Image

പോപ്പുലര്‍ ഫ്രണ്ട്‌ പരിപാടിയില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി മുന്‍ രാഷ്‌ട്രപതി ഹമീദ്‌ അന്‍സാരി

Published on 13 July, 2018
പോപ്പുലര്‍ ഫ്രണ്ട്‌ പരിപാടിയില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി മുന്‍ രാഷ്‌ട്രപതി ഹമീദ്‌ അന്‍സാരി
ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട്‌ പരിപാടിയില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി മുന്‍ ഉപരാഷ്ട്രപതി ഹമീദ്‌ അന്‍സാരി രംഗത്ത്‌. ഇത്‌ പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പരിപാടിയായിരുന്നെന്ന്‌ അറിയില്ലായിരുന്നെന്നും പൊലീസ്‌ പോലും തന്നോട്‌ പറഞ്ഞില്ലായിരുന്നെന്നെന്നുമാണ്‌ ഹമീദ്‌ അന്‍സാരി പറഞ്ഞു.

ഡല്‍ഹിയിലെ ഒരു ബുദ്ധിജീവിയാണ്‌ തന്നെ പരിപാടിക്കായി ക്ഷണിച്ചത്‌. ഡല്‍ഹിയിലുള്ള അയാള്‍ക്ക്‌ പോപ്പുലര്‍ ഫ്രണ്ടുമായുള്ള ബന്ധത്തെക്കുറിച്ചോ തനിക്ക്‌ അറിയില്ലായിരുന്നെന്ന്‌ അദ്ദേഹം തുറന്നു പറഞ്ഞു.

എന്തെങ്കിലും വ്യക്തത വരുത്തേണ്ട കാര്യമുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നമ്മളോട്‌ പറയും എന്നതാണ്‌ പൊതുവിലുള്ള രീതി. എന്നാല്‍ തന്നോട്‌ സര്‍ക്കാര്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. ഒരു ദേശീയ മാധ്യമത്തിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ അദ്ദേഹം ഇതു സംബന്ധിച്ച സത്യാവസ്ഥ വ്യക്തമാക്കിയത്‌. 2017 സെപ്‌റ്റംബറില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ വനിതാ വിഭാഗം കോഴിക്കോട്‌ സംഘടിപ്പിച്ച സെമിനാറിലാണ്‌ ഹമീദ്‌ അന്‍സാരി പങ്കെടുത്തത്‌.

ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഒബ്‌ജക്ടീവ്‌ സ്റ്റഡീസും പോപ്പുലര്‍ ഫ്രണ്ടിന്റെ വനിതാ വിഭാഗമായ വുമണ്‍സ്‌ ഫ്രണ്ടും സംഘടിപ്പിച്ച പരിപാടിയുടെ ഉദ്‌ഘാടകനായായിരുന്നു അദ്ദേഹമെത്തിയത്‌. ഇതിനെ ഹിന്ദു സംഘടനകളായ വി എച്ച്‌ പിയും ആര്‍ എസ്‌ എസുമടക്കം അതിശക്തമായി എതിര്‍ത്ത്‌ രംഗത്തുവന്നിരുന്നു. ഡല്‍ഹിയില്‍ തിരിച്ചെത്തിയതിനുശേഷം പിറ്റേദിവസത്തെ പത്രങ്ങളിലൂടെയാണ്‌ പങ്കെടുത്ത പരിപാടിയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ മനസിലായതെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക