Image

മാതൃകയാകാത്ത വാര്‍ത്തകള്‍...(മുരളി തുമ്മാരുകുടി)

Published on 11 July, 2018
മാതൃകയാകാത്ത വാര്‍ത്തകള്‍...(മുരളി തുമ്മാരുകുടി)
"കളഞ്ഞു കിട്ടിയ പണം (മാല, ബാഗ്, പാസ്‌പോര്‍ട്ട്) തിരിച്ചു കൊടുത്ത് യുവാവ് / യുവതി / ഓട്ടോ െ്രെഡവര്‍ മാതൃകയായി".

ഞാന്‍ ചെറിയ കുട്ടിയായിരുന്നപ്പോഴേ വായിക്കുന്ന ഒരു വാര്‍ത്തയാണിത്. അന്നൊക്കെ എനിക്ക് സന്തോഷം തോന്നുമായിരുന്നു.

പിന്നീടാണ് ഒരു കാര്യം മനസ്സിലായത്. കളഞ്ഞുകിട്ടുന്ന സാധനം തിരിച്ചുകൊടുക്കുന്നത് സാധാരണമല്ലാത്ത, അതായത് ശരാശരി ആളുകള്‍ അന്യന്റെ മുതല്‍ യാതൊരു വിഷമവുമില്ലാതെ അനുഭവിക്കുന്ന, ലോകത്താണ് ആരെങ്കിലും കളഞ്ഞുകിട്ടുന്ന വസ്തു തിരിച്ചു കൊടുക്കുന്നത് വാര്‍ത്തയാകുന്നത്. അതൊരു വാര്‍ത്തയല്ലാതാകുന്ന
കേരളമാണ് കൂടുതല്‍ പുരോഗമനപരം.

കളഞ്ഞുകിട്ടുന്ന മുതല്‍ തിരിച്ചു കൊടുക്കുന്നവര്‍ക്ക് പ്രോത്സാഹനം കൊടുക്കേണ്ട എന്നല്ല ഉദ്ദേശിച്ചത്. അതിനായി ജനീവയിലുള്ള നല്ലൊരു സംവിധാനം നമുക്ക് കണ്ടു പഠിക്കാവുന്നതാണ്.

ജനീവയില്‍ എവിടെയും എന്തെങ്കിലും സാധനം ഉടമസ്ഥരില്ലാതെ കണ്ടാല്‍ അതേല്‍പ്പിക്കാനായി മാത്രം ഒരു ഓഫിസ് ഉണ്ട്. ആര്‍ക്കു വേണമെങ്കിലും കളഞ്ഞുകിട്ടുന്ന വസ്തുക്കള്‍ അവിടെ ഏല്‍പ്പിക്കാം. നമ്മുടെ അഡ്രസ് അവിടെ കൊടുക്കണം. ബസിലോ ടാക്‌സിയിലോ വിമാനത്താവളത്തിലോ കടയിലോ നാം ഒരു സാധനം മറന്നുവെച്ചാല്‍ അത് കാണുന്നവര്‍ ഈ ഓഫീസില്‍ ഏല്‍പ്പിക്കും.

നമ്മുടെ എന്തെങ്കിലും വസ്തു കളഞ്ഞു പോയാല്‍ നേരെ ഈ ലോസ്റ്റ് ആന്‍ഡ് ഫൗണ്ട് ഓഫിസില്‍ ചെന്ന് (ഇപ്പോള്‍ ഓണ്‍ലൈന്‍ ആയിട്ടും ചെയ്യാം) എന്താണ് നഷ്ടപ്പെട്ടതെന്ന് റിപ്പോര്‍ട്ട് ചെയ്യുക. അതിന് ചെറിയൊരു ഫീസുണ്ട്. നഷ്ടപ്പെട്ട വസ്തുവിന്റെ വിലയനുസരിച്ച് അത് പത്തു ഫ്രാങ്ക് തൊട്ട് ആയിരം ഫ്രാങ്കിന് മുകളിലുള്ള വസ്തുവാണെങ്കില്‍ വസ്തുവിന്റെ നാല് ശതമാനം വരെയാണ് ഈ ഫീസ്.

എന്‍റെ അനുഭവത്തില്‍ ജനീവയില്‍ ബസിലോ കടയിലോ പാര്‍ക്കിലോ പാസ്സ്‌പോര്‍ട്ട് മുതല്‍ കമ്പ്യൂട്ടര്‍ വരെ നഷ്ടപ്പെട്ടവര്‍ക്ക് പത്തില്‍ ഒന്‍പത് തവണയും തിരിച്ചു കിട്ടിയിട്ടുണ്ട്. അതുകൊണ്ടു തന്നെ നഷ്ടപ്പെട്ട വസ്തുക്കള്‍ തിരിച്ചുകൊടുക്കുന്ന കാര്യം ഇവിടെ വാര്‍ത്തകള്‍ ആകാറില്ല. ആരെങ്കിലും അവരുടെ ഫോണോ പാസ്സ്‌പോര്‍ട്ടോ ബസില്‍ വച്ച് മറന്നു എന്ന് പറഞ്ഞാല്‍ ഞാനൊരിക്കലും പേടിക്കാറില്ല. രണ്ടു ദിവസത്തിനകം ലോസ്റ്റ് ആന്‍ഡ് ഫൗണ്ടില്‍ ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്.

സാധനങ്ങള്‍ അവിടെ കൊണ്ടുപോയി കൊടുക്കുന്നവര്‍ക്കുമുണ്ട് പ്രോത്സാഹനം. കൊണ്ടുപോയി കൊടുക്കുന്ന ഏത് വസ്തുവിന്റെയും വിലയുടെ പത്തു ശതമാനം വരെ നമുക്ക് (വേണമെങ്കില്‍) സമ്മാനമായി സ്വീകരിക്കാം. അത് നിയമം മൂലം ഗ്യാരന്റി ചെയ്യപ്പെട്ടതാണ്. കൂടുതല്‍ പേരും അത് വാങ്ങാറില്ലെങ്കിലും ആ അവകാശം
നിലനില്‍ക്കുന്നു.

ജനീവ ഒരു വലിയ നഗരമല്ല, കേരളത്തിലെ പല നഗരങ്ങളും അതിലും വലുതാണ്, അപ്പോള്‍ അവിടെ സാധിക്കുന്നത് നമുക്കും സാധിക്കണം. അതുകൊണ്ട് നാട്ടിലും ഓരോ കോര്‍പറേഷനില്‍ എങ്കിലും ഇങ്ങനൊരു ഓഫിസ് തുടങ്ങാവുന്നതേ ഉള്ളൂ. പോലീസിന്റെ പണി കുറയും, യാത്രയില്‍ എന്തെങ്കിലും സാധനം നഷ്ടപ്പെട്ടാല്‍ ലോകം
മുഴുവന്‍ നടന്നു തപ്പേണ്ട ആവശ്യമില്ല. സാധനം ലോസ്റ്റ് ആന്‍ഡ് ഫൗണ്ടില്‍ എത്തിക്കുന്നവര്‍ക്ക് പ്രതിഫലം ഗ്യാരണ്ടി..! ‘മാതൃകയാകുന്ന’ വാര്‍ത്തകള്‍ നിര്‍ത്തുകയും ചെയ്യാം.

മേയര്‍മാര്‍ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക