Image

അഭിമന്യുവിന്റെ കൊലപാതകം; പോപ്പുലര്‍ ഫ്രണ്ട്‌ സംസ്ഥാന പ്രസിഡന്റ്‌ നസറുദ്ദീന്‍ എളമരത്തിന്റെ വീട്ടില്‍ പോലീസ്‌ റെയ്‌ഡ്‌

Published on 13 July, 2018
അഭിമന്യുവിന്റെ കൊലപാതകം; പോപ്പുലര്‍ ഫ്രണ്ട്‌ സംസ്ഥാന പ്രസിഡന്റ്‌ നസറുദ്ദീന്‍ എളമരത്തിന്റെ വീട്ടില്‍ പോലീസ്‌ റെയ്‌ഡ്‌

മലപ്പുറം: മഹാരാജാസ്‌ കോളജിലെ ബിരുദ വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ പോപ്പുലര്‍ ഫ്രണ്ട്‌ സംസ്ഥാന പ്രസിഡന്റ്‌ നസറുദ്ദീന്‍ എളമരത്തിന്റെ വീട്ടില്‍ പോലീസ്‌ റെയ്‌ഡ്‌. വാഴക്കാട്‌ പോലീസും സ്‌പെഷ്യല്‍ ബ്രാഞ്ചുമാണ്‌ റെയ്‌ഡ്‌ നടത്തുന്നത്‌. വളരെ രഹസ്യമായാണ്‌ പോലീസ്‌ സംഘം റെയ്‌ഡിനെത്തിയത്‌. റെയ്‌ഡില്‍ സുപ്രധാന വിവരങ്ങള്‍ എന്തെങ്കിലും ലഭിച്ചോ എന്ന കാര്യം വ്യക്തമായിട്ടില്ല.

അതേസമയം നസുറുദ്ദീന്‍ എളമരത്തിന്റെ വീട്ടില്‍ റെയ്‌ഡ്‌ നടത്തിയെന്ന വാര്‍ത്ത വാഴക്കാട്‌ എസ്‌ഐ വിജയരാജന്‍ നിഷേധിച്ചു. പോലീസ്‌ അവിടെപ്പോയിരുന്നോ എന്ന ചോദ്യത്തോട്‌ വ്യക്തമായി പ്രതികരിക്കാനും പോലീസ്‌ തയാറായില്ല. റെയ്‌ഡ്‌ ഒന്നും നടന്നിട്ടില്ലെന്ന വിശദീകരണം മാത്രമാണ്‌ പോലീസ്‌ നല്‍കുന്നത്‌.

അഭിമന്യൂ കൊലക്കേസിലെ പ്രധാന പ്രതികള്‍ പോപ്പുലര്‍ ഫ്രണ്ട്‌ നേതാക്കളുടെ സഹായത്തോടെയാണ്‌ ഒളിവില്‍ കഴിയുന്നതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ സംസ്ഥാന പ്രസിഡന്റിന്റെ വീട്ടില്‍ തന്നെ പോലീസ്‌ റെയ്‌ഡ്‌ നടത്തിയത്‌. പ്രതികള്‍ വടക്കന്‍ ജില്ലകളിലേക്ക്‌ കടന്നതായും നേരത്തെ പോലീസിന്‌ സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കണ്ണൂരിലെ വിവിധ മേഖലകളില്‍ പോലീസ്‌ തെരച്ചില്‍ നടത്തിയെങ്കിലും ആരെയും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.

അതേസമയം, കൊലപാതകവുമായി ബന്ധപ്പെട്ട്‌ 20 എസ്‌ഡിപിഐ പ്രവര്‍ത്തകരെ പോലീസ്‌ കസ്റ്റഡിയിലെടുത്തു. ആലുവയില്‍ നിന്നാണ്‌ ഇവരെ കസ്റ്റഡിയിലെടുത്തത്‌. സംഘത്തെ ചോദ്യം ചെയ്യുന്നത്‌ തുടരുകയാണ്‌. അതേസമയം പ്രതികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ്‌ പുറത്തുവിട്ടിട്ടില്ല.

കേസുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടുമെന്ന്‌ ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ അറിയിച്ചു. അന്വേഷണം മറ്റ്‌ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കേസില്‍ ഇതുവരെ 11 എസ്‌ഡിപിഐ പ്രവര്‍ത്തകരെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക