Image

പ്രീത ഷാജിയ്‌ക്ക്‌ പിന്തുണയുമായി മന്ത്രി തോമസ്‌ ഐസക്‌

Published on 09 July, 2018
പ്രീത ഷാജിയ്‌ക്ക്‌ പിന്തുണയുമായി മന്ത്രി തോമസ്‌ ഐസക്‌


കൊച്ചി: സുഹൃത്തിന്റെ ബാങ്ക്‌ വായ്‌പയ്‌ക്ക്‌ ജാമ്യം നിന്നതിന്റെ പേരില്‍ കൊച്ചിയിലെ ഇടപ്പള്ളി പത്തടിപ്പാലം മാനത്തുപാടത്ത്‌ വീട്ടില്‍ പ്രീത ഷാജിയുടെ വീടും സ്ഥവും ജപ്‌തി ചെയ്യാനുള്ള എച്ച്‌.ഡി.എഫ്‌.സി ബാങ്കിന്റെ തീരുമാനത്തിനെതിരെ ധനമന്ത്രി തോമസ്‌ ഐസക്‌.

പ്രീത ഷാജിയുടെ കിടപ്പാടം ജപ്‌തി ചെയ്യരുതെന്നാണ്‌ സര്‍ക്കാര്‍ നിലപാടെന്നും ഇപ്പോഴുള്ള നടപടികള്‍ നിര്‍ത്തിവെച്ച്‌ സര്‍ക്കാര്‍ അടക്കമുള്ളവരുമായി ബാങ്ക്‌ ചര്‍ച്ചയ്‌ക്ക്‌ തയ്യാറാകണമെന്നും തോമസ്‌ ഐസക്‌ ആവശ്യപ്പെട്ടു.

കോടതി നടപടിയെ ചോദ്യം ചെയ്യാന്‍ എനിക്ക്‌ കഴിയില്ല. എങ്കിലും അവരെ അവിടെ താമസിക്കാന്‍ അനുവദിക്കണം. ഇറക്കിവിടാനുള്ള നടപടി ശരിയാണെന്ന്‌ കുരുതുന്നില്ല.

പതിനായിരക്കണക്കിന്‌ കോടി രൂപ തട്ടിയെടുത്ത്‌ നീരവ്‌ മോദിയും വിജയ്‌ മല്യയും രാജ്യം വിട്ടപ്പോള്‍ കാണിക്കാത്ത വികാരവും പരവേശവും ഇപ്പോള്‍ മാത്രം എന്തിനാണ്‌ കാണിക്കുന്നതെന്നും തോമസ്‌ ഐസക്‌ ചോദിച്ചു.
സമാധാനത്തോടെ ചര്‍ച്ച ചെയ്‌ത്‌ പരിഹാരം കാണാന്‍ ബാങ്ക്‌ തയ്യാറാകണം. ജപ്‌തി നടപടികള്‍ നിര്‍ത്തിവെക്കണമെന്നും തോമസ്‌ ഐസക്‌ പറഞ്ഞു.

കോടതിയെ ചോദ്യം ചെയ്യുന്നില്ലെന്നും എങ്കിലും സംഘര്‍ഷത്തിന്‌ അയവുവരുത്താനും സമാധാനം ഉണ്ടാക്കാനും കോടതി ഇടപെടണമെന്നും പി.ടി തോമസ്‌ എം.എല്‍.എ ആവശ്യപ്പെട്ടു.

ജപ്‌തി നടപടി നിര്‍ത്തിവെക്കാന്‍ ബാങ്ക്‌ തയ്യാറാകണം. ഏത്‌ തരത്തിലുള്ള ഒത്തുതീര്‍പ്പിനും അവര്‍ തയ്യാറായിരുന്നു. എന്നാല്‍ ബാങ്ക്‌ മനുഷ്യത്വ രഹിതമായ നടപടി സ്വകീരിച്ചതായാണ്‌ അറിയുന്നതെന്നും പി.ടി തോമസ്‌ പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക