Image

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്രനീക്കം

Published on 11 July, 2018
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്രനീക്കം


ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്രം ഒരുങ്ങുന്നുവെന്ന്‌ റിപ്പോര്‍ട്ടുകള്‍. പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ ദേശവിരുദ്ധമാണെന്ന ദേശീയ അന്വേഷണ ഏജന്‍സി കഴിഞ്ഞ വര്‍ഷാവസാനം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംഘടനയെ നിരോധിക്കാനുള്ള നീക്കം കേന്ദ്രം നടത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ ലഭിക്കാത്തതിനാല്‍ മന്ദഗതിയിലായ നടപടികളാണ്‌ അടുത്തിടെയിയുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വീണ്ടും സജീവമാകുന്നത്‌.

കഴിഞ്ഞ ദിവസത്തെ അവലോകന ഓഡിയോ കോണ്‍ഫറന്‍സില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം കേരള പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്നും വിശദവിവരങ്ങള്‍ തേടി. കേരളാപോലീസ്‌ ഇന്റലിജന്‍സും കേന്ദ്ര ഇന്റലിജന്‍സ്‌ ബ്യൂറോയുടെ കേരളത്തിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ഐ.ബി. റാണിയും റിപ്പോര്‍ട്ട്‌ നല്‍കി. ഇതടിസ്ഥാനമാക്കിയാണ്‌ കേന്ദ്രനീക്കം.

അതേസമയം, കേരളത്തില്‍ പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ ഗവര്‍ണര്‍ ജസ്റ്റിസ്‌ പി.സദാശിവം സംസ്ഥാന സര്‍ക്കാരിനോട്‌ റിപ്പോര്‍ട്ട്‌ തേടി. ഇന്റലിജന്‍സ്‌ എ.ഡി.ജി.പി ടി.കെ വിനോദ്‌ കുമാറിനെ രാജ്‌ഭവനില്‍ വിളിച്ചുവരുത്തിയാണ്‌ വിശദീകരണം തേടിയത്‌.

കേന്ദ്ര ഇന്റലിജന്‍സ്‌ ബ്യൂറോയില്‍നിന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ ഗവര്‍ണര്‍ റിപ്പോര്‍ട്ട്‌ തേടിയത്‌ എന്നാണ്‌ റിപ്പോര്‍ട്ട്‌. സമൂഹത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ പോപുലര്‍ ഫ്രണ്ട്‌ ആസൂത്രണം ചെയ്യുന്നുവെന്ന്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ നല്‍കിയിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക