Image

മായാമോഹിനി ചിത്രീകരണം പൂര്‍ത്തിയായി

Published on 28 March, 2012
മായാമോഹിനി ചിത്രീകരണം പൂര്‍ത്തിയായി
ദിലീപ്, മായാമോഹിനിയാകുന്ന ചിത്രം മായാമോഹിനി പൂര്‍ത്തിയായി. അഭിനയരംഗത്ത് എന്നും വ്യത്യസ്തത പുലര്‍ത്തുന്ന നടനാണ് ദിലീപ്. ഏറെ അനായാസകരമായ പല കഥാപാത്രങ്ങളും വളരെ രസകരമായി അവതരിപ്പിച്ച് പ്രേക്ഷകരുടെ കൈയ്യടി നേടിയിട്ടുണ്ട് ഈ കഥാപാത്രം. ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രമായിട്ടും ഈ വെല്ലുവിളി ഏറ്റെടുത്തുകൊണ്ടുതന്നെയാണ് ഇതില്‍ അഭിനയിച്ചത്.

ആകര്‍ഷകമായ എന്റര്‍ടെയ്ന്‍മെന്റ് ചിത്രങ്ങള്‍ക്ക് തിരക്കഥ രചിക്കാന്‍ സമര്‍ത്ഥരായ ഉദയകൃഷ്ണ, സിബി കെ. തോമസ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും ഈ ചിത്രത്തെ ഏറെ ആകര്‍ഷകമാക്കുന്നു. ജോസ് തോമസാണ് സംവിധായകന്‍. ഉദയപുരം സുല്‍ത്താന്‍ എന്ന ചിത്രത്തിനുശേഷം ജോസ് തോമസ്, ഉദയകൃഷ്ണ, ദിലീപ് ടീമിന്റെ കൂട്ടുകെട്ടില്‍നിന്നും ഉരുത്തിരിയുന്ന ചിത്രമാണിത്.

ഇടവേളയ്ക്കുശേഷം ജോസ് തോമസ് വീണ്ടും ഒരു ദിലീപ് ചിത്രം സംവിധാനം ചെയ്യാനൊരുങ്ങിയപ്പോള്‍ പഴയ ടീം ഒത്തുവന്നതും ഒരു നിമിത്തമായിതന്നെ കാണാം.

ഒരു സ്ത്രീവേഷം ആര്‍ക്കും അണിയാം. പല സിനിമകളിലും ചെറുതും വലുതുമായ ഇത്തരം കഥാപാത്രങ്ങള്‍ വരാറുമുണ്ട്. എന്നാല്‍, ഇതിലെ മുഴുനീള സ്ത്രീകഥാപാത്രം ഒരു വേഷത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. മറിച്ച് ഈ കഥാപാത്രം ഒരു സുന്ദരിയായ സ്ത്രീയുടെ എല്ലാ ഭാവചലനങ്ങളോടും അതിനുവേണ്ടുന്ന വേഷവിധാനങ്ങളിലും സംസാരത്തിലും പെരുമാറ്റത്തിലുമെല്ലാം ആ ഒതുക്കവും ഭാവങ്ങളും അതിവിദഗ്ധമായി പ്രകടിപ്പിച്ചിരിക്കുന്നു. അതാണ് ഈ കഥാപാത്രത്തിന്റെ പ്രത്യേകതയും. ഒപ്പം ദിലീപ് കൈകാര്യംചെയ്യുന്ന രീതിയും ഏറെ ആകര്‍ഷകമാക്കുന്നു- സംവിധായകനായ ജോസ് തോമസിെ; വാക്കുകളായിരുന്നു ഇത്.

ഒറ്റപ്പാലത്തെ പ്രശസ്തമായ വടക്കേടത്ത് തറവാട്ടിലെ ബാലകൃഷ്ണന്‍ കച്ചവടംചെയ്യാന്‍ പാടില്ല എന്നതാണ് ജ്യോത്സ്യ പ്രവചനം. എന്നിട്ടും ബാലകൃഷ്ണന്‍ കച്ചവടത്തിനിറങ്ങി. ഒന്നിലും ലാഭം കിട്ടിയില്ലെന്നു മാത്രമല്ല എല്ലാം നഷ്ടത്തില്‍ കലാശിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ജ്യോത്സ്യ പ്രവചനമുണ്ടാകുന്നത്. ചോതി നക്ഷത്രക്കാരിയായ ഒരു പെണ്‍കുട്ടി ഭാര്യയായി വന്നാല്‍ അവന്റെ സമയം മാറുമത്രേ. ആ അന്വേഷണത്തിലാണ് ഈ മായാമോഹിനി ബാലകൃഷ്ണന്റെ ഭാര്യയാകുന്നത്. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുടെ അത്യന്തം രസാവഹമായ ചലച്ചിത്രാവിഷ്‌കാരമാണ് ഈ ചിത്രം.

നൂറു ശതമാനവും നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെയാണ് ഈ ചിത്രത്തെ അണിയിച്ചൊരുക്കുന്നത്. ബിജു മേനോനാണ് ബാലകൃഷ്ണനെ അവതരിപ്പിക്കുന്നത്.

ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, വിജയരാഘവന്‍, ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി, മധു വാര്യര്‍, സ്ഫടികം ജോര്‍ജ്, കൊച്ചുപ്രേമന്‍, സന്തോഷ്, ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ ഗാനങ്ങള്‍ക്ക് ബേണി ഇഗ്‌നേഷ്യസ് ഈണം പകരുന്നു. അനില്‍ നായരാണ് ഛായാഗ്രാഹകന്‍. കലാസംവിധാനം- സുജിത് രാഘവ്, പ്രൊജക് ഡിസൈനര്‍- ജയ്‌സണ്‍ എളങ്ങുളം. കളര്‍ ഫാക്ടറിയുടെ ബാനറില്‍ പി. സുകുമാര്‍, മധു വാര്യര്‍ എന്നിവര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിവരുന്ന ഈ ചിത്രം കളര്‍ ഫാക്ടറി റിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.

മായാമോഹിനി ചിത്രീകരണം പൂര്‍ത്തിയായിമായാമോഹിനി ചിത്രീകരണം പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക