Image

മോഡി സര്‍ക്കാരിന്റെ രാഷ്ട്രീയ കാപട്യം-(ദല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 13 July, 2018
മോഡി സര്‍ക്കാരിന്റെ രാഷ്ട്രീയ കാപട്യം-(ദല്‍ഹികത്ത് : പി.വി.തോമസ്)
2016 ആഗസ്റ്റ് ആറിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അദ്ദേഹത്തിന്റെ ടൗണ്‍ഹാള്‍ (ദല്‍ഹി) പ്രസംഗത്തില്‍ പ്രഖ്യാപിക്കുകയുണ്ടായി പശുസംരക്ഷക സംഘത്തെയും അവരുടെ അതിക്രമങ്ങളെയും ഒരിക്കലും വച്ചുപൊറുപ്പിക്കുകയില്ല എന്ന്. പശുസംരക്ഷകര്‍ രാത്രിയില്‍ നിയമവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതര്‍ ആകുന്നവരും പകല്‍സമയത്ത് ഗോസംരക്ഷകര്‍ ആയി അവതരിക്കുന്നവരും ആണ്. അദ്ദേഹം പറഞ്ഞു.

അതിന് മുമ്പ് അദ്ദേഹത്തിന്റെ ദീര്‍ഘകാല കുറ്റകരമായ മൗനത്തിന് ദേശീയ-വിദേശ തലങ്ങളില്‍ വിമര്‍ശനം ഉണ്ടായപ്പോള്‍ മോഡി പശുസംരക്ഷകരെ ഗുണ്ടകള്‍ എന്നും സമൂഹ വിരുദ്ധര്‍ എന്നും വിളിച്ച് ആക്ഷേപിക്കുകയുണ്ടായി. പശുസംരക്ഷണത്തിന്റെ പേരിലുള്ള ഈ ഗുണ്ടായിസത്തെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും അപലപിക്കണമെന്നും അദ്ദേഹം ഒരു സര്‍വ്വകക്ഷിയോഗത്തില്‍ പ്രസംഗിക്കുകയുണ്ടായി. പശുസംരക്ഷകര്‍ ദേശവിരുദ്ധര്‍ ആണെന്നും  അദ്ദേഹം പ്രഖ്യാപിച്ചു. 2017 ജൂണില്‍ അഹമ്മദബാദിലെ സബര്‍മതി ആശ്രമത്തില്‍ നടന്ന ഒരു ചടങ്ങിലും മോഡി പശുസംരക്ഷണത്തിന്റെ പേരിലുള്ള ആള്‍ക്കൂട്ടകൊലയെ ഒരിക്കലും അംഗീകരിക്കുകയില്ലെന്ന് പ്രഖ്യാപിക്കുകയുണ്ടായി. എന്നിട്ടും പശുസംരക്ഷണഗുണ്ടകളുടെ ആള്‍ക്കൂട്ട കൊലകള്‍ നിര്‍ബാദം ഇന്നും തുടരുന്നു. എന്തുകൊണ്ട്? തുടരുന്നു എന്ന് മാത്രം അല്ല മോഡിയുടെ മന്ത്രിമാര്‍ ഇതിനെയും അതുപോലുള്ള നിയമ അരാജകത്വത്തെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നം എന്നതാണ് ദാരുണമായ സത്യം.

ഉദാഹരണമായി മോഡിയുടെ മന്ത്രി ജയന്ത് സിന്‍ഹയുടെ കാര്യം എടുക്കുക. അദ്ദേഹം ഝാര്‍ഖണ്ടില്‍ പശുസംരക്ഷകരും ആള്‍ക്കൂട്ടകൊലയില്‍ ശിക്ഷിക്കപ്പെട്ടവരുമായ(ജീവപര്യന്തം) ഏഴ് പേരെയാണ് അവര്‍ ജാമ്യത്തില്‍ ഇറങ്ങിയപ്പോള്‍ മാലയിട്ട് സ്വീകരിച്ച് മധുര പലഹാരം വിതരണം ചെയതത്. എവിടെപോയി മോഡിയുടെ ടൗണ്‍ഹാള്‍ പ്രഖ്യാപനം? അലിവുദിന്‍ അന്‍സാരി എന്ന ഒരു മുസ്ലീം തുകല്‍- ഇറച്ചികച്ചവടക്കാരനെയാണ് പശുസംരക്ഷണ ആള്‍ക്കൂട്ട കൊലയാളികള്‍ കൊന്നതും അവരില്‍ 11 പേരെ പോലീസ് പിടികൂടിയതും ധൃതവേഗതകോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചതും. അവരെ ഢാര്‍ഖണ്ട് ഹൈക്കോടതി ജാമ്യത്തില്‍ വിട്ടപ്പോള്‍ ആണ് മോഡിയുടെ മന്ത്രി അവര്‍ക്ക് ഹൃദ്യമായ സ്വീകരണം നല്‍കി അവരെ ആദരിച്ചത്. ഇത് എന്ത് സന്ദേശം ആണ് ദേശത്തിന് നല്‍കുന്നത്. ഒരാഴ്ചക്ക് ശേഷം സിന്‍ഹ ഈ വിഷയത്തില്‍ കാപട്യപരമായ ഒരു ഖേദപ്രകടനം നടത്തുവാന്‍ നിര്‍ബന്ധിതന്‍ ആയെങ്കിലും അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും ഉദ്ദേശം വ്യക്തം ആയിരുന്നു.

അന്‍സാരിയെയും അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തെയും പിന്തുടര്‍ന്ന് പിടിച്ച് ആണ് സിന്‍ഹ ആദരിച്ച അക്രമികള്‍ കൊന്നതും വാഹനം ചുട്ടുകരിച്ചതും. അന്‍സാരി പശുഘാതകന്‍ ആണെന്നതായിരുന്നു ആരോപണം. അവര്‍ ആ കുറ്റത്തിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിട്ടും ജാമ്യത്തില്‍ ഇറങ്ങിയ അവരെ മാലയിട്ട് സിന്‍ഹ സ്വീകരിക്കുവാന്‍ കച്ചകെട്ടി ഇറങ്ങിയെന്നത് മോഡി സര്‍ക്കാരിന്റെ കാപട്യത്തിന്റെ ഉദാഹരണം അല്ലേ? സിന്‍ഹ ആദ്യം മുതലെ പശുസംരക്ഷക ഗുണ്ടകളുടെ ഒപ്പം ആയിരുന്നു. അവരെ ധൃതവേഗത കോടതി ശിക്ഷിച്ചപ്പോള്‍ ഝാര്‍ഖണ്ട് മുഖ്യമന്ത്രി രഘുബര്‍ ദാസിനോട് കേസ് സി.ബി.ഐ.ക്ക് വിടണം എന്ന് അഭ്യര്‍ത്ഥിച്ചതും സിന്‍ഹയാണ്. അവസാനം ഹൈക്കോടതി ശിക്ഷസ്‌റ്റേ ചെയ്തതും പ്രതികളെ ജാമ്യത്തില്‍ വിട്ടതും വസ്തുതയാണ്. വിമര്‍ശനാത്മകവും ആണ്. ഇതാണ് പശുസംരക്ഷക ഗുണ്ടകളോടും അവരുടെ ആള്‍ക്കൂട്ട കൊലയോടും മോഡി സര്‍ക്കാരിനുള്ള ആത്മാര്‍ത്ഥത. ഇതിനെ സിന്‍ഹയുടെ പിതാവും മുന്‍ കേന്ദ്രമന്ത്രിയും ഇപ്പോള്‍ വിമത ബി.ജെ.പി. നേതാവും ആയ യശവന്ത് സിന്‍ഹ അപലപിച്ചുവെങ്കിലും ഒറ്റ ബി.ജെ.പി. നേതാവ്-മോഡിയും ഷായും ഉള്‍പ്പെടെ- പോലും ഇതുവരെ അപലപിച്ചിട്ടില്ല.

ജയന്ത് സിന്‍ഹ സംഭവത്തിന്റെ തൊട്ടടുത്ത ദിവസം ആണ് കേന്ദ്രമന്ത്രി ഗിരിരാജ് സിംങ്ങ് ബീഹാറിലെ നവഭ ജയിലില്‍ മതകലാപത്തില്‍ കുറ്റാരോപിതരായ വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്രംഗ് ദളിന്റെയും നേതാക്കന്മാരെ സന്ദര്‍ശിച്ച് സാന്ത്വനങ്ങള്‍ അര്‍പ്പിച്ചത്. ഇതിനെ ഭരണപങ്കാളിയായ ജെ.ഡി.യു.വും മുഖ്യമന്ത്രി നിതീശ് കുമാറും അപലപിച്ചുവെങ്കിലും ബി.ജെ.പി.ക്ക് യാതൊരു ചാഞ്ചാട്ടവും ഇല്ല. മോഡിക്കും ഷായ്ക്കും ഇതിനോട് യാതൊരു പ്രതികരണവും ഇല്ല. എന്ത് സന്ദേശം ആണ് ഈ മതവൈര കേസിലെ കുറ്റവാളികളെ സന്ദര്‍ശിക്കുക വഴി കേന്ദ്രമന്ത്രി രാഷ്ട്രത്തിന് നല്‍കിയത്? അദ്ദേഹം ഈ വര്‍ഗ്ഗീയകലാപകാരികളെ സമാധാനത്തിന്റെ സന്ദേശവാഹകര്‍ ആയിട്ടാണ് വിശേഷിപ്പിച്ചത്. ഇതില്‍പ്പരം എന്ത് വിരോധാഭാസം ആണ് ഉള്ളത്? ഇതില്‍പ്പരം എന്ത് രാഷ്ട്രീയ കാപട്യം ആണുള്ളത്?

മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ അദ്ദേഹത്തിന്റെ കസേര രക്ഷിക്കുവാനായി കേന്ദ്രമന്ത്രിയുടെ ഈ നടപടിയെ അപലപിച്ചുവെങ്കിലും കേന്ദ്രത്തിലെ ഭരണകക്ഷിയിലും മോഡി-ഷാ കമ്പനിയിലും അത് യാതൊരു വ്യതിയാനവും ഉണ്ടാക്കിയിട്ടില്ല. കാരണം അതാണ് അവരുടെ നയം, പ്രവര്‍ത്തന രീതി.

ജയന്ത് സിന്‍ഹക്കെതിരെ പ്രമുഖരായ മുന്‍ ഉദ്യോഗസ്ഥരും സായുധസേന നായകരും രംഗത്തെത്തുകയുണ്ടായി. പക്ഷേ, ഫലം ഇല്ല. സിന്‍ഹയെ അദ്ദേഹം അംഗമായിട്ടുള്ള ഹാര്‍വാര്‍ഡ്(അമേരിക്ക) പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സിന്‍ഹയെ മന്ത്രിസ്ഥാനത്തു നിന്നും മാറ്റണം എന്നാണ് പ്രമുഖ നാഗരികരുടെ ആവശ്യം. പക്ഷേ, ഇതൊന്നും മോഡിയെ ഏശുകയില്ല. കാരണം സിന്‍ഹയും ഗിരിരാജ് സിംങ്ങും എല്ലാം ഒരു ആസൂത്രിത രാഷ്ട്രീയ നീക്കത്തിന്റെ ഭാഗം ആണ്.

ഈ രണ്ട് സംഭവങ്ങള്‍ മാത്രം അല്ല ഇതിന്റെ ഭാഗം ആയിട്ടുള്ളത്. കത്വ(ജമ്മു-കാശ്മീര്‍)ബലാല്‍സംഗത്തിലെ പ്രതികളെ പ്രതിരോധിച്ച ബി.ജെ.പി.ക്കാരെ പിന്തുണച്ച രണ്ട് മന്ത്രിമാരുടെ കഥ ഓര്‍മ്മിക്കുക. ആക്രമിക്കപ്പെടുകയും കൂട്ടബലാല്‍സംഗത്തിന് ഇരയാക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത മുസ്ലീം ബാലികയെ ബി.ജെ.പി. തള്ളിപ്പറഞ്ഞു. രണ്ട് ബി.ജെ.പി. മന്ത്രിമാരും അക്രമികള്‍ക്ക് ഒപ്പം നിന്നു. അവസാനം  അവര്‍ക്ക് രാജിവയ്‌ക്കേണ്ട വന്നെങ്കിലും ബി.ജെ.പി.ക്കോ മോഡിക്കോ ഷായ്‌ക്കോ അനുതാപം ഇല്ല. ജമ്മു-കാശ്മീരിലെ പി.ഡി.പി.-ബി.ജെ.പി. ഗവണ്‍മെന്റിന്റെ പതനത്തിന്റെ കാരണങ്ങളില്‍ ചിലത് ഇതൊക്കെ ആയിരുന്നു.

ബി.ജെ.പി.യുടെ ഈ രാഷ്ട്രീയ കാപട്യം ജയന്ത് സിന്‍ഹയിലോ, ഗിരരാജ്‌സിംങ്ങിലോ, കത്വബലാല്‍സംഗത്തിലെ രണ്ട് മന്ത്രിമാരിലോ ഒതുങ്ങുന്നില്ല. പല ഉദാഹരണങ്ങള്‍ ഉണ്ട് ഇനിയും. അതില്‍ ഒന്നാണഅ ദാദ്രി (ഉത്തര്‍പ്രദേശ്) ആള്‍ക്കൂട്ട കൊലപാതകത്തില്‍ ഇരയായ മുഹമ്മദ് അഖലാക്കിന്റെ പാതികള്‍ക്ക് വേണ്ടി കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മ കണ്ണുനീര്‍ ഒഴുക്കിയത്. അഖലാക്കിനെ പശുസംക്ഷണ ഗുണ്ടകള്‍ വീട് അക്രമിച്ച് പശുഇറച്ചിയുടെ പേരില്‍ കൊന്നു. പക്ഷേ ശര്‍മ്മയുടെ ദുഃഖം കൊലപാതകികള്‍ക്കൊപ്പം ആണ്. അഖലാക്ക് ഹിന്ദുവികാരത്തെ വൃണപ്പെടുത്തി അത്രെ! ഇതുപോലുള്ളവര്‍ ആണ് ഇന്ന് രാജ്യം ഭരിക്കുന്നത്. ഇവര്‍ വേട്ടക്കാര്‍ക്ക് ഒപ്പം ആണ്. ഇരകള്‍ക്കൊപ്പം അല്ല. അതാണ് പരിതാപകരം. ഈ പറഞ്ഞവരൊന്നും സാധാരണക്കാര്‍ അല്ല എന്ന് മനസിലാക്കണം. ഇവരെല്ലാം കേന്ദ്രമന്ത്രിമാര്‍ ആണ്. ഇതുപോലുള്ള കാപട്യക്കാരായ ഭരണകര്‍ത്താക്കളില്‍ നിന്നും സാധാരണക്കാര്‍ക്ക് എന്ത് നീതി ലഭിക്കും?

ഇവര്‍ മതഭ്രാന്തന്മാരായ പശുസംരക്ഷകര്‍ക്ക് ഒപ്പം ആണ്. ഇവര്‍ വര്‍ഗീയ കലാപകാരികള്‍ക്ക് ഒപ്പം ആണ്. ഇവര്‍ ബലാല്‍സംഗികള്‍ക്ക് ഒപ്പം ആണ്. അത് ഇന്‍ഡ്യയിലെ ഭരണഘടനാനുസൃതമായ ജനാധിപത്യ വ്യവസ്ഥക്ക് വിരുദ്ധം ആണ്. ആഹാരക്രമത്തെയും ജീവിതമാര്‍ഗ്ഗത്തെയും ബലാല്‍സംഗത്തെയും മതാനുഷ്ഠാനങ്ങളെയും വര്‍ഗ്ഗീയവല്‍ക്കരിക്കുന്നത് പ്രാകൃതമായ ജീവിത-രാഷ്ട്രീയ വീക്ഷണം ആണ്. ഇവര്‍ ഇതാണ് സ്വീകരിക്കുന്നത്. എങ്ങനെ കേന്ദ്രമന്ത്രിമാര്‍ക്ക് ശിക്ഷിക്കപ്പെട്ട പശുസംരക്ഷകരെ മാലയിട്ട് സ്വീകരിക്കാം? വര്‍ഗ്ഗീയകാലപത്തിലെ തടവുകാരെ ജയിലില്‍ സന്ദര്‍ശിക്കാം? എങ്ങനെ ബലാല്‍സംഗികളെ മതത്തിന്റെ പേരില്‍ പിന്തുണക്കാം?

മോഡി പശുസംരക്ഷകഗുണ്ടകളെ പകല്‍ സമയത്ത് തള്ളുകയും രാത്രിയില്‍ അവരെ കൊള്ളുകയും ചെയ്യുന്നുവെന്നാണോ ഇതിന്റെയൊക്കെ അര്‍ത്ഥം? അദ്ദേഹവും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ദീന്‍ദയാല്‍ ഉപാദ്ധ്യക്ഷയുടെയും വീര്‍സവര്‍ക്കറിന്റെയും ആരാധകകരാണ്. പക്ഷേ, ഇവരാരും ഭരണഘടനയുടെ ആരാധകര്‍ അല്ല. മറിച്ച് ഇന്‍ഡ്യന്‍ ഭരണഘടനയെ തള്ളിപ്പറഞ്ഞവര്‍ ആണ്.

അമേരിക്കന്‍ പ്രൊഫസറും(യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോ, ഹാര്‍വ്വാഡ് യൂണിവേഴ്‌സിറ്റി, ബ്രൗണ്‍ യൂണിവാഴ്‌സിറ്റി, ഓക്‌സ്‌ഫോര്‍ഡ് യൂണിവാഴ്‌സിറ്റി) ദശാബ്ദങ്ങളായി ഇന്‍ഡ്യ നിരീക്ഷകയും ആയ മാര്‍ത്താനുസു ബോം ഇന്‍ഡ്യയിലെ ഇപ്പോഴത്തെ ഈ അവസ്ഥയെ വിലയിരുത്തിയതിനോട് വിയോജിക്കുവാന്‍ വയ്യ. ഇവിടെ ഇപ്പോള്‍ ഗുപ്തമായ ഒരു അംഗീകാരം ഉണ്ട് ഇതുപോലുള്ള അക്രമങ്ങള്‍ ഹിന്ദുത്വയുടെ അംഗീകരിക്കപ്പെട്ട ഭാഗം ആണ്. ഇന്‍ഡ്യ ഒരു ഹിന്ദു രാഷ്ട്രം ആണ്. മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഇതിന്റെ ഭാഗം അല്ല എന്ന ഒരു ചിന്ത അക്രമങ്ങള്‍ക്ക് എളുപ്പത്തില്‍ തിരികൊളുത്താം. പ്രൊഫസര്‍ മാര്‍ത്തയുടെ നിഗമനങ്ങള്‍, നിരീക്ഷണങ്ങള്‍ തെറ്റാകട്ടെ.

മോഡി സര്‍ക്കാരിന്റെ രാഷ്ട്രീയ കാപട്യം-(ദല്‍ഹികത്ത് : പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക