Image

ദിലീപിനെ അമ്മയും കൈവിട്ടു! ജനപ്രിയന്‍ സംഘടനയ്ക്ക് പുറത്ത് തന്നെയെന്ന് മോഹന്‍ലാല്‍

Published on 09 July, 2018
ദിലീപിനെ അമ്മയും കൈവിട്ടു! ജനപ്രിയന്‍ സംഘടനയ്ക്ക് പുറത്ത് തന്നെയെന്ന് മോഹന്‍ലാല്‍
വിവാദങ്ങളില്‍ കുടുങ്ങിയിരുന്ന താരസംഘടനയായ അമ്മ ഇന്ന് അടിയന്തരമായി എക്‌സിക്യൂട്ടീവ് യോഗം വിളിച്ച് ചേര്‍ത്തിരുന്നു. കൊച്ചിയില്‍ നിന്നുമായിരുന്നു യോഗം. ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തത്, സീരിയല്‍ നടി നിഷ സാംരഗിന് സംവിധായകനില്‍ നിന്നും നേരിടേണ്ടി വന്ന പീഡനം എന്നിവയെല്ലാം യോഗം ചര്‍ച്ച ചെയ്തിരുന്നു. യോഗത്തിന് ശേഷം പത്രസമ്മേളനം വിളിച്ച് കൂട്ടി എഎംഎംഎ യുടെ പുതിയ പ്രസിഡന്റായ മോഹന്‍ലാല്‍ കാര്യങ്ങള്‍ വിശദമാക്കിയിരുന്നു.

യോഗത്തില്‍ നിന്നും എല്ലാവര്‍ക്കും അറിയാനുള്ളത് ദിലീപിനെ സംഘടനയില്‍ എടുത്തതിനെ പറ്റിയുള്ള കാര്യങ്ങളായിരുന്നു. ഒടുവില്‍ ദിലീപ് സംഘടനയ്ക്ക് പുറത്ത് തന്നെയാണെന്നാണ് മോഹന്‍ലാല്‍ വ്യക്തമാക്കിയിരിക്കുന്നത്. ദിലീപിനെ തിരിച്ചെടുക്കരുതെന്ന് യോഗത്തില്‍ ആരും പറഞ്ഞിരുന്നില്ല. അതേ സമയം ദിലീപിനെ തിരിച്ചെടുക്കുമോ ഇല്ലയോ എന്നത് ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നും ദിലീപ് തെറ്റുകാരനല്ലെങ്കില്‍ സംഘടനയിലേക്ക് തിരിച്ച് സ്വീകരിക്കുകയും ചെയ്യുമെന്നും വ്യക്തമാക്കിയിരിക്കുകയാണ്.

ദിലീപിനെ മാറ്റി നിര്‍ത്തുന്ന വിഷയത്തില്‍ എഎംഎംഎ എന്ന സംഘടന പിളര്‍പ്പിന്റെ വക്കില്‍ വരെ എത്തിയിരുന്നെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. സംഘടനയില്‍ എല്ലാവരും ഒരുപോലെയാണെന്നും തീര്‍ച്ചയായും ആക്രമത്തിനിരയായ നടിയ്‌ക്കൊപ്പമാണ് സംഘടനയെന്നും പ്രസിഡന്റ് വ്യക്തമാക്കുന്നു. സംഘടനയില്‍ പുരുഷ മേധാവിത്വമില്ലെന്നും സംഘടനയിലെ മഞ്ഞുരുകാന്‍ മാധ്യമ പ്രവര്‍ത്തകര്‍ സഹായിക്കണമെന്നും വാര്‍ത്ത സമ്മേളനത്തില്‍ മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു.

ജനറല്‍ ബോഡിയില്‍ എല്ലാവരുടെയും തീരുമാന പ്രകാരമായിരുന്നു ദിലീപിനെ തിരിച്ചെടുത്തിരുന്നത്. ദിലീപ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടില്ലെന്ന് യോഗത്തില്‍ പലരും അഭിപ്രായപ്പെട്ടിരുന്നു. ജനറല്‍ ബോഡി യോഗത്തില്‍ ആരും ഈ അഭിപ്രായത്തിന് എതിരായി ഒന്നും പറഞ്ഞിരുന്നുമില്ല. ആര്‍ക്ക് വേണമെങ്കിലും അഭിപ്രായം പറയാം. പക്ഷെ ആരും അതിനെതിരെ പറഞ്ഞില്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കിയിരിക്കുയാണ്. ജനറല്‍ ബോഡിയ്ക്ക് ശേഷം മാധ്യമങ്ങളെ കാണേണ്ടതായിരുന്നു. മാധ്യമ പ്രവര്‍ത്തകരെ പ്രവേശിപ്പിക്കാത്തത് തെറ്റാണെന്നും താരം പറയുന്നു.

ദിലീപ് ഇപ്പോഴും അമ്മയ്ക്ക് പുറത്ത് തന്നെയാണ്. അന്ന് എക്‌സിക്യൂട്ടീവ് എടുത്ത തീരുമാനം നിയമപരമായി നിലനില്‍ക്കില്ല. അതിനാല്‍ ജനറല്‍ ബോഡി യോഗത്തില്‍ വിഷയം ഉന്നയിക്കപ്പെട്ടപ്പോള്‍ ആരും എതിര്‍ത്തുമില്ല. അതേ സമയം ദിലീപ് സംഘടനയിലേക്ക് വരുന്നില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ആ പെണ്‍കുട്ടിയും കുറ്റാരോപിതനും ഞങ്ങളുടെ സംഘടനയുടെ ഭാഗമാണ്. സത്യവാസ്ഥ തെളിയണമെന്നും മോഹന്‍ലാല്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക