Image

താമരപ്പൂവിലെ അശ്രുബിന്ദുക്കള്‍(പുസ്തക ആസ്വാദനം)- (ശ്രീമതി സരോജ വര്‍ഗ്ഗീസിന്റെ പ്രിയ ജോ നിനക്കായ് ഈ വരികള്‍)-ജ്യോതി നമ്പ്യാര്‍

ജ്യോതി നമ്പ്യാര്‍ Published on 12 July, 2018
താമരപ്പൂവിലെ അശ്രുബിന്ദുക്കള്‍(പുസ്തക ആസ്വാദനം)- (ശ്രീമതി സരോജ വര്‍ഗ്ഗീസിന്റെ പ്രിയ ജോ നിനക്കായ് ഈ വരികള്‍)-ജ്യോതി നമ്പ്യാര്‍
പ്രണയദിനത്തില്‍ ശ്രീമതി  സരോജ വര്‍ഗ്ഗീസ് എഴുതിയ ഏതാനും വരികള്‍ വായിച്ചപ്പോള്‍     അതൊരു ഹൃദയത്തിന്റെ  ഭാഷയായി എനിയ്ക്ക് അനുഭവപ്പെട്ടു. അവരെ കുറിച്ചും   അവരുടെ സാഹിത്യലോകത്തെ പ്രയാണത്തെ കുറിച്ചും അറിയാന്‍  ആ വരികള്‍  എന്നെ പ്രേരിപ്പിച്ചു  എന്തുകൊണ്ടോ, ഒരുപക്ഷെ സ്‌നേഹത്തില്‍ പൊതിഞ്ഞ 'പ്രിയ ജോ നിനക്കായ് ഈ വരികള്‍ ' എന്ന അതിന്റെ  ശീര്‍ഷകം കൊണ്ടുതന്നെയാകാം ഈ സൃഷ്ടിതന്നെ ആദ്യം വായിയ്ക്കാന്‍  പ്രചോദനം  ലഭിച്ചു.
ഏതൊരു സ്ത്രീയ്ക്കും അവളുടെ ജീവിതത്തിന്റെ വലിയൊരു ഭാഗം ചെലവഴിയ്‌ക്കേണ്ടത് അവളുടെ ജീവിത പങ്കാളിയ്‌ക്കൊപ്പമാണ്.  അവള്‍ തന്റെ മാതാപിതാക്കള്‍ക്കൊപ്പം  ചെലവഴിയ്ക്കുന്ന ജീവിതം, ബാല്യവും, കൗമാരത്തിന്റെ തുടക്കവുമാണ് . അച്ഛനമ്മാമാര്‍ക്കൊപ്പം അവളുടെ കൗമാരത്തിലെ യാത്ര കുറച്ചും ദൂരം  പിന്നിട്ടാല്‍ ജീവിത പങ്കാളിയ്‌ക്കൊപ്പം  ഗതി മാറുന്നു. ശേഷിയ്ക്കുന്ന കൗമാരം യൗവനം വാര്‍ദ്ധക്യം എന്നിങ്ങനെ നീണ്ടുകിടക്കുന്ന ജീവിത പാതയിലെ വളവും   തിരിവും കുണ്ടും കുഴിയും എല്ലാം അവള്‍ താണ്ടുന്നത് തന്റെ ജീവിതപങ്കാളിയുടെ കയ്യും പിടിച്ചായിരിയ്ക്കും. ഈ ജീവിത പങ്കാളി, സഞ്ചരിയ്ക്കുന്ന വഴികളില്‍ തന്നെ സ്‌നേഹിയ്ക്കുവാനും സന്തോഷിപ്പിയ്ക്കുവാനും കഴിവുള്ളവനാണെങ്കില്‍ ഭഅവളുടെ ജീവിത  വീഥികളില്‍ എന്നും അവളെ പുഞ്ചിരിയുടെ പൊന്‍പ്രഭ തൂകി  മുന്നോട്ട് നയിയ്ക്കും. 'പ്രിയ ജോ നിനക്കായ് ഈ വരികള്‍ ' എന്ന ഈ ഓര്‍മ്മകുറിപ്പുകളുടെ കൂടെ സഞ്ചരിച്ചപ്പോള്‍  ഏതു സ്ത്രീയും ആഗ്രഹിയ്ക്കുന്ന  പുഞ്ചിരിയുടെ വഴികളിലൂടെയാണ് ശ്രീമതി സരോജ വര്‍ഗ്ഗീസ്  സഞ്ചരിച്ചിരുന്നതെന്ന് അവരില്‍ നുരഞ്ഞു പൊങ്ങുന്ന ഓര്‍മ്മകളിലൂടെ വ്യക്തമാകുന്നു  ഈ യാത്ര തുടരവേ   സ്‌നേഹത്താല്‍ സംരക്ഷിച്ചിരുന്ന കരുത്താര്‍ജ്ജിച്ച കൈകള്‍ അവരെ വിട്ടുപോയി അവരുടെ സഞ്ചാരപഥത്തില്‍  ഇരുട്ട് നുഴഞ്ഞു കയറുന്ന നിമിഷങ്ങള്‍ മനസ്സിന്റെ സ്പന്ദനത്താല്‍ അവര്‍ ഈ   പുസ്തകത്തിന്റെ താളുകളില്‍ വരച്ചുകാണിയ്ക്കുന്നു. 

തന്റെ ജീവിത പങ്കാളിയ്‌ക്കൊപ്പം ചെലവഴിച്ച നിമിഷങ്ങളെ വളരെ ലാളിത്യത്തോടെ കാണാനും താലോലിയ്ക്കാനും മനസ്സിലെ ഓര്‍മ്മ തോട്ടത്തില്‍ നിന്നും പറിച്ചെടുത്ത വാക്കുകളാക്കി പാകപ്പെടുത്തി വായനക്കാരന് നല്‍കാനും ശ്രീമതി  സരോജ വര്‍ഗ്ഗീസിന് കഴിയുന്നത് അവരില്‍ ജന്മസിദ്ധമായി ഇഴ പാകിയ സാഹിത്യവാസന കൊണ്ട് മാത്രമാണ്. അതുകൊണ്ടുതന്നെ ഈ ഓര്‍മ്മക്കുറിപ്പ് വായിയ്ക്കാനായി കയ്യിലെടുത്ത  ഓരോ വായനക്കാരുടെയും അനുഭവമായിരിയ്ക്കാം ഒരു നിശ്വാസത്തില്‍ ഈ സമാഹാരം  മുഴുവന്‍ വായിച്ച് തീര്‍ത്തു എന്നത്. വായക്കാരന്റെ മനസ്സിനെ  തന്റെ ഹൃദയവികാരത്തെ തുറന്നു കാണിച്ച് പിടിച്ചിരുത്താന്‍ കഴിവുള്ള  ശക്തമായ ഭാഷ.  ഈ ഓര്‍മ്മക്കുറിപ്പുകള്‍ വായിച്ച് കഴിയുമ്പോള്‍  ഏതാനും മണിക്കുറുകള്‍ ശ്രീമതി സരോജ വര്‍ഗ്ഗീസുമായി സംസാരിച്ച ഒരു ചേതോവികാരമാണ് ഓരോ വായനക്കാരനും അനുഭവപ്പെടുന്നത്. സാധാരണക്കാരന് വളരെ നിസ്സാരമെന്നുതോന്നുന്ന ജീവിത മുഹൂര്‍ത്തങ്ങള്‍ക്ക്  മൂല്യം നല്‍കി അതിമനോഹരമായി ഇവിടെ ചിത്രീകരിച്ചപ്പോള്‍ ജീവിതത്തിലെ ഓരോ നിമിഷങ്ങളും അമൂല്യമാണെന്ന ഒരു സന്ദേശവും  വായനക്കാരില്‍ എത്തിയ്ക്കാന്‍ നിഷ്പ്രയാസം  ഈ ഓര്‍മ്മകുറിപ്പുകളിലൂടെ ശ്രീമതി സരോജ വര്‍ഗ്ഗീസിന് കഴിഞ്ഞു.  'എപ്പോഴും രാവിലെ ഉണരുമ്പോള്‍ ബാത്ത് റൂമിലെ പൈപ്പില്‍നിന്നും വെള്ളം വീഴുന്ന ശബ്ദം കേള്‍ക്കുന്നു. ഞാന്‍ കിച്ചണിലേയ്ക്ക് നടക്കുമ്പോള്‍ ജോയുടെ ഷേവിംഗ് ക്രീമിന്റെ മണം  വരുന്നു'   എന്നീ വരികള്‍ മനസ്സിന്റെ ഭാഷയായി  തന്നെ വായനക്കാരന്  തോന്നും.    ' എന്റെ കണ്ണുകള്‍ക്ക് മുന്നില്‍ ജോ ഉണ്ട്. ഞാന്‍ കരയുമ്പോള്‍ മാത്രമാണ് എനിയ്ക്കവനെ കാണാന്‍ കഴിയാത്തത്', 'ഇപ്പോള്‍ എനിയ്ക്കു സ്വപ്നങ്ങള്‍ ഇഷ്ടമാണ്, ജോയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍. അതുകൊണ്ടു ഞാന്‍ നേരത്തെ ഉറങ്ങാന്‍ കിടക്കുന്നു'  തന്റെ പ്രിയപ്പെട്ടവന്‍ എന്നന്നേയ്ക്കുമായി വിട്ടുപിരിഞ്ഞിട്ടും ആ സാമീപ്യം  കൊതിയ്ക്കുന്ന സാഹിത്ത്യകാരിയുടെ എത്രയോ മനോഹരമായ ഭാവനകള്‍ . ഇതുപോലുള്ള ഒരുപാട് അതിമനോഹരമായ ഭാവനകള്‍ ഈ പുസ്തകത്തിലുടനീളം   ശ്രദ്ധേയമാണ്
ഓര്‍മ്മകുറിപ്പിലെ ഓരോ വരികളും (ഒരുപക്ഷെ ഞാന്‍ ഒരു സ്ത്രീ ആയതിനാലാകാം) ഒരിയ്ക്കലും   മങ്ങാത്ത  നിറക്കൂട്ടുകളായി എന്റെ മനസ്സില്‍ തങ്ങി നില്‍ക്കുന്നു. അതുമാത്രമല്ല ഇതില്‍ പ്രതിപാദിച്ചിരിയ്ക്കുന്ന നിമിഷങ്ങളില്‍ മനസ്സു പാകി വായിച്ചിരുന്നപ്പോള്‍ ഏതൊക്കെയോ നിമിഷത്തില്‍  അറിയാതെ ഞാന്‍ ശ്രീമതി സരോജയായി മാറി. മനസ്സിന്റെ ഭാരം കണ്ണുകളിലൂടെ പളുങ്കുമണികളായി ഉതിര്‍ന്നു. ഓരോ സ്ത്രീയും തന്റെ ജീവിതപങ്കാളിയില്‍ നിന്നും അനുഭവിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്ന അമൂല്യ നിമിഷങ്ങളെ അവര്‍ക്ക് എന്നന്നേയ്ക്കുമായി നഷ്ടപ്പെട്ടുവല്ലോ എന്ന വേദന എന്നെയും സ്വാധീനിച്ചതായി അനുഭവപ്പെട്ടു.  മനസ്സിനെ   കടലാസില്‍ പകര്‍ത്തുവാനുള്ള കഴിവ്  യഥാര്‍ത്ഥ എഴുത്തുകാരിയുടെ വിജയമാണ് .    
   
.   'നാല്പത്തിയേഴു   വര്‍ഷങ്ങള്‍ക്കുമുമ്പ് നമ്മുടെ പ്രഥമ രാത്രിയ്ക്ക് വേണ്ടി നമ്മുടെ മുറിയുടെ വാതില്‍ ആരോ അടച്ചു. ഇന്ന്  എന്റെ പ്രിയന്‍ തനിച്ച് വിശ്രമിയ്ക്കുന്ന  മുറിയുടെ വാതില്‍ ആരൊക്കെയോ ചേര്‍ന്ന് എനിയ്ക്ക് വേണ്ടി ഒരുനാള്‍ തുറക്കും. അങ്ങയുടെ അടുത്തേയ്ക്ക് ഞാന്‍ ഇറങ്ങി വരും. ആരോ നമുക്കുവേണ്ടി ആ വാതിലടയ്ക്കും. പിന്നീട് ഒരിയ്ക്കലും ആ വാതില്‍ തുറക്കപ്പെടുകയില്ല......'  ഈ വരികളിലൂടെ തന്റെ പ്രിയനെ പിരിഞ്ഞു നില്‍ക്കുന്ന അവരുടെ മനസ്സിന്റെ തേങ്ങലുകള്‍ നമ്മിലും അലയടിയ്ക്കുന്നു. 'ഇപ്പോള്‍ കണ്ണാടിയ്ക്കു മുന്നില്‍ നിന്ന് ഒരുങ്ങി കഴിയുമ്പോള്‍ ഞാന്‍ ജോയുടെ ചില്ലിട്ട ചിത്രത്തിന് മുന്നില്‍ പോയി നില്‍ക്കുന്നു' എത്രയോ വികാര നിര്‍ഭരമായ നിമിഷങ്ങള്‍. 'ഇണക്കിളികള്‍ പറന്നു പോകുമ്പോള്‍ വിരഹ പീഢിതരായ പാവം പെണ്‍കിളികള്‍. എന്റെ ദുഖത്തിന്റെ കാര്‍മേഘങ്ങള്‍ പടരുന്നത് കൊണ്ടാണോ എന്നറിയില്ല, വെയില്‍ മാഞ്ഞു പോകുന്നു ' ഇത്തരത്തില്‍ ഒരുപാട് സാഹചര്യത്തില്‍ ശ്രീമതി സരോജ വര്‍ഗ്ഗീസിന്റെ മനസ്സിന്റെ ഗദ്ഗദം വാക്കുകളായി കവിഞ്ഞൊഴുകുന്നു .
തന്റെ മനസ്സിന്റെ  നൊമ്പരങ്ങള്‍ വശങ്ങളിലേയ്ക്ക് മാറ്റി വച്ച് മറ്റുള്ളവരുടെ മാനസിക അവസ്ഥയോര്‍ക്കുന്ന ഈ സാഹിത്യകാരിയുടെ നല്ല മനസ്സും ചില സാഹചര്യങ്ങളില്‍ നമ്മുടെ ശ്രദ്ധയില്‍ വരാം. നിസ്വാര്‍ത്ഥമായ ഒരു മനസ്സിന് മാത്രമേ മറ്റുള്ളവരെ കുറിച്ച് ചിന്തിയ്ക്കാനും അവരുടെ നൊമ്പരങ്ങള്‍ അറിയാനും കഴിയു. ' കൊച്ചി വിമാന താവളത്തില്‍ വച്ച് എന്നോട് യാത്ര പറഞ്ഞു തിരിച്ചുപോകുമ്പോള്‍ അദ്ദേഹത്തിനും ഇതേ വേദന അനുഭവപ്പെട്ടിട്ടുണ്ടാകുമല്ലോ എന്ന് ഞാന്‍ ചിന്തിച്ചു' ഭര്‍ത്താവിനെയും, കുഞ്ഞിനേയും വിട്ടുപിരിഞ്ഞു ജോലിയ്ക്കായി വിദേശത്തേയ്ക്കു പോകുന്ന സാഹചര്യത്തെക്കുറിച്ച് വിവരിച്ച  ഈ വാചകം മറ്റുള്ളവരുടെ നൊമ്പരങ്ങള്‍ മനസ്സിലാക്കാനുള്ള എഴുത്തുകാരിയുടെ കഴിവിനെ എടുത്തുകാണിയ്ക്കുന്നു
                
നാടുവിട്ട് വിദേശത്തുപോയി സ്ഥിരതാമസമാക്കുകയും അവിടുത്തെ സംസ്‌കാരത്തില്‍ ഇഴുകി ചേരുകയും ചെയ്തുവെങ്കിലും മൃദുലമായ മനോവികാരങ്ങളെ വളരെ നിഷ്‌കളങ്കമായി പല സ്ഥലത്തും വായിയ്ക്കുമ്പോള്‍, നാണിച്ചു നഖം കടിയ്ക്കുന്ന  ശാലീനത  നഷ്ടപ്പെടാത്ത ഒരു ഗ്രാമീണ പെണ്‍കുട്ടി  തന്നെയാണ് ശ്രീമതി സരോജ എന്ന് പലപ്പോഴും നമുക്ക് തോന്നിയേക്കാം. വിവാഹ വസ്ത്രം വാങ്ങാന്‍ പോയ ദിവസത്തെ കുറിച്ച് തന്റെ പ്രിയനുമായി  ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍ ' എന്നെയും ഒളികണ്ണാല്‍ നോക്കിയിരുന്നെങ്കില്‍ ജോയ്ക്ക് എന്റെ പ്രേമാര്‍ദ്രമായ കടാക്ഷങ്ങള്‍ കാണാമായിരുന്നു ' ഈ വാചകത്തിലും , ഗര്‍ഭിണിയായി ഭര്‍ത്താവിന്റെ മുന്നില്‍  വന്ന സാഹചര്യത്തെക്കുറിച്ച് വിവരിയ്ക്കുന്ന ' ജോ എന്റെ മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കി എനിയ്ക്ക്  ജോയുടെ മുഖത്ത് നോക്കി ഒന്നും മറച്ച് വച്ച് സംസാരിയ്ക്കാന്‍ കഴിയില്ല' തുടങ്ങിയ വാചകങ്ങളിലും ഇത് വ്യക്തമാണ്.

തന്റെ ജീവിതാനുഭവങ്ങളില്‍ നിന്നും ദൈവഭക്തിയില്‍ നിന്നും പല നല്ല കാര്യങ്ങളും നമ്മെ ചൂണ്ടികാണിയ്ക്കാന്‍ തന്റെ മനോദുഃഖങ്ങള്‍ പങ്കുവയ്ക്കുന്നതിനിടയിലും ശ്രീമതി സരോജ ശ്രദ്ധിച്ചിട്ടുണ്ട് എന്നുള്ളത് പല വാചകങ്ങളില്‍ നിന്നും വ്യക്തമാണ്. ' വെളിച്ചവും നിഴലും തമ്മിലുള്ള ബന്ധം പോലെയാണ് ജീവനും മരണവും ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് മരണം. സമാധാന പൂര്‍ണ്ണമായ മരണം സാധ്യമാകുന്നത് അതിനനുസരണമായ ജീവിതം നയിച്ചവര്‍ക്കാണ്. എങ്ങിനെ ജീവിയ്ക്കുന്നു എന്നതിനെ ആശ്രയിച്ചിരിയ്ക്കും എങ്ങിനെ മരിയ്ക്കും എന്നുള്ളത് ' എത്രയോ മനോഹരമായ കാഴ്ചപ്പാട്
മനോഹരമായ ഒരു ദാമ്പത്യ സമുദ്രത്തില്‍ മുങ്ങി നീരാടിയിട്ടും വളരെ സ്‌നേഹനിധികളായ മകളെയും മകനെയും ലഭിച്ചിട്ടും ഇന്നും വാത്സല്യവും സ്‌നേഹവുമായി കൊച്ചു മക്കളാല്‍ അനുഗ്രഹിയ്ക്കപ്പെട്ടിട്ടും, സല്‍കീര്‍ത്തിയുള്ള ഒരു സാഹിത്യകാരിയായിട്ടും ഒരുപാട് അംഗീകാരങ്ങളും പദവികളും തന്നെ തേടി വന്നിട്ടും, ഒരു അഹങ്കാരത്തിനും പിടികൊടുക്കാതെ, ലളിതമായ ജീവിതരീതിയോടൊപ്പം  ബാല്യത്തില്‍ മാതാപിതാക്കളില്‍ നിന്നും ലഭിച്ചിട്ടുള്ള ദൈവഭക്തിയും ഒരു അര്‍പ്പണമനോഭാവവും ഇന്നും ആ മനസ്സില്‍ കുടികൊള്ളുന്നു എന്നത് ഈ ഓര്‍മ്മകുറിപ്പില്‍ ഓരോ വാചകത്തിലും നിറഞ്ഞു നില്‍ക്കുന്നു.    ഈ മനോഭാവം  അനുഗ്രഹീത കലാകാരിയുടെ കൈമുതല്‍ തന്നെയാണ്.

സമൂഹത്തില്‍ രണ്ടുതരത്തിലുള്ള ശ്രീമതികളെയാണ് കണ്ടിട്ടുള്ളത്.  ഭര്‍ത്താവില്‍ നിക്ഷിപ്തമായ ഗുണങ്ങളെ കുറിച്ചോര്‍ക്കാതെ  എപ്പോഴും അവരെ കുറ്റപെടുത്തിപ്പറയാന്‍ ഇഷ്ടപ്പെടുന്നവര്‍. രണ്ടാംതരം, പറയത്തക്ക ഗുണങ്ങള്‍ ഒന്നും ഇല്ലെങ്കിലും   എപ്പോഴും തന്റെ കുട്ടുകാര്‍ക്കുമുന്നില്‍ ഭര്‍ത്താവ് എന്ന 'ഹീറോ'യെ  പുകഴ്ത്തി പാടുന്നവര്‍. എന്നാല്‍ ശ്രീമതി സരോജ വര്‍ഗ്ഗീസിന്റെ ഈ ഓര്‍മ്മകുറിപ്പിലുടനീളം     സഞ്ചരിച്ചപ്പോള്‍ വളരെ നിഷ്‌കളങ്കമായി തന്റെ ജീവിതത്തിലെ ഓരോ നിമിഷങ്ങളെയും വായനക്കാര്‍ക്കായി എഴുതിയതില്‍ നിന്നും മനസ്സിലായി, അത്രയും നല്ലൊരു പുരുഷന് അല്ലെങ്കില്‍ ജീവിതപങ്കാളിയ്ക്ക് വേണ്ടി മാത്രമേ ഒരു സ്ത്രീയ്ക്ക് തന്റെ മനസ്സിന്റെ ശബ്ദത്തെ ഇത്രയും  സുതാര്യമായി  കാഴ്ചവയ്ക്കാന്‍ കഴിയു. അവര്‍ തന്റെ ജീവിതപങ്കാളിയ്ക്കുവേണ്ടി കല്ലറയില്‍ അര്‍പ്പിയ്ക്കുന്ന സുഗന്ധ പൂക്കളേക്കാള്‍ അദ്ദേഹത്തിനുവേണ്ടി  അടര്‍ത്തുന്ന  കണ്ണുനീരിനെക്കാള്‍ മനം നൊന്തു ചെയ്യുന്ന  പ്രാര്‍ത്ഥനകളേക്കാള്‍  എത്രയോ മഹത്തായതാണ്  ഈ ഓര്‍മ്മകുറിപ്പുകള്‍. സല്‍ സ്വഭാവവും, തികഞ്ഞ ഈശ്വരഭക്തിയും നിറഞ്ഞ ഒരു   നല്ല ഗൃഹനാഥന്റെ ഓര്‍മ്മകള്‍ മരണാനന്തരം അവരുടെ കുടുംബത്തില്‍ മാത്രം അതും വളരെ കുറച്ചുകാലത്തേയ്ക്കുമാത്രം നിലനില്‍ക്കുന്നു. എന്നാല്‍ ശ്രീമതി സരോജയുടെ 'പ്രിയപ്പെട്ട ജോ' അവരുടെ വാക്കുകളിലൂടെ എല്ലാ വായനക്കാര്‍ക്കും പ്രിയപ്പെട്ടവനായി ഇന്ന് മാറിയിരിയ്ക്കുന്നു.   അവര്‍ ഭര്‍ത്താവിനുവേണ്ടി ചെയ്യുന്ന പുഷ്പാര്ച്ചനയ്ക്ക്   ഒഴുക്കുന്ന കണ്ണുനീരിനു പ്രാര്‍ത്ഥനയ്ക്ക് ഒരുപക്ഷെ അവരുടെ അത്രയും മാത്രമേ ആയുസ്സുണ്ടാകുകയുള്ളൂ. എന്നാല്‍ ഈ ഓര്‍മ്മകുറിപ്പിന്റെ താളുകളിലൂടെ അവര്‍ അയവിറക്കിയ ഓര്‍മ്മകളിലൂടെ അവരുടെ പ്രിയപ്പെട്ട ജോയുടെ ഓര്‍മ്മയ്ക്ക്  തലമുറകളോളം അവര്‍ ജീവന്‍   പകര്‍ന്നിരിയ്ക്കുന്നു. ഇതുതന്നെയാണ് ഒരു നല്ല ഭാര്യയ്ക്ക് തന്റെ ഭര്‍ത്താവിനുവേണ്ടി അര്‍പ്പിയ്ക്കാന്‍ കഴിയുന്ന ഏറ്റവും നല്ല ആത്മപൂജ.   

മനസ്സിന്റെ വൃന്ദാവനത്തില്‍ തഴച്ചുവളരുന്ന വികാരങ്ങളും, ചിന്തകളും നന്മകളും രുചികരമായി, വാക്കുകളാല്‍ പാചകം ചെയ്തു വായനക്കാര്‍ക്കായി ഇനിയും ഒരുപാട്  വിളമ്പാന്‍ ശ്രീമതി സരോജ വര്‍ഗ്ഗീസിന് സര്‍വ്വേശ്വരന്‍ ശക്തിയും ആരോഗൃവും അനുഗ്രഹവും നല്‍കട്ടെ.



താമരപ്പൂവിലെ അശ്രുബിന്ദുക്കള്‍(പുസ്തക ആസ്വാദനം)- (ശ്രീമതി സരോജ വര്‍ഗ്ഗീസിന്റെ പ്രിയ ജോ നിനക്കായ് ഈ വരികള്‍)-ജ്യോതി നമ്പ്യാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക