സുധിർ സർ, ശ്രീ. ആൻഡ്രൂ സർ , പ്രതികരണങ്ങൾക്ക് നന്ദി. പ്രതേകിച്ചു, അമേരിക്കയിൽ ഉടനീളം ഈ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടതാണ് എന്ന് വിളിച്ചു പറഞ്ഞ സുധിർ സർ, നേരിട്ട് സംസാരിച്ച വളരെയേറെ സുഹൃത്തുക്കൾ. നമ്മുടെ മുൻപിൽ കിടക്കുന്ന ഒരു സത്യം ചൂണ്ടിക്കാട്ടുക മാത്രമാണ് ഇവിടെ, ഇതിനും പോംവഴിയും പരിഹാരങ്ങളും നമ്മിൽ നിന്ന് തന്നെയാണ് ഉരുത്തിരിയേണ്ടത്. നമ്മുടെ മുൻപിൽ മാതൃക ആകാവുന്ന വഴികൾ ഒന്നുമില്ല. പരിമിതമായ വായന സമയത്തിനുള്ളിൽ കാര്യങ്ങൾ വിശദീകരിക്കാനുള്ള പ്രയാസം ഉണ്ട്. സ്നേഹപൂർവ്വം - കോരസൺ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക