Image

അഭിമന്യു വധം; പോപ്പുലര്‍ ഫ്രണ്ട്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റിനെ അറസ്റ്റ്‌ ചെയ്‌തു

Published on 14 July, 2018
അഭിമന്യു വധം; പോപ്പുലര്‍ ഫ്രണ്ട്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റിനെ അറസ്റ്റ്‌ ചെയ്‌തു


കോഴിക്കോട്‌: എസ്‌.എഫ്‌.ഐ നേതാവ്‌ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ.എച്ച്‌. നാസറിനെ അറസ്റ്റ്‌ ചെയ്‌തു. വ്യാഴാഴ്‌ച രാത്രി വൈകി മുളന്തുരുത്തിയിലെ വീട്ടില്‍ നിന്നാണ്‌ പൊലീസ്‌ ഇയാളെ കസ്റ്റഡിയിലെടുത്തത്‌. ഇയാളുടെ വീട്ടില്‍ ആലുവ പോലീസ്‌ നടത്തിയ തെരച്ചിലില്‍ ചില രേഖകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്‌.

മൂവാറ്റുപുഴയിലെ രഹസ്യകേന്ദ്രത്തില്‍വെച്ച്‌ വെള്ളിയാഴ്‌ച പുലര്‍ച്ചെ വരെ നാസറിനെ ചോദ്യംചെയ്‌തു. രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന്‌ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട്‌ ആലുവയില്‍ അറസ്റ്റുചെയ്‌തവരില്‍ നിന്ന്‌ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നാസറിന്റെ വീട്ടില്‍ തെരച്ചില്‍ നടത്തിയത്‌.

പോപ്പുലര്‍ ഫ്രണ്ട്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി, ട്രഷറര്‍ പദവികളും നാസര്‍ വഹിച്ചിട്ടുണ്ട്‌. പോപ്പുലര്‍ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള ദിനപത്രത്തിന്റെ നയരൂപവത്‌കരണ സമിതിയിലും അംഗമാണ്‌. വെള്ളിയാഴ്‌ച കൊച്ചിയിലെത്തിയ സംസ്ഥാന പോലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റ ഇതുസംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചു.

അതേസമയം കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ട്‌ സംസ്ഥാന പ്രസിഡന്റ്‌ നാസറുദ്ദീന്‍ എളമരത്തിന്റെ വീട്ടില്‍ പോലീസ്‌ തെരച്ചില്‍ നടത്തിയിരുന്നു. മലപ്പുറത്തെ വഴക്കാടിലെ വീട്ടിലാണ്‌ പോലീസ്‌ റെയ്‌ഡ്‌ നടത്തിയത്‌. എ്‌ന്നാല്‍ അവിടെ നിന്നും തെളിവുകളൊന്നും പൊലീസിന്‌ ലഭിച്ചിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക