Image

ദീര്‍ഘദൂരയാത്രകള്‍ക്കു വിമാനം റെഡി ! (ലൗഡ് സ്പീക്കര്‍ 39: ജോര്‍ജ് തുമ്പയില്‍)

Published on 14 July, 2018
ദീര്‍ഘദൂരയാത്രകള്‍ക്കു വിമാനം റെഡി ! (ലൗഡ് സ്പീക്കര്‍ 39: ജോര്‍ജ് തുമ്പയില്‍)
വിമാനയാത്രകളെ കൂടുതലായി ഫോക്കസ് ചെയ്യുകയല്ല, അതൊക്കെയും ചരിത്രമാകുന്നതു കൊണ്ട് പ്രത്യേകമായി പറയുന്നുവെന്നേയുള്ളു. ഇപ്പോഴത്തെ വിശേഷം, ഒരു ദിവസം നിര്‍ത്താതെ പായുന്ന വിമാനയാത്രയെക്കുറിച്ചാണ്. ആ യാത്ര ഒക്‌ടോബര്‍ 11നാണ് ആരംഭിക്കുക. സിംഗപ്പൂര്‍ എയര്‍ലൈന്‍സ് എയര്‍ബസ് എ350 900യുഎല്‍ആര്‍ (അള്‍ട്രാ ലോംഗ് റേഞ്ച്) ആണ് ദീര്‍ഘദൂര വിമാനയാത്രയില്‍ പുതിയ റിക്കാര്‍ഡ് സൃഷ്ടിക്കാന്‍ ഒരുങ്ങുന്നത്. സിംഗപ്പൂരിലെ ചാംഗി എയര്‍പോര്‍ട്ടില്‍ നിന്നും ന്യൂയോര്‍ക്കിനടുത്തുള്ള ന്യൂവാര്‍ക്ക് ലിബര്‍ട്ട് എയര്‍പോര്‍ട്ടിലേക്കാണ് വിമാനം എത്തുക. യാത്രാസമയം ഏതാണ്ട്, 20 മണിക്കൂര്‍. ഒക്‌ടോബര്‍ 11 മുതല്‍ ആഴ്ചയില്‍ മൂന്നു സര്‍വീസ് നടത്തും. ഏപ്രില്‍ 23ന് ഫ്രാന്‍സിലെ അസംബ്ലി പ്ലാന്റില്‍വച്ചായിരുന്നു ആദ്യ യുഎല്‍ആര്‍ വിമാനത്തിന്റെ പരീക്ഷണപ്പറക്കല്‍. അന്ന് ഏകദേശം അഞ്ചു മണിക്കൂറോളം പറന്നതിനു ശേഷമാണ് വിമാനം നിലത്തിറങ്ങിയത്. 11,160 മൈല്‍ ദൂരം (17,760 കിലോമീറ്റര്‍) നിര്‍ത്താതെ പറക്കാനുള്ള ശേഷിയാണ് നാല് എന്‍ജിനുകളുള്ള യുഎല്‍ആര്‍ വിമാനങ്ങള്‍ക്കുള്ളത്. സാധാരണ എയര്‍ബസ് 350-900 വിമാനങ്ങള്‍ക്ക് നിര്‍ത്താതെ പറക്കാനുള്ള ശേഷിയേക്കാളും 1800 മൈല്‍ (2,897 കിലോമീറ്റര്‍) അധികം പറക്കാനാകും. അതായത്, ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സര്‍വീസ് നടത്തുന്ന കമ്പനി എന്ന പേര് ഇനി സിംഗപ്പൂര്‍ എയര്‍ലൈന്‍സിനു സ്വന്തമാകുമെന്നു ചുരുക്കം. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ രണ്ടാം എയര്‍ബസ് എ350 900യുഎല്‍ആര്‍ വിമാനം ഉടന്‍ സര്‍വീസിനു സജ്ജമാകുന്നുണ്ട്. ഈ വര്‍ഷം ഒക്‌ടോബര്‍ 18 മുതല്‍ ദിവസേനയുള്ള സര്‍വീസ് ആരംഭിക്കാനാണ് നീക്കം. ഇതോടെ, ലോകത്ത് അള്‍ട്രാ ലോംഗ് റേഞ്ച് വിമാനങ്ങളുടെ കാലമാണ് വരാനിരിക്കുന്നതെന്നു വ്യക്തമായി. വിമാനം മാറിക്കയറിയുള്ള യാത്രയും ഇതോടെ അവസാനിച്ചേക്കും. ഇഷ്ടമുള്ള സ്ഥലത്തേക്കു യാത്ര ചെയ്യാന്‍ പറ്റുന്ന ദീര്‍ഘദൂര വിമാനങ്ങള്‍ വരുന്നതോടെ സമയനഷ്ടം മാത്രമല്ല, പണച്ചെലവും കുറയ്ക്കാനാകും. 

*** ***** *****

കൊച്ചുമകളാകാന്‍ പ്രായമുള്ള പെണ്‍കുട്ടിയെ ഭാര്യയാക്കുക. അതും ഇന്ത്യയില്‍ നിന്ന്. പ്രായപൂര്‍ത്തായാകാത്തവര്‍ക്കു വിവാഹം നിയമപ്രകാരം നിഷേധിച്ച സ്ഥലത്തു നിന്നു അറബി വരന്‍ പെണ്‍കുട്ടിയുമായി ഗള്‍ഫിലെത്തി. 77 കാരനാണ് വരന്‍. വിവാഹം കഴിച്ചതാവട്ടെ 16 കാരിയും. വരനും വധുവും വളരെ സന്തോഷത്തിലാണത്രേ. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് തെലുങ്കാനയിലെ ജാല്‍പ്പള്ളിയില്‍ വെച്ച് പതിനാറുകാരിയെ പെണ്‍കുട്ടിയുടെ അച്ഛനും അച്ഛന്റെ സഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് അഞ്ച് ലക്ഷം രൂപയ്ക്ക് 77 കാരനായ ഒമാനിക്ക് വിറ്റത്. കുട്ടിയുടെ അമ്മ അറിയതെയായിരുന്നു കച്ചവടം. പിന്നാലെ ഒമാനി മസ്‌കറ്റിലേക്ക് തിരിച്ചു. ശേഷം ഇയാള്‍ പെണ്‍കുട്ടിക്കുള്ള വിസ അയച്ച് നല്‍കി പെണ്‍കുട്ടിയേയും മസ്‌കറ്റില്‍ എത്തിച്ചു. സംഭവമറിഞ്ഞ അമ്മ ഭര്‍ത്താവിനും ഭര്‍തൃ സഹോദരിക്കും അവരുടെ ഭര്‍ത്താവിനുമെതിരെ പോലീസില്‍ കേസ് കൊടുത്തു. ഇതോടെയാണ് കാര്യങ്ങള്‍ പുറം ലോകം അറിഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്ന് പേരേയും പോലീസ് അറസ്റ്റ് ചെയ്തു. മകള്‍ ഫോണില്‍ വിളിച്ച് 77 കാരന്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞതായും അമ്മ പോലീസിനോട് പറഞ്ഞതാണ് കാര്യങ്ങള്‍ കേസിലേക്ക് എത്തിച്ചത്. എന്നാല്‍ ഇപ്പോള്‍ പതിനാറുകാരി പറയുന്ന് ഇങ്ങനെ, തന്റെ കാര്യത്തില്‍ ആരും ഇടപെടരുത്. തനിക്ക് നാട്ടിലേയ്ക്ക് വരാന്‍ ആഗ്രഹമില്ല. തന്റെ ജീവിതത്തില്‍ ഇടപെടരുതെന്ന് കാണിച്ച് യുവതി എംബസിക്കും കത്ത് കൈമാറിയിട്ടുണ്ട്. ഇതോടെ ഒമാന്‍ എംബസി ഇന്ത്യന്‍ എംബസി അധികൃതരെ വിവരം അറിയിച്ചു. പലേടത്തും പ്രതിഷേധം പുകയുന്നുണ്ട്. എന്നാല്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചു കൂടെ കൂട്ടിയ ഒമാന്‍ സ്വദേശിയുടെ മാനസികാവസ്ഥയാണ് ഭീകരം. അയാള്‍ക്ക് അതിനെങ്ങനെ കഴിഞ്ഞു?

*** ***** *****

24 മണിക്കൂറുകള്‍ ഒന്നിനും തികയുന്നില്ലെന്നു പരാതി പറയുന്നവര്‍ക്ക് ഇതാ സന്തോഷവാര്‍ത്ത. ഭൂമിയില്‍ ഒരു മണിക്കൂര്‍ കൂടി അധികമായി കിട്ടാന്‍ പോകുന്നു. ഭൂമിയില്‍ ഇനി 25 മണിക്കൂറുകള്‍ ഉണ്ടാകുമെന്നാണു ശാസ്ത്രലോകം പറയുന്നത്. അതെങ്ങനെ എന്നല്ലേ ചന്ദ്രനാണ് ഈ പ്രതിഭാസത്തിന് കാരണം. ചന്ദ്രന്‍ പതിയെ ഭൂമിയില്‍ നിന്നും അകലുന്നതാണ് ഇതിന് കാരണമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 25 മണിക്കൂര്‍ ഉടനെ കിട്ടുമെന്നല്ല, എന്നാല്‍ അതിനു താമസമുണ്ടാകാനും പോകുന്നില്ല. ചന്ദ്രന്‍ ഭൂമിയില്‍ നിന്ന് അകലുന്നതോടെ ദിവസത്തിന്റെ ദൈര്‍ഖ്യം കൂടുമെന്നാണ് ശാസ്ത്രലോകം പറയുന്നത്. ഇതാണ് ഇപ്പോള്‍ 24 മണിക്കൂര്‍ നിന്നും 25 മണിക്കൂറാകാന്‍ കാരണം. സമീപ ഭാവിയില്‍ തന്നെ ഇത് നിലവില്‍ വരുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അതോടെ, സമയത്തിന്റെ കാര്യത്തില്‍ വെപ്രാളം പിടിക്കുന്നവര്‍ക്കു നിത്യേന ഒരു മണിക്കൂര്‍ അധികമായി കിട്ടും. കൊളമ്പിയ സര്‍വ്വകലാശാല, വിസ്‌കോണ്‍സിന്‍-മാഡിസണ്‍ സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച പഠനത്തില്‍ പറയുന്നത് നൂറ് കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ 18 മണിക്കൂറെ ഉണ്ടായിരുന്നുള്ളു എന്നാണ്. നിലവില്‍ 384,000 കിമി അകലെയാണ് ചന്ദ്രന്‍. എന്നാല്‍ ഓരോ വര്‍ഷവും 3.82 സെന്റി മീറ്റര്‍ ദൂരത്തിലേക്ക് ചന്ദ്രന്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെ നീങ്ങി നീങ്ങി ചന്ദ്രന്‍ ഭൂമിയുടെ പരിധി വിട്ടു പോകുമോയെന്ന് ആരെങ്കിലും സംശയിച്ചാല്‍ ശാസ്ത്രമല്ലേ, ഇപ്പോഴൊന്നും പറയാന്‍ പറ്റില്ലെന്നു മാത്രമേ പറയാന്‍ കഴിഞ്ഞു. അനന്തമജ്ഞാതമവര്‍ണ്ണനീയം, അതിലെങ്ങാണ്ടൊരിടത്തിരിക്കുന്ന മര്‍ത്ത്യന്‍ കഥയെന്തു കണ്ടു?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക