Image

മതേതരത്വം ഇന്ത്യയുടെ മുഖമുദ്ര: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

Published on 07 July, 2018
മതേതരത്വം ഇന്ത്യയുടെ മുഖമുദ്ര: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
വാലിഫോര്‍ജ്, പെന്‍സില്‍വേനിയ: മതേതരത്വമാണ് ഇന്ത്യയുടെ മുഖമുദ്രയെന്നും ഇന്ത്യ ഒരു മതത്തിന്റേയോ വിഭാഗത്തിന്റേയോ അല്ലെന്നും എല്ലാവരുടേയും ആണെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.

വിഭജനം കഴിഞ്ഞ് പാക്കിസ്താന്‍ ഇസ്ലാമിക രാജ്യമായപ്പോള്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ ഗാന്ധിജി അടക്കമുള്ളവര്‍ സമ്മതിച്ചില്ല. മതമോ ഭാഷയോ ഒന്നുമല്ല നമ്മെ ഒന്നിപ്പിക്കുന്നത്. ഇന്ത്യ നമ്മുടെ രാജ്യമാണെന്ന വികാരം എല്ലാവരിലും ഉണ്ടാകുമ്പോഴാണ് നാം ഒന്നിച്ചുനില്‍ക്കുന്നത്. ഇത് ഇല്ലാതാകുമ്പോള്‍ പ്രശ്നമായി.

ഇന്ത്യയില്‍ സ്വാതന്ത്ര്യത്തിനു മുമ്പുള്ള കാലത്ത് ജാതിയുടെ വിളയാട്ടം അതിരൂക്ഷമായിരുന്നു. മനുഷ്യനെ മനുഷ്യനായി കാണാത്ത സ്ഥിതി. അതില്‍ സ്ത്രീകളായിരുന്നു ഏറെ വിവേചനം നേരിട്ടത്. താഴ്ന്ന ജാതിക്കാരിലെ സ്ത്രീകള്‍ക്ക് മേല്‍വസ്ത്രം ധരിക്കാന്‍ പോലും പറ്റില്ലായിരുന്നു. ഇതെല്ലാം കണ്ടാണ് സ്വാമി വിവേകാനന്ദന്‍ കേരളത്തെ ഭ്രാന്താലയമെന്നു വിളിച്ചത്. ശൂദ്രന്‍ അക്ഷരം പഠിച്ചാല്‍ ദണ്ഡിക്കുമെന്ന സ്ഥിതിയുണ്ടായിരുന്നു. ഇതൊക്കെ മറികടന്നാണ് നാം ഇതുവരെ എത്തിയത്.

ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ആദ്യ മന്ത്രിസഭ മാറ്റങ്ങള്‍ക്ക് വിത്തുപാകി. കുടിയാന്മാര്‍ക്കായി ഭൂമി നയം മാറ്റി. വിദ്യാഭ്യാസ രംഗത്ത് മാറ്റം വന്നു. ആരോഗ്യരംഗത്ത് പുരോഗതിക്കുള്ള പാത തുറന്നു.

മലബാറില്‍ കാട് വെട്ടിത്തെളിച്ച് മണ്ണ് പൊന്നാക്കിയത് തിരുവിതാംകൂറില്‍ നിന്നുവന്ന കര്‍ഷകരാണ്. നിങ്ങളില്‍ പലരും അവരുടെ പരമ്പര ആയിരിക്കും.

ശ്രീനാരായണ ഗുരു പറഞ്ഞത് പശു ഒരു ജാതിയെങ്കില്‍ മനുഷ്യനും ഒരു ജാതി തന്നെ എന്നാണ്. ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള ദൈവത്തെ ആരാധിക്കാം.

സ്വതവേ സഞ്ചാര പ്രിയരും ത്യാഗപൂര്‍ണ്ണമായ പ്രയത്നത്തിനു മടിയില്ലാതവരുമാണ് നാം. അതുകൊണ്ടാണ് പ്രവാസം നമുക്ക് പുതിയ പാത തുറന്നത്. സ്വാതന്ത്ര്യത്തിനു മുമ്പുള്ള കേരളത്തില്‍ ദുരിതങ്ങള്‍ ധാരാളമായിരുന്നു. സാമ്രാജ്യത്വം മുതലുള്ള പ്രശ്നങ്ങള്‍. അതൊക്കെയാണ് പ്രവാസ ജീവിതത്തെ പ്രോത്സാഹിപ്പിച്ചത്.

പൂര്‍ണ്ണമായ സ്വാതന്ത്ര്യമാണ് നാം ലക്ഷ്യമിടേണ്ടത്. നമ്മുടെ ഭരണഘടനയില്‍ പറയുന്നത് സെക്കുലര്‍, സോഷ്യലിസ്റ്റ്, ഡമോക്രസി എന്നാണ്. ഇവയ്ക്ക് കോട്ടംവന്നാല്‍ രാജ്യത്തിനു ദോഷമായി. അപ്പോള്‍ പ്രതികരിക്കാന്‍ മടിക്കരുത്.

ജനാധിപത്യം പൂര്‍ണ്ണത നേടണമെങ്കില്‍ അവസര സമത്വം ഉണ്ടാകണം. അഞ്ചുവര്‍ഷത്തിലൊരിക്കലുള്ള അധികാരമാറ്റം മാത്രമല്ല ജനാധിപത്യം.

ആരോഗ്യരംഗത്ത് നാം വലിയ നേട്ടങ്ങളുണ്ടാക്കി. ശിശു മരണനിരക്ക് രണ്ടുവര്‍ഷം മുമ്പ് 12 ആയിരുന്നത് ഇപ്പോള്‍ 10 ആയി. വികസ്വര രാഷ്ട്രങ്ങള്‍ക്ക് തുല്യമാണത്. 2020 ആകുമ്പോള്‍ അത് ഒറ്റ അക്കത്തിലേക്ക് താഴ്ത്തുക ആണ് ലക്ഷ്യം. അതുപോലെ മാതൃമരണ നിരക്ക് 46 ആയി കുറഞ്ഞു. 30 ആയി കുറയ്ക്കുകയാണ് ലക്ഷ്യം.

വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍സ് ഡവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് തുടങ്ങിയത് ഏറെ പ്രചോദനമായി. പ്രായമായവര്‍ക്കായി സൗജന്യ മരുന്നും മറ്റും നല്‍കാന്‍ വയോമിത്രം പരിപാടി തുടങ്ങി. ഡയബെറ്റിക്സിനെതിരേ 'മിഠായി' പദ്ധതി, കുട്ടികള്‍ക്കുള്ള ഹൃദ്രോഗ ചികിത്സ 'ഹൃദ്യം' പദ്ധതി തുടങ്ങിയവയൊക്കെ വിജയകരമായി മുന്നേറുന്നു.

ഇപ്പോള്‍ പുതിയ രോഗങ്ങള്‍ ഉണ്ടാവുന്നു. പലതും ജീവിതശൈലി മൂലമുള്ളവ. ഡയബെറ്റിക്സ് തുടങ്ങിയവ. എം.ബി.ബി.എസ് മികച്ച ബിരുദമാണെങ്കിലും ജനത്തിനത് പോര എന്ന സ്ഥിതി വന്നിരിക്കുന്നു. ഇതു മനസിലാക്കി ഡോക്ടര്‍മാരും ഉന്നത പഠനത്തിനു പോകുന്നു. ഈ സ്ഥിതി മാറാന്‍ പ്രഥമികാരോഗ്യകേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. വൈകിട്ട് ആറു വരെ ചികിത്സ ലഭിക്കുന്ന സംവിധാനം ഉണ്ടാക്കി. അതിനു വലിയ പ്രതികരണം ലഭിക്കുന്നു.

ഈ പദ്ധതിയിലേക്ക് അമേരിക്കന്‍ മലയാളികള്‍ക്ക് പങ്കാളികളാകാവുന്നതാണ്. ഏതെങ്കിലും കേന്ദ്രത്തിനു ആവശ്യമായ സൗകര്യങ്ങള്‍ തനിച്ചോ കൂട്ടായോ ലഭ്യമാക്കാം. ഓരോ കേന്ദ്രത്തിനും സഹായമെത്തിക്കുന്നവരുടെ പേരുകള്‍ അവിടെ എഴുതി വെയ്ക്കും.

നാലു പേര്‍ ഇതിനായി മുന്നോട്ടുവന്നതില്‍ ചാരിതാര്‍തഥ്യമുണ്ടെന്നു മന്ത്രി പറഞ്ഞു. 
മതേതരത്വം ഇന്ത്യയുടെ മുഖമുദ്ര: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍മതേതരത്വം ഇന്ത്യയുടെ മുഖമുദ്ര: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍മതേതരത്വം ഇന്ത്യയുടെ മുഖമുദ്ര: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍മതേതരത്വം ഇന്ത്യയുടെ മുഖമുദ്ര: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക