Image

ആരെ ജീവിത പങ്കാളിയാക്കണമെന്ന്‌ തീരുമാനിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്‌: സുപ്രീം കോടതി

Published on 10 July, 2018
ആരെ ജീവിത പങ്കാളിയാക്കണമെന്ന്‌ തീരുമാനിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്‌: സുപ്രീം കോടതി

ന്യൂഡല്‍ഹി: ആരെ ജീവിത പങ്കാളിയാക്കണമെന്ന്‌ തീരുമാനിക്കാനുള്ള അവകാശം ഓരോരുത്തര്‍ക്കും ഉണ്ടെന്ന്‌ സുപ്രീം കോടതി. സ്വവര്‍ഗ രതി ക്രിമിനല്‍ കുറ്റമാണെന്ന ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിനെതിരെ സമര്‍പ്പിക്കപ്പെട്ട്‌ ഹര്‍ജി പരിഗണിക്കുന്‌പോഴായിരുന്നു ചീഫ്‌ ജസ്റ്റിസ്‌ ദീപക്‌ മിശ്ര അടങ്ങിയ ബെഞ്ചിന്റെ പരാമര്‍ശം. ഇഷ്ടമുള്ള ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്‌. ആ പങ്കാളി സ്വന്തം ലിംഗത്തില്‍ പെട്ടതോ എതിര്‍ ലിംഗത്തിലുള്ളതോ ആകാമെന്നും കോടതി പറഞ്ഞു.

അതേസമയം,സമാന ലിംഗക്കാര്‍ തമ്മിലുള്ള ലൈംഗിക ബന്ധം കുറ്റകരമാക്കിയ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ആം വകുപ്പിന്റെ ഭരണഘടന സാധുത മാത്രമെ പരിഗണിക്കുകയുള്ളൂവെന്ന്‌ സുപ്രീം കോടതി വ്യക്തമാക്കി. നിലവില്‍ ഇത്‌ ജീവപര്യന്തം തടവ്‌ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്‌. നാസ്‌ ഫൗണ്ടേഷന്‍ നല്‍കിയ ഹര്‍ജിയില്‍ 2009 ല്‍ ഡല്‍ഹി ഹൈക്കോടതിയാണ്‌ പരസ്‌പര സമ്മതത്തോടെയുള്ള സ്വവര്‍ഗരതി നിയമവിധേയമാക്കിയത്‌. ഹൈക്കോടതി ഉത്തരവ്‌ 2013 ല്‍ സുപ്രീം കോടതി റദ്ദാക്കി. ഈ ഉത്തരവിനെതിരെ നല്‍കിയ പുനപരിശോധനാ ഹര്‍ജികളാണ്‌ ഭരണഘടന ബെഞ്ചിന്റെ പരിഗണനയ്‌ക്കായി എത്തിയത്‌.

ഇതേസമയം, സമൂഹം മാറുന്‌പോള്‍ മൊത്തത്തില്‍ മാറ്റം ഉണ്ടാകുകയാണെന്ന്‌ ഹര്‍ജിക്കാര്‍ക്ക്‌ വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്‌തഗി പറഞ്ഞു. 160 വര്‍ഷം മുന്‌പ്‌ ധാര്‍മികമായിരുന്നത്‌ ഇപ്പോള്‍ അധാര്‍മികമാകാം. സെക്ഷന്‍ 377 മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്‌. ഇത്‌ ഭരണഘടനാ ധാര്‍മികതയും വ്യക്തികളും തമ്മിലുള്ള പ്രശ്‌നമാണെന്നും റോഹ്‌തഗി പറഞ്ഞു. ലിംഗഭേദവും ലൈംഗികതയും രണ്ടും രണ്ട്‌ വ്യത്യസ്‌ത പ്രശ്‌നങ്ങളാണ്‌. ഇവ രണ്ടും തമ്മില്‍ കൂട്ടിക്കുഴയ്‌ക്കരുതെന്നും മുന്‍ അറ്റോര്‍ണി ജനറല്‍ കൂടിയായ റോഹ്‌തഗി പറഞ്ഞു.

സ്വകാര്യത മൗലികാവകാശമാക്കിയ ഒമ്‌ബതംഗ ഭരണഘടനാ ബഞ്ച്‌ വിധി അടിസ്ഥാനമാക്കിയാണ്‌ ഹര്‍ജിക്കാരുടെ വാദങ്ങള്‍ നിരത്തിയത്‌. ലൈംഗികത വ്യക്തികളുടെ സ്വകാര്യ സ്വാതന്ത്ര്യവും മൗലികാവകാശവുമാണെന്ന്‌ ഉത്തരവില്‍ കോടതി നേരത്തെ പറഞ്ഞിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക